Subscribe Us

India’s only double coconut tree artificially pollinated|കായയുടെ ഭാരം 25 കിലോ, വില രണ്ട് ലക്ഷം രൂപ; അപൂർവ വിത്ത്, നേട്ടത്തിനു പിന്നിൽ മലയാളി ഗവേഷകൻ!

കൊല്‍ക്കത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കൊക്കോ ഡി മെര്‍ മരം...

ലോകത്തില്‍ അപൂര്‍വമായി കാണുന്ന ഒരു വൃക്ഷം. ആ വൃക്ഷത്തിന് ഇന്ത്യന്‍മണ്ണില്‍ വേരുകള്‍ പാകിയത് ഒരു ബ്രിട്ടീഷുകാരന്‍. ആയിരം വര്‍ഷം ആയുസുള്ള, പൂവണിയാന്‍ ഒരു നൂറ്റാണ്ടു വേണ്ടുന്ന ആ മരത്തിന് പരാഗണം നടത്തി വിത്ത് വിളയിപ്പിച്ചത് ഒരു മലയാളി. കൊല്‍ക്കത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ലേഡി കോക്കനട്ട് ട്രീയുടെ കൗതുകകരമായ കഥ. ആ കഥയില്‍ ഡോ. ഹമീദ് എന്ന മലയാളി സസ്യശാസ്ത്രജ്ഞന്റെ പങ്ക്. മലയാളിക്ക് അഭിമാനം നല്‍കുന്ന ഈ നേട്ടം പക്ഷേ ആരറിഞ്ഞു.

ഡോ. എസ് എസ് ഹമീദ്

ആയുസ്സ് ആയിരം വര്‍ഷം, ഉയരം 110 അടിവരെ, വര്‍ഷത്തില്‍ ഒരില മാത്രം, ഇലയ്ക്ക് മുപ്പതടി നീളം, പൂക്കാനെടുക്കുന്നത് ഒരു നൂറ്റാണ്ട്, കായയുടെ ഭാരം 25 കിലോ, അതിന്റെ മതിപ്പ് വില രണ്ട് ലക്ഷം രൂപ വരെ. അദ്ഭുതകരമായ പ്രത്യേകതകളുള്ള ഈ അപൂര്‍വമരമുള്ളത് വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രം. ആ രാജ്യങ്ങളില്‍ ഒന്നിന്റെ പേര് ഇന്ത്യയെന്നാണ്.

പനയോ തെങ്ങോ അല്ല, എന്നാല്‍ രണ്ടുമാണെന്ന് തോന്നുന്ന ആ മരത്തിന്റെ കഥയിങ്ങനെ...

ഡോ. എസ് എസ് ഹമീദ്

ബ്രിട്ടീഷ് ഭരണകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 136 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1884 ല്‍ കൊല്‍ക്കത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സൂപ്രണ്ടായിരുന്ന സായിപ്പിന് ഒരു കൗതുകം തോന്നി. ദ്വീപ സമൂഹമായ സീഷെലില്‍സില്‍ കണ്ട ഒരു പ്രത്യേകവൃക്ഷത്തിന്റെ എടുത്താല്‍ പൊങ്ങാത്ത വിത്തുകള്‍ അദ്ദേഹം കൊല്‍ക്കത്തയിലെത്തിച്ചു. നട്ടുനനച്ച് കാത്തിരുന്നെങ്കിലും അതില്‍ ഒരെണ്ണം മാത്രമാണ് ഇന്ത്യയുടെ മണ്ണില്‍ വേരൂന്നി ആകാശത്തേക്ക് തലയുയര്‍ത്താന്‍ തയാറായത്. രൂപത്തില്‍ പനയോടായിരുന്നു സാദൃശ്യമെങ്കിലും രണ്ട് നാളീകേരം ചേര്‍ത്തുവച്ചതുപോലെയായിരുന്നു വിത്തുകള്‍. കൊക്കോ ഡി മെര്‍ എന്ന പേര് കൂടാതെ ഡബിള്‍ കോക്കനട്ട് ട്രീ എന്നും സീ കോക്കനട്ട് എന്നും ഇതറിയപ്പെടുന്നുണ്ട്.

പതിനെട്ടര കിലോ ഭാരമുള്ള കോകോ ഡി മെർ കായയുമായി ഡോ. ഹമീദും സംഘവും

ആ ഇരട്ടത്തെങ്ങിൽ പൂക്കളുണ്ടായി കാണാനുള്ള യോഗം പക്ഷേ അതിനെ ഇന്ത്യയിലെത്തിച്ച സര്‍ ജോര്‍ജ് കിങ് എന്ന സൂപ്രണ്ടിനോ പരിപാലിച്ചു വളര്‍ത്തിയ ജീവനക്കാര്‍ക്കോ ഉണ്ടായിരുന്നില്ല, അവരൊക്കെ മരിച്ച് മണ്ണടിഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് അതായത് ഒരു നൂറ്റാണ്ട് വേണ്ടിവന്നു അത് പൂവിടാന്‍. ഇരുപത് മീറ്ററോളം ഉയരത്തിലെത്തിയ മരം ആണോ പെണ്ണോ എന്ന ആകാംക്ഷയ്ക്കും അതോടെ അവസാനമായി. ആദ്യമായി പൂവണിഞ്ഞ 1988 ല്‍ അതൊരു ലേഡി കോക്കനട്ട് ട്രീ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അന്നുമുതല്‍ വര്‍ഷാവര്‍ഷം ആ പെണ്‍മരം പൂത്തുകൊണ്ടിരുന്നു. ആണ്‍പൂക്കളും പെണ്‍പൂക്കളും ഒരേ ചെടിയില്‍ ഇല്ലാത്ത വിഭാഗത്തില്‍പ്പെട്ടതിനാല്‍ പരാഗണം നടക്കാതെ പൂക്കളൊക്കെ വാടിക്കരിഞ്ഞു. അടുത്ത പ്രദേശത്തൊന്നും ഇണമരമില്ലാത്തതിനാല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ നിസ്സഹായരായി അതിന് സാക്ഷികളായി.

കൊല്‍ക്കത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കൊക്കോ ഡി മെര്‍ മരത്തിന്റെ ഇല...

ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു മരത്തിന് ശാപമോക്ഷം നല്‍കാന്‍ കാലം കാത്തുവച്ചിരുന്നത് ഇങ്ങ് തെക്കേയറ്റത്തെ നാളീകേരത്തിന്റെ നാട്ടില്‍ നിന്നൊരാളെ. ഇരട്ടത്തെങ്ങുമരം പൂത്ത് ഒരു വ്യാഴവട്ടം പിന്നിട്ടപ്പോഴാണ് തിരുവനന്തപുരം വെമ്പായം സ്വദേശിയായ ഡോ. എസ് എസ് ഹമീദിന് ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സസ്യശാസ്ത്രജ്ഞനായി ജോലി ലഭിക്കുന്നത്. ഡോ ഹമീദും പാഴായിക്കൊഴിഞ്ഞുപോകുന്ന പൂക്കളെ നിരാശയോടെ നാലുവര്‍ഷം നോക്കിനിന്നു. എങ്ങനെയെങ്കിലും ലോകത്തിന്റെ ഏത് ഭാഗത്തു നിന്നായാലും ഒരു ആണ്‍മരത്തിന്റെ പൂക്കളെത്തിച്ച് കൃത്രിമപരാഗണം നടത്തുന്നതിനെക്കുറിച്ച് ആദ്യമായി ഹമീദ് ചര്‍ച്ച ചെയ്തു. പക്ഷേ അതൊരു ഹെര്‍ക്ക്യുലീയന്‍ ടാസ്‌ക്കായിരുന്നു. അമ്മമരം സീഷെല്‍സിലാണ്. അവിടെ ആണ്‍മരങ്ങളുണ്ടാകും. പക്ഷേ പൂക്കള്‍ ഇന്ത്യയിലെത്തിക്കുക അത്ര പ്രായോഗികമല്ല, പലരും നിരുത്സാഹപ്പെടുത്തി, ചിലര്‍ പിന്തുണയറിയിച്ചു.

