Subscribe Us

തലയില്ലാ കുട്ടികൾ: മെക്‌സിക്കന്‍ ഗോത്രക്കാരുടെ ദുരൂഹത വെളിവാക്കുമോ?...

1325 -1521 കാലഘട്ടത്തില്‍ പ്രബലമായിരുന്ന മെക്‌സിക്കോയിലെ പുരാതന ഗോത്രവിഭാഗമായ എസ്‌ടെക്കുകള്‍ തങ്ങളുടെ ഭരണാധികാരികളെ മരണാനന്തരം സംസ്‌ക്കരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ശവകുടീരം പോലും ഇതുവരെ ആധുനിക ലോകത്തിന് കണ്ടെത്താനായിട്ടില്ല. പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇത്തരം ശവകുടീരങ്ങളിലേക്ക് നയിക്കുന്ന നിര്‍ണ്ണായക തെളിവ് കണ്ടെത്താനായെന്ന പ്രതീക്ഷയിലാണ് മെക്‌സിക്കോയിലെ പുരാവസ്തു ഗവേഷകര്‍.
മെക്‌സിക്കോയിലെ ടെപ്ലോ മയോര്‍ പൗരാണിക നഗരത്തില്‍ നിന്നാണ് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ഇരട്ട തുരങ്കങ്ങളാണ് ഗവേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഈ തുരങ്കങ്ങളില്‍ നിന്ന് തലയറ്റ കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ചിനും ഏഴിനും ഇടയ്ക്ക് പ്രായം കണക്കാക്കുന്ന ഈ കുട്ടികളെ ബലി നല്‍കിയതാണെന്നാണ് കരുതപ്പെടുന്നത്. മനുഷ്യബലി സാധാരണമായിരുന്ന മെക്‌സിക്കന്‍ ഗോത്രവിഭാഗമാണ് അസ്‌ടെക്കുകള്‍.
തുരങ്കങ്ങളില്‍ നിന്നും കണ്ടെടുത്ത ഈ കുട്ടികളുടെ അവശിഷ്ടങ്ങള്‍ എസ്‌ടെക്കുകളെ ഭരിച്ചിരുന്നവരുടെ ശവകുടീരത്തിലേക്കുള്ള സൂചകങ്ങളാണെന്നാണ് കരുതപ്പെടുന്നത്. 27 അടിയിലേറെ നീളമുള്ള തുരങ്കമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ തുരങ്കത്തിന്റെ മുന്‍ഭാഗം മൂന്ന് ടണ്‍ ഭാരമുള്ള പാറകള്‍ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു.
2013ല്‍ ഈ പാറകള്‍ മാറ്റിയപ്പോഴാണ് തുരങ്കം തെളിഞ്ഞു വന്നത്. സ്വര്‍ണ്ണാഭരണങ്ങളും പരുന്തുകളുടെ എല്ലുകളും നവജാതശിശുക്കളുടെ അവശിഷ്ടങ്ങളും കൊച്ചുകൂട്ടികളുടെ ശരീരഭാഗങ്ങളുമെല്ലാം ഈ തുരങ്കത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. എസ്‌ടെക്കുകള്‍ പൂജ നടത്തിയിരുന്ന കൗഷികല്‍കോ എന്ന ഭാഗത്തേക്ക് തുരങ്കത്തിന്റെ ഒരുഭാഗം നീണ്ടുപോകുന്നതായി പിന്നീട് കണ്ടെത്തി.
45 സെന്റിമീറ്റര്‍ വീതിയും അഞ്ച് അടി ഉയരവും ഉള്ള തുരങ്കമായിരുന്നു ഇത്. ഈ തുരങ്കത്തിലെ പാറക്കല്ലുകളും മണ്ണും മാറ്റിയതോടെ ഇത് കൗഷികല്‍കോയുടെ ഹൃദയഭാഗത്തേക്കാണ് നീളുന്നതെന്ന് വ്യക്തമായി. ഇതിന്റെ അവസാനത്തിലാണ് കൊത്തുപണികളോടെയുള്ള കരിങ്കല്‍ പീഠങ്ങള്‍ കൊണ്ട് അടച്ച രണ്ട് തുരങ്ക വാതിലുകള്‍ ദൃശ്യമായത്. ഈ ഇരട്ടതുരങ്കങ്ങള്‍ക്കൊടുവില്‍ എസ്‌ടെക് രാജാക്കളുടെ ശവകുടീരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്‌ടെക് ഗോത്രക്കാരുടെ തലസ്ഥാന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്നു ടെംപ്ലോ മയോര്‍. ഇവരുടെ വിശ്വാസസംബന്ധമായ ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും കേന്ദ്രം കൂടിയായിരുന്നു ഇത്. ദൈവവുമായി രക്തത്താലുള്ള കടം ഉണ്ടെന്ന വിശ്വാസക്കാരായിരുന്നു എസ്‌ടെക്കുകള്‍. ഈ കടം വീട്ടുന്നതിനാണ് ഇവര്‍ നിരന്തരം ബലി നല്‍കിക്കൊണ്ടിരുന്നത്. മൃഗബലിയും മനുഷ്യബലിയും എസ്‌ടെക്കുകള്‍ക്കിടയില്‍ പുതുമയല്ലായിരുന്നു. സ്വയം മുറിവേല്‍പ്പിച്ച് ദൈവങ്ങള്‍ക്ക് രക്തം നല്‍കുന്ന പതിവും ഉണ്ടായിരുന്നു.
18 മാസങ്ങള്‍ നീളുന്ന അസ്‌ടെക് വര്‍ഷത്തില്‍ ഓരോ മാസത്തിലും ഇവര്‍ മനുഷ്യരെ ആചാരത്തിന്റെ പേരുപറഞ്ഞ് ബലി നല്‍കിയിരുന്നു. പടിക്കെട്ടുകള്‍ക്ക് മുകളിലുള്ള ആരാധനാലയത്തില്‍ വിവിധ നിറങ്ങള്‍ പൂശി നിരപ്പായ ഭാഗത്ത് കിടത്തിയശേഷം ഹൃദയം തുരന്നെടുക്കുന്നതായിരുന്നു എസ്‌ടെക്കുകളുടെ രീതി. ജീവന്‍ നഷ്ടമായ ശരീരം ഈ പടികളിലൂടെ താഴേക്ക് ഉരുട്ടിയിടും. ഇത്തരത്തില്‍ ബലി നല്‍കിയ കുട്ടികളുടെ ശരീരമാണ് തുരങ്കത്തില്‍ നിന്നും ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS