പരിചയപ്പെടുത്തിക്കൊടുക്കണമെന്ന നിർദേശം ഗവേഷകർ മുന്നോട്ടു വച്ചത് ‘ജേണൽ ഓഫ് ഫിഷ് ബയോളജി’യിലാണ്. അതില്‍ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ടാണ് ഇപ്പോൾ ഗംഗയുടെ ആഴങ്ങളിലെ ‘ജൈവ രഹസ്യ’ങ്ങളെക്കുറിച്ചുള്ള ചർച്ച പൊടി തട്ടിയെടുത്തിരിക്കുന്നത്.
ലോകത്തിൽത്തന്നെ ഏറ്റവും അപൂര്‍വമായ ശുദ്ധജല സ്രാവുകൾ ജീവിക്കുന്നുണ്ട് ഗംഗയിൽ. ‘ഗാൻജസ് റിവർ ഷാർക്’ എന്നറിയപ്പെടുന്ന തരം സ്രാവുകളെ അതീവ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ടു വർഷം മുൻപ് മുംബൈയിലെ ഒരു മത്സ്യമാർക്കറ്റിൽ ഈ സ്രാവിനെ വിൽപനയ്ക്കു വച്ചതായി കണ്ടെത്തിയതിന്റെ വിവരങ്ങളാണു ജേണലിലൂടെ പുറത്തുവിട്ടത്. മുംബൈ സെന്റ് സേവ്യർ കോളജിലെ വിദ്യാർഥിനിയായ ഇവാൻ നസ്റത്ത് ആണ് ഇതിനെ തിരിച്ചറിഞ്ഞ് ചിത്രങ്ങളെടുത്തു ഗവേഷകർക്ക് അയച്ചു കൊടുത്തത്. ലേലത്തിനു വച്ച ഈ സ്രാവിനെ െവട്ടിമുറിച്ചു വിൽക്കുന്നതിനു തൊട്ടുമുൻപായിരുന്നു നസ്റത്ത് ചിത്രങ്ങൾ പകർത്തിയത്. ഏറ്റവും കൂടിയ വില നൽകുന്നയാൾക്കു വിൽക്കുമെന്നതിനാൽ ഇതിന്റെ സാംപിളുകളൊന്നും ശേഖരിക്കാനും വിദ്യാർഥിനിക്കു സാധിച്ചില്ല.
എന്നാൽ ഗവേഷകർക്കു നേര്‍ത്തൊരു പ്രതീക്ഷയാണ് ഇതു നൽകുന്നത്. കാരണം 2006ലാണ് അവസാനമായി ഒരു ഗാൻജസ് സ്രാവിനെ ലോകം അവസാനമായി കാണുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഒരുപക്ഷേ ഈ സ്പീഷീസിൽപ്പെട്ട ലോകത്തിലെ അവസാനത്തെ സ്രാവു പോലുമായിരിക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിലും നദികളിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഈ സ്രാവിനു വേണ്ടി ഗവേഷകർ തിരച്ചിൽ നടത്തുകയാണ്. 1996ലാണ് ആദ്യമായി ഇതിനെ ഗംഗാനദിയിൽ കണ്ടെത്തുന്നത്. അതിനു ശേഷം ഇന്നും ഗവേഷകർക്കു മുന്നിൽ ഒരു അദ്ഭുതമായി തുടരുകയാണ് ഇത്.
