Subscribe Us

ഇന്ത്യക്ക്‌ വന്‍ ആണവായുധ ശേഖരമുള്ളതായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുടെ കൈവശം വിപുലമായ ആണവായുധ ശേഖരമുള്ളതായി യു.എസ്. റിപ്പോര്‍ട്ട്. 75 മുതല്‍ 125 വരെ ആണവായുധങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി(ഐ.എസ്.ഐ.എസ്.)യുടെ റിപ്പോര്‍ട്ട്.

ഇന്ത്യയുടെ കെവശമുള്ള പ്ലൂട്ടോണിയം, യുറേനിയം എന്നിവയുടെ അളവ് നോക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ മറ്റു രീതിയില്‍ നിര്‍മിക്കാവുന്ന ആണവായുധങ്ങളെക്കുറിച്ചും പറയുന്നു. കൈവശമുള്ള പ്ലൂട്ടോണിയത്തിന്റെ 70 ശതമാനം മാത്രമേ ആണവായുധ നിര്‍മാണത്തിന് ഇന്ത്യ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ഈ അളവിലും കൂടുതലുള്ള ആണവായുധങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളതെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2014-ലെ കണക്കുപ്രകാരം ശരാശരി 97 ആണവായുധങ്ങള്‍ ഉണ്ടാകാം. ഇത് 75 മുതല്‍ 125 വരെയും ആകാം.

വികസ്വരരാജ്യങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ ആണവായുധ പദ്ധതികളിലൊന്ന് ഇന്ത്യയുടേതാണ്. പ്ലൂട്ടോണിയം വിഘടനത്തിന് താരതമ്യേന വലിയ പദ്ധതികളാണ് ഇന്ത്യയ്ക്കുള്ളത്. ആണവ മേഖലയില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആണവായുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ വലിയ ഉത്പാദക യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഏറ്റവും ശുദ്ധമായ യുറേനിയം ഉത്പാദിപ്പിക്കാനാവശ്യമായ സംവിധാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഇവയുപയോഗിച്ച് മുങ്ങിക്കപ്പലുകളില്‍ നിന്ന് വരെ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്കാവും.

ആഭ്യന്തര വൈദ്യുതി ഉത്പ്പാദനത്തിന് ഉപയോഗിക്കുന്ന റിയാക്ടറുകള്‍ ഉപയോഗിച്ചും ഇന്ത്യ ആണവായുധം നിര്‍മിക്കാനാവശ്യമായ പ്ലൂട്ടോണിയം നിര്‍മിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS