രാജ്യസുരക്ഷ മുൻനിർത്തി വീണ്ടുമൊരു വൻ കപ്പൽ വരുന്നു. കൊച്ചി ഷിപ്പിയാർഡാണ് രഹസ്യ കപ്പൽ നിർമ്മിക്കുന്നത്. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒക്കു വേണ്ടിയാണ് രഹസ്യ കപ്പൽ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. ദീർഘദൂര മിസൈലുകളടക്കം ട്രാക്ക് ചെയ്യാനാകുന്ന അത്യാധുനിക സെൻസറുകൾ, റഡാറുകൾ എന്നിവ അടങ്ങുന്ന ഈ ആയുധക്കപ്പലിന്റെ നിർമാണം മൂന്നു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഡിആർഡിഒ ലക്ഷ്യമിടുന്നത്. അതേസമയം, ഇതുവരെ ഡിആർഡിഒ യോ കൊച്ചിൻ ഷിപ്പിയാർഡോ പുതിയ പദ്ധതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 365 കോടി വകയിരുത്തിയിരിക്കുന്ന പദ്ധതിയിൽ ഇരു കൂട്ടരും ഓഗസ്റ്റ് അവസാനം ഒപ്പു വച്ചതായാണ് സൂചന.
പുതിയ ആയുധക്കപ്പലിന്റെ നിർമാണത്തിനായി ഡിഫൻസ് റിസേർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ ( ഡി ആർ ഡി ഒ), ഐഎൻഎസ് വിക്രാന്തിന്റെ നിർമാതാക്കളുമായി കരാർ ഒപ്പിട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ഐ എൻ എസ് വിക്രാന്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നു.
കടലിൽ നിന്നു വിക്ഷേപിക്കാനാകുന്ന മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിൽ നേവിയും ഡി ആർ ഡി ഒയും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ബരാക് 8 എന്ന പേരിൽ ദീർഘദൂര സർഫസ്-റ്റു-എയർ (surface-to-air ) മിസൈൽ ഡിആർഡിഒ -യും ഇസ്രായേൽ എയറോസ്പെയ്സ് ഇന്‍ഡസ്ട്രീസും സംയുക്തമായി നിർമിക്കുകയാണ് ഇപ്പോൾ. കെ സീരിസിൽ കെ-15, കെ-4 എന്നിവയുടെ വിജയകരമായ വിക്ഷേപണത്തോടു കൂടി കാര്യക്ഷമതയുടെ പുതുതലങ്ങൾ കൈവരിച്ചിരിക്കുകയാണ് ഇന്ത്യ.
അരിഹന്തിൽ നിന്നു വിക്ഷേപിക്കുവാനിരിക്കുന്നവയാണ് കെ-15, കെ-4 മിസൈലുകൾ. ബി-05 എന്ന കോഡിലറിയപ്പെടുന്ന കെ -15 720 കിലോമീറ്ററും കെ-4 3500 കിലോമീറ്ററും പരമാവധി പിന്നിടും. കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദീർഘദൂര മിസൈലുകൾ നിർമിക്കാനും ഇന്ത്യക്കു പദ്ധതിയുണ്ട്.
0 Comments