ലോകത്താദ്യമായി ഡബിള്‍ കോക്കനട്ട് ട്രീയിൽ കൃത്രിമ പരാഗണിലൂടെ വിരിഞ്ഞ കുഞ്ഞുകായകള്‍

അയല്‍രാജ്യമായ ശ്രീലങ്കയിലെ പരഡേനിയ ബോട്ടാണിക് ഗാര്‍ഡനില്‍ ആണ്‍മരമുണ്ട്. ഡോ. ഹമീദും സംഘവും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ലങ്കയില്‍ നിന്ന് പരാഗണരേണുക്കള്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങി. സര്‍ക്കാര്‍ ഇടപെട്ടതോടെ 2006 ല്‍ ലങ്കയില്‍ നിന്ന് ഐസ് പെട്ടികളില്‍ ആണ്‍പൂക്കള്‍ കൊല്‍ക്കത്തിയിലെത്തി. കൊല്‍ക്കത്തക്കാരനായ ഒരു വ്യവസായിയാണ് അന്ന് പൂക്കള്‍ ഗാര്‍ഡനിലെത്തിക്കാന്‍ സഹായിച്ചതെന്ന് ഹമീദ് ഓര്‍ക്കുന്നു. എന്തായാലും പ്രത്യേകം പണിയിപ്പിച്ച സ്റ്റീല്‍ ഏണിവഴി പെണ്‍മരത്തിന്റെ മുകളിലെത്തി പൂമ്പൊടിയുപയോഗിച്ച് അതീവശ്രദ്ധയോടെ കൃത്രിമ പരാഗണം നടത്തി. പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രതീക്ഷ വിടാതെ ഡോ. ഹമീദ് അടുത്ത പൂക്കാലത്തിനായി കാത്തിരുന്നു, വീണ്ടും കൃത്രിമപരാഗണം, അപ്പോഴും നിരാശ. തുടര്‍ച്ചയായി ആറ് വര്‍ഷം ഡോ. ഹമീദും സംഘവും ശ്രമം തുടര്‍ന്നു. എല്ലാ ശ്രമങ്ങളും പൂര്‍ണമായും പരാജയപ്പെട്ടതോടെ ആ പാഴ്‌വേല അവസാനിപ്പിക്കാമെന്ന അഭിപ്രായമുയർന്നു.

കൊല്‍ക്കത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കൊക്കോ ഡി മെര്‍ മരത്തിന്റെ വിത്ത് മുളച്ചപ്പോൾ...

ആണ്‍പൂക്കളുടെ ശേഷിക്കുറവ്, പൂമ്പൊടി പെണ്‍മരത്തിലെത്തുന്നതിലെ കാലതാമസം, അല്ലെങ്കില്‍ പെണ്‍മരത്തിന്റെ കുഴപ്പം. ദൗത്യം പരാജയപ്പെട്ടതിന് പല കാരണങ്ങളും ഉയര്‍ന്നുവന്നു. പക്ഷേ ആഭിജാത്യത്തോടെ തലയുയര്‍ത്തി നിറയൗവനത്തോടെ പൂവണിഞ്ഞുനില്‍ക്കുന്ന പെണ്‍മരത്തെ നോക്കുമ്പോഴൊക്കെ ഡോ ഹമീദിന്റെ മനസ് പറഞ്ഞു, ഇവള്‍ കരുത്തയാണ്. പാതിവഴിയില്‍ അവസാനിപ്പിച്ച ആ ശ്രമം എന്തുകൊണ്ടോ തന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നെന്നും അദ്ദേഹം പറയുന്നു. ആ സ്വസ്ഥതക്കേടിന്റെ ദിവസങ്ങളിലൊന്നിലാണ് തോമസ് ആല്‍വ എഡിസനെക്കുറിച്ചുള്ള പുസ്തകം ഡോ ഹമീദിന്റെ കൈകളിലെത്തിയത്. തുടങ്ങിവച്ച ഒരു പ്രവൃത്തിയും ഉപേക്ഷിക്കരുത്. അവസാനം വരെ കൊണ്ടുപോകണം എന്ന മഹദ് വാക്യത്തില്‍ ഡോ ഹമീദിന്റെ മനസുടക്കി. പാതിവഴിയില്‍ ഉപേക്ഷിച്ച തന്റെ ദൗത്യം തുടരണമെന്ന് മനസ് പറഞ്ഞു.