സമുദ്രവും നദികളും ചേരുന്ന ഭാഗത്താണു പ്രധാനമായും ഇവയെ കാണുക. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്നേവരെ ഇവയെ കണ്ടെത്താനായിട്ടില്ല. എങ്ങിനെയാണ് ഇവ ഗംഗയിലെത്തിയതെന്നും ഇവിടെ ജീവിക്കുന്നതെന്നും പോലും ഗവേഷകർക്ക് അറിയില്ല. അതീവ മൂർച്ചയുള്ള നേർത്ത പല്ലുകളും മുതുകിലെ മുള്ളുകളുടെ നിരയിലെ പ്രത്യേകതകളുമാണ് ഈ സ്രാവിനെ മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ‘ബുൾ ഷാർക്കു’കളുമായി സാമ്യം തോന്നുമെങ്കിലും ഇവ എന്നും വേറിട്ട വിഭാഗമാണ്. ശുദ്ധജലത്തിൽ മാത്രം ഇവ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത് എങ്ങനെയെന്നും ഇതുവരെ ആർക്കും മനസ്സിലാക്കാനായിട്ടില്ല. അനേകം അടി നീളത്തിൽ വളർച്ചയുണ്ട്. മുംബൈയിൽ കണ്ടെത്തിയ സ്രാവിനു തന്നെ എട്ടടിയിലേറെ നീളമുണ്ടായിരുന്നു!
സാംപിളുകൾ ലഭിക്കാത്തതിനാൽ ഇവയുടെ ജനിതക പരിശോധനയും പലപ്പോഴും പരാജയപ്പെടുന്നു. മുംബൈയ്ക്കു വടക്കുമാറി ഒരിടത്തു നിന്നാണ് ഈ സ്രാവ് മാർക്കറ്റിലെത്തിയതെന്നായിരുന്നു വിവരം. പാക്കിസ്ഥാൻ അതിര്‍ത്തിയോടു ചേർന്നുള്ള ഇൻഡസ് നദിയിൽ ഏതെങ്കിലും വിധത്തിൽ എത്തുകയും അവിടെ നിന്നു പിടിക്കപ്പെടുകയും ചെയ്തതാകാമെന്നാണു കരുതുന്നത്. പക്ഷേ നേരത്തേ അവിടെ ഗാൻജസ് സ്രാവുകളെ കണ്ടിട്ടില്ല. അവയുടെ അവശിഷ്ടം പോലും ലഭിച്ചിട്ടില്ലെന്നതാണു സത്യം. നദികളിൽ കാണപ്പെടുന്ന തരം സ്രാവുകളുടെ ‘സ്പെസിമെനു’കൾ വളരെ അപൂർവമായേ ഗവേഷകർക്ക് ലഭിക്കാറുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ടെത്തി സൂക്ഷിച്ചിരിക്കുന്ന മാതൃകകളിൽ നിന്നുമാണ് ഇപ്പോഴത്തെ പഠനം. ഗ്രാമങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ള താടിയെല്ലുകളിൽ നിന്നുമാണ് ഇവയുടെ ‘നിലനിൽപ്’ പോലും പലപ്പോഴും ഗവേഷകർ ഉറപ്പാക്കുന്നതു തന്നെ.
അമിതമായ മത്സ്യബന്ധനവും നദീശോഷണവും മലിനീകരണവുമെല്ലാമാണ് ഇവയുടെ വംശനാശഭീഷണിക്കു പ്രധാന കാരണമാകുന്നത്. ഈ സാഹചര്യത്തിലാണ് ഗംഗാനദിക്കായുള്ള പദ്ധതികൾ തയാറാക്കുമ്പോൾ ഇത്തരം നദികളിലെ അപൂർവ ജന്തുജാലങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടത്. അപൂർവമായതും ഇതുവരെ കണ്ടെത്താത്തതുമായ ജലജീവികളെ തിരിച്ചറിയുന്നതിൽ മത്സ്യമാർക്കറ്റുകൾ പലപ്പോഴും നിർണായക പങ്കുവഹിക്കുന്നുണ്ട്. അടുത്തിടെ തായ്‌വാനിലെ ഒരു ചന്തയിലെത്തിയ കലിഫോർണിയ പസഫിക് ഷാർക് റിസർച് സെന്ററിലെ ഗവേഷകർ ഡേവിഡ് എൽബർട് കണ്ടെത്തിയത് 10 പുതിയ തരം സ്രാവുകളെയായിരുന്നു!!
0 Comments