What are producer companies?
Company formation.
കോവിഡ്-19 മഹാമാരി വിതച്ച ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം, സ്വന്തമായി കൃഷിചെയ്തും കൃഷി അനുബന്ധ വ്യവസായങ്ങൾ ചെയ്തും ജീവിക്കാം എന്ന് ഉറപ്പുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു മേഖലയാണ് ‘ഫാർമർ പ്രൊഡ്യൂസർ കമ്പനി’കളിലൂടെയുള്ള സംരംഭങ്ങൾ.
മറ്റു മേഖലകളെ അപേക്ഷിച്ച് ഒട്ടേറെ ആനുകൂല്യങ്ങൾ ഉണ്ടെന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. കൈത്തറി സംരംഭങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ പ്രവർത്തിപ്പിക്കാനാകും.
എന്താണ് പ്രൊഡ്യൂസർ കമ്പനികൾ?
1956-ലെ കമ്പനി നിയമത്തിൽ 2002 ഫെബ്രുവരി മാസം ആറാം തീയതി കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ പ്രൊഡ്യൂസർ കമ്പനികൾ എന്ന ആശയം നിലവിൽ വന്നത്. 1956-ലെ കമ്പനി നിയമത്തിലെ 581 എ മുതൽ 581 സെഡ്.ടി. വരെയുള്ള വകുപ്പുകളാണ് ഇന്ത്യയിൽ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
1956-ലെ കമ്പനി നിയമം മാറി 2013-ലെ പുതിയ കമ്പനി നിയമം വന്നപ്പോഴും പഴയ നിയമത്തിലെ വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടാണ് ഇപ്പോഴും പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത്.
ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ പ്ലാനിങ് കമ്മിഷൻ അംഗവുമായിരുന്ന യോഗീന്ദർ കെ. അലഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസർ കമ്പനികളുടെ ഉത്ഭവം.
സഹകരണ തത്ത്വങ്ങളും കമ്പനി നിയമങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തന രീതിയാണ് പ്രൊഡ്യൂസർ കമ്പനികൾക്ക്. സഹകാരികളെക്കൊണ്ട് കമ്പനി നിയമത്തിന്റെ കീഴിലുള്ള പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്നതിനും നിലവിലുള്ള ചില സഹകരണ സ്ഥാപനങ്ങളെ (മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പോലുള്ളവ) പ്രൊഡ്യൂസർ കമ്പനികളായി മാറ്റുന്നതിനുമുള്ള വ്യവസ്ഥകളാണ് ഈ നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത്.
കമ്പനി രൂപവത്കരണം
കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി പ്രൊഡ്യൂസർ കമ്പനികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. അംഗീകൃത മൂലധനത്തിനനുസരിച്ച് ഒരു ചെറിയ തുക ഫീസ് ആയി അടയ്ക്കേണ്ടതുണ്ട്.
1. ഉത്പാദകർക്കോ ഉത്പാദക സ്ഥാപനങ്ങൾക്കോ ആയാണ് അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നത്.
2. വോട്ടവകാശം ഒരാൾക്ക് ഒരു വോട്ട് എന്ന രീതിയിലാണ്. ലിമിറ്റഡ് കമ്പനികളുടേതുപോലെ അടച്ചുതീർക്കപ്പെട്ട ഓഹരി മൂലധനത്തിന് അനുസരിച്ചല്ല.
3. പത്തോ അതിലധികം ഉത്പാദകരോ അല്ലെങ്കിൽ രണ്ടോ അതിലധികം ഉത്പാദക സ്ഥാപനങ്ങളോ അല്ലെങ്കിൽ പത്തോ അതിലധികമോ ഉത്പാദകരുടെയും ഉത്പാദക സ്ഥാപനങ്ങളുടെയും ഒരു കൂട്ടായ്മയ്ക്കോ പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാവുന്നതാണ്.
4. സെക്ഷൻ 581എ-യിൽ പറഞ്ഞിരിക്കുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രമേ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കാവൂ. കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളും തേനീച്ചവളർത്തൽ മുതൽ കൈത്തറി വ്യവസായങ്ങളും മറ്റു കുടിൽ വ്യവസായങ്ങളുമാണ് പ്രസ്തുത വകുപ്പിൽ പറഞ്ഞിരിക്കുന്നത്.
5. അംഗങ്ങളുടെ ലയബിലിറ്റി മറ്റു പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ പോലെ ലിമിറ്റഡ് ആയിരിക്കും. പരമാവധി അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല.
6. ചുരുങ്ങിയ അടച്ചുതീർക്കപ്പെട്ട ഓഹരിമൂലധനം അഞ്ചുലക്ഷം രൂപ ആയിരിക്കും. ഓഹരികൾ നിയന്ത്രിതമായ രീതിയിൽ കൈമാറ്റം ചെയ്യാവുന്നതാണ്.
