ഇത് മണ്ണാറശ്ശാല. അര ലക്ഷത്തോളം നാഗവിഗ്രഹങ്ങള്‍ നിറഞ്ഞ് കൊടും കാട്ടിനുള്ളിലെ ക്ഷേത്രം. ഇവിടുത്തെ പ്രധാന ഉത്സവമായ ആയില്യത്തിന് തുടക്കമായി
വിശ്വാസത്തിന്റെ തണലിലാണ് മണ്ണാറശ്ശാല കാവ് വളരുന്നത്. കാവിലെ മരങ്ങളും അവയെ ചുറ്റിപ്പടരുന്ന വള്ളിപ്പടര്‍പ്പുകളും ഇവിടെ സുരക്ഷിതമാണ്. കാവില്‍ നിന്നും ഒരിലപോലും എടുത്തുമാറ്റരുതെന്നാണ് ആചാരം. വന്മരങ്ങള്‍ നിലതെറ്റി വീണാലും കാടിനുള്ളില്‍ തന്നെ കിടക്കും. ഇവിടെ കരിയില കത്തിച്ചു കളയാനുള്ളതല്ല. മണ്ണില്‍ അലിഞ്ഞ് ചേര്‍ന്ന് മരങ്ങള്‍ക്കും വളളിപ്പടര്‍പ്പുകള്‍ക്കും വളമാകാനുള്ളതാണ്. ഇങ്ങനെ പ്രകൃതിയെ കാക്കുന്നതാണ് മണ്ണാറശ്ശാലിയിലെ പൂര്‍വാചാരം. തലമുറകളായി കൈമാറുന്ന ഈ പാരമ്പര്യം പുതു തലമുറയും പാലിക്കുന്നു.
പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തിയാണ് മണ്ണാറശ്ശാലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുരാതനമായ ക്ഷേത്ര ശ്രീകോവില്‍ പുതുക്കിപ്പണിയരുതെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. കാവിന് നടുവിലെ ക്ഷേത്രം പുതുക്കാന്‍ വന്‍മരങ്ങള്‍ വെട്ടിമാറ്റേണ്ടിവരും. ഇതു മുന്നില്‍ക്കണ്ടാകും ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ പാടില്ലെന്ന ശാസനയുണ്ടായത്. നിലവിലുള്ള ക്ഷേത്രത്തിന് മുമ്പില്‍ ഭക്തരുടെ സൗകര്യത്തിനായി ചെറിയ നടപ്പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കാവിനെ നോവിക്കാതെയാണ് നടപ്പന്തലിന്റെ നിര്‍മിതി.
ക്ഷേത്രത്തിന്റെ നാലുപാടും കാടാണ്. പുറം കാഴ്ചകളില്‍ നിന്നും ക്ഷേത്ര സങ്കേതത്തിലേക്ക് കയറുമ്പോള്‍ തന്നെ കാടിന്റെ സാന്ത്വനം അനുഭവപ്പെടും. ചുട്ടുപൊള്ളുന്ന വെയിലിലും ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത് വല്ലാത്തൊരു ശീതളിമയാണ്. കാടിന് നടുക്ക് ഇങ്ങനയൊരു ക്ഷേത്രം അപൂര്‍വമാണ്. നാഗരാജാവിന്റെയും ഉപദേവതകളുടെയും ശ്രീകോവില്‍ നടകള്‍ തുറക്കുന്നത് വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന കാട്ടിലേക്കാണ്. വടക്കേ നടയില്‍ നിന്നും മണ്ണാറശ്ശാല ഇല്ലത്തെ പുരാതനായ ഇല്ലത്തേക്കുള്ള വഴിയിലും കാടിനെ തെട്ടറിയാം. വള്ളിപ്പടര്‍പ്പുകളാണ് ഇവിടെ നടപ്പാതയ്ക്ക് മീതെ പച്ചക്കുട പിടിച്ച് നില്‍ക്കുന്നത്.
പ്രതിഷ്ഠാ കാവ്, അപ്പൂപ്പന്‍കാവ് തുടങ്ങിയ പേരുകളിലാണ് മണ്ണാറശ്ശാലിയിലെ കാവുകള്‍ അറിയപ്പെടുന്നത്. കാവ് മാറ്റം വഴി എത്തിയ ആയിരക്കണക്കിന് നാഗരൂപങ്ങളാണ് പ്രതിഷ്ഠാ കാവിലുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളതുമായ നാഗരൂപങ്ങളാണ് പ്രതിഷ്ഠാ കാവില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇല്ലത്തിന് വടക്കായാണ് അപ്പൂപ്പന്‍കാവ്. ഇല്ലത്തെ നിലവറയില്‍ കുടികൊള്ളുന്ന നഗാരാജാവിന്റെ കാവാണിതെന്നാണ് വിശ്വാസം.