ലോകത്താദ്യമായി ഡബിള്‍ കോക്കനട്ട് ട്രീയിൽ കൃത്രിമ പരാഗണിലൂടെ വിരിഞ്ഞ കുഞ്ഞുകായകള്‍

തായ്‌ലന്‍ഡിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ (Nong Nooch Tropical Garden) 48 ആണ്‍മരങ്ങളുണ്ടെന്നറിഞ്ഞു. പിന്നെ താമസിച്ചില്ല തായ്‌ലന്‍ഡില്‍ നിന്ന് പൂക്കളെത്തിക്കാനായി ശ്രമം. തായ്‌ലൻഡിലെ മരങ്ങളില്‍ ആണ്‍പൂക്കള്‍ നിറഞ്ഞതോടെ അതിരാവിലെ ശേഖരിച്ച പൂക്കള്‍ വൈകുന്നേരത്തെ വിമാനത്തില്‍ ഗാര്‍ഡന്‍ അധികൃതര്‍ കൊല്‍ക്കത്തയ്ക്ക് അയച്ചു. മുഴുവന്‍ വിടരുന്നതിന് മുമ്പ് ശേഖരിച്ചയച്ച പൂക്കള്‍ക്ക് പ്രതിഫലം പോലും ആവശ്യപ്പെട്ടിരുന്നില്ലെന്ന് നന്ദിയോടെ പറയുന്നു ഡോ ഹമീദ്. കൊല്‍ക്കത്തയിലെ പെണ്‍മരത്തില്‍ പൂക്കള്‍ പാകമാകുന്നതു വരെ പൂമ്പൊടികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. ഒരു മാസത്തിന് ശേഷം 2013 ആഗസ്റ്റ് 17 ന് പരാഗണം നടത്തി, 19 ന് അതാവര്‍ത്തിച്ചു. വലിയ പ്രതീക്ഷയൊന്നുമില്ലാഞ്ഞതിനാല്‍ താന്‍ പൂനെയ്ക്ക് വിനോദയാത്രപോയെന്നും തിരികെയെത്തിയത് 25 ദിവസം കഴിഞ്ഞായിരുന്നെന്നും ഡോ ഹമീദ് വ്യക്തമാക്കി. തിരിച്ചെത്തിയപ്പോള്‍ പെണ്‍മരത്തിന്റെ പരിചരണം ഏല്‍പ്പിച്ചിരുന്ന ആള്‍ പറഞ്ഞു സര്‍ എന്തോ മാറ്റമുള്ളതുപോലെ തോന്നുന്നു എന്ന്. ഏണി വഴി കയറി മുകളിലെത്തി പരിശോധിച്ചപ്പോള്‍ നിന്നനില്‍പ്പില്‍ താന്‍ വിറച്ചുപോയെന്ന് ഡോ.ഹമീദ്. ചരിത്രപരമായ ദൗത്യം വിജയത്തിലേക്ക്. ആ കാഴ്ച്ച നല്‍കിയ സന്തോഷത്തില്‍ എങ്ങനെയോ താഴെയെത്തി താന്‍ ഇരുന്നുപോയെന്ന് പറയുമ്പോള്‍ ഇന്നും ഡോ ഹമീദിന്റെ വാക്കുകള്‍ വിറകൊള്ളുന്നു. ' ആദ്യം ചെയ്തത് മധുരപലഹാരങ്ങള്‍ വാങ്ങാന്‍ ആളെ അയക്കുകയായിരുന്നു, എല്ലാവര്‍ക്കും മധുരം നല്‍കി ആ വലിയ വിജയം അന്ന് ഞങ്ങള്‍ ആഘോഷിച്ചു.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ അഭിമാനം വാനോളമുയര്‍ത്തി ലോകത്താദ്യമായി ഡബിള്‍ കോക്കനട്ട് ട്രീയിലെ കൃത്രിമപരാഗണം വിജയിച്ചിരിക്കുന്നു. രണ്ട് കുഞ്ഞുകായകള്‍ ആ പെണ്‍മരത്തിന്റെ നെറുകയില്‍ പറ്റിച്ചേര്‍ന്ന് വളരുന്ന കാഴ്ചയോളം അഭിമാനകരമായി മറ്റൊന്ന് തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് പറയും ഡോ ഹമീദ്. അവിടെയും തീര്‍ന്നില്ല അദ്ഭുതമരത്തിന്റെ വിശേഷങ്ങള്‍. 2013 ല്‍ ജനിച്ച ആ കായകള്‍ വളരെ പെട്ടെന്ന് വലുപ്പം വച്ചുതുടങ്ങിയെങ്കിലും മൂത്ത് പാകമാകാനെടുത്തത് ആറര വര്‍ഷം. ഭാരമേറിയ കായകള്‍ താഴെ വീണ് കേട് വരാതെ നെറ്റ് കെട്ടിയാണ് കാത്തുസൂക്ഷിച്ചത്. കാത്തിരിപ്പിനൊടുവില്‍ 2020 ഫെബ്രുവരി 18ന് കായകളില്‍ ഒന്ന് തനിയെ അടര്‍ന്ന് താഴെയുണ്ടായിരുന്ന നെറ്റില്‍ വീണു, പിന്നാലെ ഫെബ്രുവരി 27 ന് രണ്ടാമത്തെ വിത്തും സുരക്ഷിതമായി നെറ്റിലേക്ക് പതിച്ചു. സാധാരണ ഈ കായകള്‍ക്ക് 25 കിലോ വരെ ഭാരം വരുമെങ്കിലും പതിനെട്ടരയും എട്ടരക്കിലോയും ഭാരമുള്ള കായകളാണ് ഡോ.ഹമീദിന് ലഭിച്ചത്. ഒരു വലിയ മെറ്റല്‍ കല്ല് പൊക്കുന്ന കനമാണവയ്ക്കെന്ന് ഡോ ഹമീദ് വിശദീകരിച്ചു