7. അഞ്ചു മുതൽ പരമാവധി 15 വരെ അംഗങ്ങളുള്ള ഒരു ഡയറക്ടർ ബോർഡ് ആണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
8. ഒരു ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ (സി.ഇ.ഒ.) നിയമനം നിർബന്ധമാണ്. അദ്ദേഹം എക്സ് ഒഫീഷ്യോ ഡയറക്ടർ ആയിരിക്കും. പക്ഷേ, വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. അദ്ദേഹത്തെ നിയമിക്കാനുള്ള അവകാശം ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ നിക്ഷിപ്തമായിരിക്കും.
9. വിതരണത്തിനും വിപണനത്തിനും വേണ്ടി അംഗങ്ങളിൽനിന്ന് സമാഹരിക്കുന്ന ഉത്പന്നങ്ങൾക്ക് വില നിർണയിക്കുന്നതിനുള്ള അവകാശം ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ നിക്ഷിപ്തമായിരിക്കും. ആ തുക പണമായോ ഓഹരിയായോ മറ്റു രീതിയിലോ അംഗങ്ങൾക്ക് വിതരണം ചെയ്യാവുന്നതാണ്. അംഗങ്ങൾക്ക് തങ്ങളുടെ ഓഹരി മൂലധനത്തിന് അനുസരിച്ച് ബോണസ് ഓഹരികൾക്ക് അർഹതയുണ്ടായിരിക്കും.
10. ഉത്പാദനത്തെയും ഉത്പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പേട്രണേജ് ബോണസ് (Patronage Bonus) എന്ന ഒരു രീതി കൊണ്ടുവന്നിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക അംഗങ്ങൾക്ക് അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന രീതിയാണിത്. ഈ തുക നിശ്ചയിക്കുന്നതിനുള്ള അധികാരം ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ നിക്ഷിപ്തമായിരിക്കും.
11. കമ്പനിയുടെ രൂപവത്‌കരണവും കണക്കുകളുടെ ഓഡിറ്റിങ്ങും വാർഷിക പൊതുയോഗവും ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അധികാരങ്ങളും മറ്റു കാര്യങ്ങളുമെല്ലാം കമ്പനീസ് ആക്ടിന്റെ വ്യവസ്ഥകൾക്കനുസരിച്ചാണ് നീങ്ങേണ്ടത്.
12. കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ഓഫ് കമ്പനീസിനാണ് പ്രൊഡ്യൂസർ കമ്പനികൾക്കുമേൽ നിയന്ത്രണാധികാരം ഉള്ളത്.
13. ഇൻകം ടാക്സ് ആക്ട് 1961-ന്റെ സെക്ഷൻ 10 (1) പ്രകാരം അഗ്രികൾച്ചറൽ ഇൻകം, ഇൻകം ടാക്സിന് വിധേയമല്ലെങ്കിൽക്കൂടി പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തന മേഖലയ്ക്ക് അനുസൃതമായിട്ടായിരിക്കും ഇൻകം ടാക്സിൽനിന്ന് ഒഴിവ് ലഭിക്കുന്നത്.
10 ലക്ഷം വരെ സഹായധനവും ഈടില്ലാത്ത വായ്പയും
കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി.), ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്നതിനു വേണ്ടി, വിവിധ സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ 2014 മുതൽ തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരം കമ്പനികളുടെ അടച്ചുതീർക്കപ്പെട്ട മൂലധനത്തിന് അനുസരിച്ച് 10 ലക്ഷം രൂപ വരെ ഓരോ പ്രൊഡ്യൂസർ കമ്പനികൾക്കും ഗ്രാന്റ് ആയി നൽകി, പ്രൊഡ്യൂസർ കമ്പനികളുടെ മൂലധന പര്യാപ്തത നടപ്പിൽ വരുത്താനും അതുപോലെ ‘ക്രെഡിറ്റ് ഗാരന്റി ഫണ്ട്’ എന്ന പേരിൽ പ്രൊഡ്യൂസർ കമ്പനികൾക്ക് ബാങ്കിൽ നിന്ന് ഒരു കോടി രൂപ വരെ ഈടില്ലാത്ത വായ്പ എടുക്കാനുള്ള പദ്ധതിയും നിലവിലുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ 10,000 പുതിയ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുമെന്ന് 2019 ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 60 ശതമാനത്തിലധികം ജനങ്ങളും കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു രാജ്യത്ത് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ നബാർഡ്, സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി.), നാഷണൽ ഹോർട്ടി കൾച്ചറൽ ബോർഡ് പോലുള്ള സ്ഥാപനങ്ങൾ പ്രൊഡ്യൂസർ കമ്പനികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
0 Comments