നാട്ടില്‍ ഒരു വീടു പണിയുന്നതിനായി ഗള്‍ഫില്‍ ചോര നീരാക്കി പണിയെടുക്കുന്ന വ്യക്തി സ്വന്തം എന്‍.ആര്‍.ഇ. ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നു. നേരത്തെ ഒപ്പിട്ടു നല്‍കിയിട്ടുള്ള. ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് ഭാര്യ പണം പിന്‍വലിച്ച് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. എ.ടി.എം. കാര്‍ഡുപയോഗിച്ച് ആവശ്യാനുസരണം പണമെടുത്ത് വീടു പണി നടത്തുന്നു .ഇത് ഏതൊരു കുടുംബത്തിലും സംഭവിക്കാവുന്ന ഒന്നാണ് .
ആദായ നികുതി എന്നാല്‍ എന്താണെന്നു പോലുമറിയാത്ത ഒരു വീട്ടമ്മ മാത്രമായ ഭാര്യയ്ക്ക് ആദായ നികുതി ഓഫീസില്‍ നിന്ന് നോട്ടീസ് ലഭിക്കുന്നു. ഇത് ഈയിടെയായി പലര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന.
ഒന്നാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് പലര്‍ക്കും അത്ഭുതം തോന്നിയേക്കാം. ഈ പണമിടപാടുകള്‍ ആദായ നികുതി വകുപ്പ് എങ്ങനെ അറിഞ്ഞു?
ആദായ നികുതി നിയമത്തിലെ വകുപ്പ് 285 ബി.എ. (റൂള്‍ 114 ഇ) പ്രകാരം ഒരു സാമ്പത്തികവര്‍ഷത്തില്‍ 10 ലക്ഷം രൂപയോ
അതില്‍ കൂടുതലോ സേവിങ്‌സ് ബാങ്ക് (എസ്.ബി.) അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാല്‍ ബന്ധപ്പെട്ട ബാങ്ക്
അധികൃതര്‍ പ്രസ്തുത വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് നിയമവ്യവസ്ഥയുണ്ട് എന്നാണ് ഉത്തരം.
ഭര്‍ത്താവിന്റെ ചെക്ക് ലീഫ് ഉപയോഗിച്ച് പണം പിന്‍വലിച്ച് സ്വന്തം അക്കൗണ്ടില്‍ ഇടുന്നതിനു പകരം അതേ ചെക്ക് ലീഫ് ഉപയോഗിച്ച് തന്നെ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ (Account to Account transfer)
നടത്തിയിരുന്നെങ്കില്‍ ഈ പൊല്ലാപ്പൊന്നുമുണ്ടാകില്ലായിരുന്നു എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാനാരുമില്ലാതെ പോകുന്നു എന്നതാണ് ദുഃഖകരമായ സത്യം
പൗരന്മാരുടെ സ്വകാര്യതയ്ക്ക് അതിര്‍വരമ്പുകളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവ എത്രമാത്രമാകാം എന്നത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാകയാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ സ്വകാര്യ
വിവരങ്ങളാണ് എന്ന ഒരു നിലപാട് ഒരു നികുതിദായകനും സ്വീകരിക്കാനാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മുടെ പാന്‍, ആധാര്‍ എന്നീ രേഖകളുപയോഗിച്ച്
നികുതി വകുപ്പ് നടത്തുന്ന വിവരശേഖരണം നിയമ വിധേയമായിത്തീരുന്നതും.
അത്യന്താധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് വിവര വിശകലനം (Data analytics) നടത്താന്‍ ഒരു പുതിയ പദ്ധതി നികുതിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഏകദേശം 17 തരം
ഇടപാടുകള്‍ക്ക് റൂള്‍ 114 ബി പ്രകാരം നികുതിദായകന്‍ തന്നെ 'പാന്‍' സമര്‍പ്പിക്കണമെന്നതിനു പുറമേയാണ് മറ്റു സ്രോതസ്സുകളില്‍ നിന്നും മേൽപ്പറഞ്ഞ വകുപ്പ് 285 ബി.എ. പ്രകാരമുള്ള വാര്‍ഷിക വിവര റിട്ടേണുകള്‍ വഴി വിവര ശേഖരണം സര്‍ക്കാര്‍ നടത്തുന്നത്.
- 10 ലക്ഷം രൂപ അഥവാ അതിനുമുകളിലുള്ള തുകയ്ക്ക് ബാങ്ക് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക്, റിസര്‍വ് ബാങ്കിന്റെ പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റ്‌സ് മുതലായവ.