ആറ് മാസം ഡാര്‍ക്ക് റൂമില്‍ വിത്തുകള്‍ സൂക്ഷിച്ചതിന് ശേഷം രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അവ പാകി കാത്തിരിക്കുകയാണ് ഡോ ഹമീദും സംഘവും. അതിലൊന്ന് ഉറപ്പായും ആണ്‍മരമാകുമെന്ന ശുഭപ്രതീക്ഷയുണ്ട് അദ്ദേഹത്തിന്. അങ്ങനെയെങ്കില്‍ സ്വാഭാവിക പരാഗണത്തിലൂടെ കൊല്‍ക്കത്ത ഗാര്‍ഡനില്‍ ആ അപൂര്‍വമരങ്ങള്‍ ഒരുപാട് തഴച്ചുവളരും. സാങ്കേതികവിദ്യ വളര്‍ന്നതിനാല്‍ കള്‍ട്ടിവേഷന്‍ നടത്തി മരം പൂക്കുന്നതിന്റെ കാലദൈര്‍ഘ്യം കുറച്ചു. നൂറ്റാണ്ടു വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ മുപ്പത് നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ ലോഡോസിയ മാല്‍ഡിവിക്ക (Lodoicea maldivica) എന്ന് ബൊട്ടാണിക്കല്‍ പേരുള്ള ഈ മരം പൂക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്ര സാഹസപ്പെട്ട് ഇവ വളര്‍ത്തിയിട്ട് എന്തിനാണെന്നാണെങ്കില്‍ ആഗോളതലത്തില്‍ വംശനാശഭീഷണിയിലാണ് ഡബിള്‍ കോക്കനട്ട് ട്രീ. അമൂല്യമായ ഔഷധമൂല്യമുള്ളതാണ് ഇതിന്റെ വിത്തുകള്‍. പ്രമുഖ ആയുര്‍വേദ, സിദ്ധ മരുന്നു കമ്പനികള്‍ കാത്തിരിക്കുകയാണ് ഈ കായകള്‍ക്കായി. നൊങ്ക് എടുത്തതിന് ശേഷമുള്ള ചിരട്ടകള്‍ പോലും ഇരുപതിനായിരത്തിലധികം രൂപയ്ക്കാണ് വിറ്റുപോകുന്നത്. കൗതുകത്തിന്റെയും ചില വിശ്വാസങ്ങളുടെും പേരില്‍ സമ്പന്നര്‍ ഇവ സ്വന്തമാക്കുകയാണ് പതിവ്.