ആചാരപ്പെരുമയില്‍ മണ്ണാറശ്ശാല വലിയമ്മ
മണ്ണാറശ്ശാലയില്‍ ആചാരാനുഷ്ഠാനങ്ങളുടെ അവസാനവാക്ക് വലിയമ്മയാണ്. പൂജയും എഴുന്നള്ളത്തുമെല്ലാം വലിയമ്മയുടെ അവകാശമാണ്. സ്ത്രീകളുടെ അധികാരം ശ്രീകോവിലിന് പുറത്ത് അവസാനിക്കുമെന്ന് പറയാതെ പറയുന്ന നാട്ടിലാണ്, സര്‍വ അധികാരങ്ങളോടും കൂടി ഒരു സ്ത്രീ മുഖ്യപൂജാരണിയായി വാണരുളുന്നത്. നൂറ്റാണ്ടുകളായുള്ള കീഴ്വഴക്കമാണിത്. മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന അംഗത്തിന്റെ വേളിയാണ് വലിയമ്മ പദത്തിലെത്തുന്നത്. വലിയമ്മ നാഗരാജാവിന്റെ നിത്യോപാസകയാണ്. സ്ഥാനമേറ്റെടുക്കുന്ന നിമിഷം മുതല്‍ ദേവതുല്യമായ ജീവിതമാണ് വലിയമ്മ നയിക്കുന്നത്. നാഗദോഷമകറ്റാന്‍ ഈ അമ്മയുടെ ദര്‍ശനം ഒന്നുമതിയെന്നാണ് ഭക്തരുടെ വിശ്വാസം. അമ്മയുടെ സാന്ത്വന വചനം ഒന്നുമതി തലമുറകളായുള്ള സര്‍പ്പദോഷമകലാന്‍.
മണ്ണാറശ്ശാല വലിയമ്മ ശ്രീകോവിലില്‍ പൂജ നടത്തേണ്ട ദിവസങ്ങളുണ്ട്. മലയാള മാസം ഒന്നാം തീയതി, മാസം തോറുമുള്ള പൂയ്യം നാള്‍, മാഘമാസാരംഭം മുതല്‍ ശിവരാത്രി തലേന്നുവരെ, ചിങ്ങത്തിലെ തിരുവോണം, കര്‍ക്കടകം ഒന്നു മുതല്‍ 12 വരെ , കന്നി, തുലാം മാസങ്ങളിലെ ആയില്യങ്ങള്‍ക്ക് മുമ്പുള്ള 12 ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ വലിയമ്മയക്ക് പൂജ കഴിയ്ക്കാന്‍ കഴിയാതെ വന്നാല്‍ പകരം പൂജ വേണ്ടതില്ലെന്നാണ് കീഴവഴക്കം.
കോട്ടയം മാാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രുഗ്മിണി അന്തര്‍ജനത്തിന്റെയും മകള്‍ ഉമാദേവി അന്തര്‍ജനമാണ് ഇപ്പോഴത്തെ വലിയമ്മ. 86 വയസുള്ള ഉമാദേവി അന്തര്‍ജനം 20 വര്‍ഷമായി വലിയമ്മ പദത്തിലാണ്.