- ബാങ്ക് കറന്റ് അക്കൗണ്ടില്‍ നിന്നുള്ള പിന്‍വലിക്കലുകളും അവയിലേക്കുള്ള നിക്ഷേപങ്ങളും സാമ്പത്തികവര്‍ഷത്തില്‍ 50 ലക്ഷം രൂപയോ അതില്‍ കൂടുതലോ.
- ബാങ്ക്, പോസ്റ്റ് ഓഫീസ്, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, നിധി കമ്പനി, നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളിലെ പുതിയ ടേം ഡെപ്പോസിറ്റുകള്‍ (പുതുക്കലുകളൊഴികെ)- 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഒരു സാമ്പത്തിക വര്‍ഷത്തില്‍.
- ബാങ്ക്, സഹകരണബാങ്കുകള്‍, മറ്റ് ഏജന്‍സികള്‍ മുതലായവ പുറപ്പെടുവിച്ചിട്ടുള്ള ക്രെഡിറ്റ് കാര്‍ഡുകളിലേക്കുള്ള ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയുള്ള അടവുകള്‍. മറ്റു രീതിയിലുള്ള അടവുകള്‍ക്കുള്ള പരിധി - 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ.
- കമ്പനികളും മറ്റു സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന ബോണ്ടുകളും കടപ്പത്രങ്ങളും വാങ്ങുമ്പോള്‍ - ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ.
- 2013-ലെ കമ്പനി നിയമത്തിലെ വകുപ്പ് 68 പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ ഒാഹരികള്‍ തിരികെ വാങ്ങുമ്പോള്‍ (പൊതു വിപണിയില്‍ നിന്നും ഒഴികെ.- 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഒരു സാമ്പത്തികവര്‍ഷത്തില്‍.
- മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുമ്പോള്‍ (ഒരു സ്‌കീമില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റങ്ങളൊഴികെ)- ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ.അതില്‍ കൂടുതലോ.
- കമ്പനികളും മറ്റും പുറപ്പെടുവിക്കുന്ന ഓഹരികള്‍ വാങ്ങുമ്പോള്‍ (ഷെയര്‍ ആപ്ലിക്കേഷന്‍ തുക അടക്കം) സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതിലധികമോ
- 1999-ലെ വിദേശനാണ്യ വിനിമയനിയമ (ഫെമ 1999) പ്രകാരമുള്ള അംഗീകൃത ഏജന്‍സിയില്‍ നിന്നുമുള്ള വിദേശനാണ്യഇടപാടുകള്‍-സാമ്പത്തികവര്‍ഷത്തില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ.
- സ്റ്റാമ്പ് ഡ്യൂട്ടിക്കായി മൂല്യനിര്‍ണയം നടത്തുമ്പോള്‍ 30 ലക്ഷം രൂപയോ അതില്‍ കൂടുതലോ മൂല്യം കാണിക്കുന്ന സ്ഥാവര വസ്തുക്കളുടെ വാങ്ങലും വില്‍പ്പനയും
- ആദായ നികുതി നിയമത്തിലെ 44 എ.ബി. എന്ന വകുപ്പുപ്രകാരം ടാക്‌സ് ഓഡിറ്റിനു ബാധ്യതയുള്ള നികുതിദായകന്‍ ചരക്കുവില്പന, സേവനം നല്‍കല്‍ എന്നിവ നടത്തുമ്പോള്‍ രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള ക്യാഷ് വരവുകള്‍.
- ബാങ്കുകള്‍, സഹകരണബാങ്കുകള്‍, പോസ്റ്റ് ഓഫീസ് മുതലായവയില്‍ 2016 നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെയുള്ള കറന്‍സി നിരോധന കാലയളവില്‍ നടത്തപ്പെട്ട ക്യാഷ് ഡെപ്പോസിറ്റുകള്‍ - കറന്റ് അക്കൗണ്ടുകളില്‍ (ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍ ആകെ) 12.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ -മറ്റു അക്കൗണ്ടുകളില്‍ (ഉദാ: എസ്.ബി. അക്കൗണ്ടുകള്‍/ലോണ്‍ അക്കൗണ്ടുകള്‍) 2.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ.
- പന്ത്രണ്ടില്‍ പറഞ്ഞിട്ടുള്ള സ്ഥാപനങ്ങളില്‍ 2016 ഏപ്രില്‍ ഒമ്പതു മുതല്‍ നവംബര്‍ ഒമ്പതുവരെ കാലയളവിലുള്ള ക്യാഷ് ഡെപ്പോസിറ്റുകളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
Source :Mathrubhoomi
0 Comments