 

ഇത്രയൊക്കെ സംഭവങ്ങള്‍ ഇന്ത്യയുടെ അഭിമാനമായ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടന്നെങ്കിലും ഇതൊന്നും അധികമാരും ശ്രദ്ധിച്ചില്ല. ഒന്നോ രണ്ടോ ദേശീയ പത്രങ്ങളില്‍ രണ്ട് കോളം വാര്‍ത്തവന്നു. മലയാളിയായ ഒരു ശാസ്ത്രജ്ഞന്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ആ ചരിത്ര ദൗത്യം പക്ഷേ കേരളം അറിഞ്ഞില്ല. ആരെങ്കിലും അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചുമില്ല. എങ്ങനെയാണ് അങ്ങയുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെട്ടതെന്ന ചോദ്യത്തിന് വിദേശികളുടെ സന്തോഷവും അഭിനന്ദനങ്ങളും ഒരുപാടുണ്ടായി എന്ന മറുപടി മാത്രമേ ഡോ ഹമീദിനുള്ളു.രാജ്യാന്തര ജേർണലായ നേച്ചറില്‍ പബ്ലിഷ് ചെയ്യേണ്ട ഗവേഷണഫലമാണിതെന്ന് വിദേശികൾ ചൂണ്ടിക്കാണിച്ചു. പക്ഷേ ഇന്ത്യയിലെ ഏതെങ്കിലും ലീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് പബ്ലിഷ് ചെയ്ത് കാണാനായിരുന്നു ഡോ. ഹമീദിന് ആഗ്രഹം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ 'കറന്റ് സയന്‍സ്' ഡോ ഹമീദിന്റെ ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചു. സഹപ്രവര്‍ത്തകരെല്ലാവരും ഒറ്റക്കെട്ടായി കൂടെയുണ്ടോയിരുന്നോ എന്ന ചോദ്യത്തിന് പുറത്തു നിന്നാണ് അതിലുമധികം പിന്തുണ ലഭിച്ചതെന്നായിരുന്നു മറുപടി. മുതിര്‍ന്ന സസ്യശാസ്ത്രജ്ഞനായ ഡോ ഹമീദ് ഇപ്പോള്‍ കൊല്‍ക്കത്ത ഗാര്‍ഡനിലെ ജോയിന്റ് ഡയറക്ടറാണ്.

ഇതിനിടെ അമ്മമരം ഫംഗസ് ബാധമൂലം അനാരോഗ്യത്തിലേക്ക് വഴുതിവീണു. എന്നാല്‍ ശ്രദ്ധാപൂര്‍വമായ പരിചരണവും ശുശ്രൂഷയും പ്രാര്‍ത്ഥനയും അതിനെ ആരോഗ്യവതിയാക്കുന്നുണ്ടെന്ന് ഡോ ഹമീദ് പറഞ്ഞു. തായ്‌ലന്‍ഡില്‍ നിന്നെത്തിച്ച പൂമ്പൊടി ശേഖരിച്ചുവച്ചതിനാല്‍ എല്ലാ വര്‍ഷവും കൃത്രിമപരാഗണം നടത്താറുണ്ടായിരുന്നു. പക്ഷേ പിന്നീട് വിത്തുകള്‍ ഉണ്ടായിട്ടില്ല, ഇപ്പോള്‍ പൂക്കുന്നുമില്ല. എങ്കിലും അദ്ദേഹം പറയുന്നു, ' എഡിസന്റെ വാക്കുകളാണ് എനിക്കും ലോകത്തോട് പറയാനുള്ളത്. ഏറ്റെടുത്തതൊന്നും നിങ്ങള്‍ ഉപേക്ഷിക്കരുത്. ചിലപ്പോള്‍ വിജയത്തിന്റെ തൊട്ടടുത്തായിരിക്കും നിങ്ങള്‍ .പുരസ്‌കാരങ്ങളും ആദരവും തേടിവന്നില്ലെങ്കിലും ഈ ശാസ്ത്രജ്ഞന് ആവോളം സന്തോഷവും സംതൃപ്തിയുമുണ്ട്. കാരണമുണ്ട്, ഈ മനുഷ്യന്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നത് ചെടികളെയും മരങ്ങളെയുമാണ്. ഒന്നും പ്രതീക്ഷിക്കാതെ കൊള്ളാനും കൊടുക്കാനും പഠിപ്പിക്കാന്‍ അവരില്‍ നിന്ന് എന്നേ അദ്ദേഹം പഠിച്ചു കഴിഞ്ഞു.

English Summary: India’s only double coconut tree artificially pollinated

Post a Comment

0 Comments

CLOSE ADS


CLOSE ADS