വലിയമ്മയായിരുന്ന സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24 ന് സമാധിയായി. തുടര്‍ന്നാണ് ഉമാദേവി അന്തര്‍ജനം ചുമതലയേല്‍ക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളുടെയെല്ലാം ചുമതല വലിയമ്മയ്ക്കാണ്. സന്താന സൗഭാഗ്യത്തിനായി ഭക്തര്‍ നടയ്ക്ക് വയ്ക്കുന്ന സ്വര്‍ണ ഉരുളി വലിയമ്മ തന്നെയാണ് നിലവറയില്‍ സമര്‍പ്പിക്കുന്നത്. സര്‍പ്പം പാട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് വലിയമ്മ തന്നെ മേല്‍നോട്ടം വഹിക്കണമെന്നതാണ് കീഴ്‌വഴക്കം
ആയില്യത്തിന് 15 മണിക്കൂര്‍ നീളുന്ന ചടങ്ങുകള്‍
ആയില്യത്തിന് മണ്ണാറശ്ശാലയില്‍ നടക്കുന്നത് 15 മണിക്കൂറുകളോളം നീളുന്ന ചടങ്ങുകള്‍. എല്ലാത്തിനും മുഖ്യകാര്‍മികത്വം വഹിക്കുന്നത് മണ്ണാറശ്ശാല വലിയമ്മ. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമേ വലിയമ്മയ്ക്ക് ജലപാനം പോലുമുള്ളു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വലിയമ്മ ആയില്യം എഴുന്നള്ളിത്തിനുള്ള ഒരുക്കം തുടങ്ങും. അതിന് മുമ്പ് കാരണവരുടെ നേതൃത്വത്തില്‍ നിലവറ തളത്തില്‍ നാഗക്കളം ഒരുക്കിയിരിക്കും. ഇല്ലത്തെ കുളത്തില്‍ കുളിച്ച് ഓലക്കുട ചൂടിയാണ് വലിയമ്മ ക്ഷേത്ര സന്നിധിയിലെത്തുക. പൂജകള്‍ക്ക് ശേഷം ശ്രീകോവിലിലെ വിളക്കില്‍ നിന്നും കുത്തുവിളക്കിലേക്ക് ദീപം പകരും. തുടര്‍ന്ന് നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കൈയ്യിലേന്തി അമ്മ നടയിറങ്ങും. ഇളയമ്മ സാവിത്രി അന്തര്‍ജനം സര്‍പ്പയക്ഷി തിടമ്പേന്തും. ഇല്ലത്തെ കാരണവര്‍മാര്‍ നാഗയക്ഷി, നാഗചാമുണ്ഡി എന്നീ ഉപദേവതകളുടെ വിഗ്രഹങ്ങളുമായി അനുഗമിക്കും.
രാജ ചിഹ്നങ്ങളായ കുട, ചാമരം, കൊടി എന്നിവയുടെയും പഞ്ചവാദ്യം, നാഗസ്വരം, തകില്‍, ചെണ്ട, തിമില എന്നീ വാദ്യങ്ങളുടെയും അകമ്പടിയിലാണ് എഴുന്നള്ളത്ത്. നാഗരാജാവ് രാജകീയ പ്രൗഡിയില്‍ എഴുന്നുള്ളന്നതാണ് സങ്കല്‍പ്പം.
ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുകൂടി വടക്കേ നടയിലെത്തിയാണ് എഴുന്നള്ളത്ത് മണ്ണാറശ്ശാലയിലെ പുരാതന ഇല്ലത്തെത്തുന്നത്. അവിടെ നിലവറയ്ക്ക് മുമ്പില്‍ നേരത്തെ തയ്യാറാക്കിയ നാഗക്കളങ്ങളില്‍ തിടമ്പുകള്‍ വച്ച് വലിയമ്മ പൂജ തൂടങ്ങും.
വലിയമ്മയുടെ പതിവ് പൂജകളാണ് ആദ്യം. പിന്നാലെ ആയില്യം പൂജകള്‍. നൂറും പാലും സര്‍പ്പബലി, ഗുരുതി ഉള്‍പ്പെടെയുള്ള പൂജകള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അര്‍ധരാത്രി പിന്നിടും. നിലവറ തളത്തിലെ പൂജകള്‍ക്ക് ശേഷം സര്‍പ്പംപാട്ട് തറയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന തട്ടിന്മേല്‍ നൂറുംപാലും നടത്തും. ആയില്യം നാളിലെ മറ്റ് പൂജകളിലൂടെ ഭൂമിയിലെ സര്‍പ്പങ്ങള്‍ക്കെല്ലാം ബലിതൂകൂന്നതാണ് സങ്കല്‍പ്പം. ആകാശ സര്‍പ്പങ്ങള്‍ക്ക് ബലിതൂകുന്നതിനായാണ് തട്ടിന്മേല്‍ നൂറും പാലും നടത്തുന്നത്. ഇത് പൂര്‍ത്തിയാകുമ്പോഴേക്കും പുലര്‍ച്ചേയാകും.തുടര്‍ന്ന് വലിയമ്മ ക്ഷേത്ര നടിയലെത്തി പ്രാര്‍ഥിക്കുന്നതോടെയാണ് ആയില്യം പൂജ സമാപിക്കുന്നത്.
Source: Mathrubhoomi
മണ്ണാറശ്ശാലയിലെ കാഴ്ചകളിലൂടെയൊരു യാത്ര...... Photo Story
0 Comments