Subscribe Us

ഞാന്‍ 43,200 തവണ ബലാത്സംഗത്തിനിരയായി

കാര്‍ലയുടെ കണക്കു പ്രകാരം നാലുവര്‍ഷത്തിനുള്ളില്‍ അവള്‍ പീഡിപ്പിക്കപ്പെട്ടത് 43,200 തവണയാണ്. മനുഷ്യക്കടത്തുകാരുടെ വലയില്‍ പെട്ട് സ്വന്തം ജീവിതം നഷ്ടപ്പെട്ട ആയിരക്കണക്കിന് മെക്‌സിക്കന്‍ പെണ്‍കുട്ടികളില്‍ ഒരാളാണ് കാര്‍ല. മെക്‌സിക്കോയിലും അമേരിക്കയിലും നിലനില്‍ക്കുന്ന മനുഷ്യക്കടത്തിന്റെ ക്രൂരവശങ്ങള്‍ നമുക്ക് വെളിവാക്കി തരുന്നതാണ് കാര്‍ലയുടെ ജീവിതം. കണക്കുകള്‍ പ്രകാരം ആയിരത്തില്‍ പത്തുപെണ്‍കുട്ടികള്‍ വീതം ഇവിടെ മാംസക്കച്ചവടക്കാരുടെ പിടിയില്‍ അകപ്പെടുന്നു. 
പീഡനത്തിന്റെ അര്‍ത്ഥവും വ്യാപ്തിയുമറിയാത്ത അഞ്ചാമത്തെ വയസ്സിലാണ് കാര്‍ല ആദ്യമായി ശാരീരികോപദ്രവത്തിനിരയാവുന്നത്. അടുത്ത ബന്ധുക്കളിലൊരാള്‍ തന്നെയായിരുന്നു കാര്‍ലയെ ഉപദ്രവിച്ചത്. മനുഷ്യക്കടത്തുകാരുടെ കൈയില്‍ എത്തപ്പെടുന്നത് 12-ാം വയസ്സിലും. 
മെക്‌സിക്കോ നഗരത്തിലെ സബ്‌വേ സ്‌റ്റേഷനില്‍ സുഹൃത്തുക്കളെ കാത്തു നില്‍ക്കുകയായിരുന്നു കാര്‍ല. അവള്‍ക്കരികിലേക്ക് മിഠായി വില്‍പ്പനക്കാരനായ ഒരു കുട്ടി എത്തി. അവള്‍ക്കായി ഒരാള്‍ കൊടുത്തുവിട്ട സമ്മാനമാണെന്ന് പറഞ്ഞ് കുട്ടി മിഠായി കാര്‍ലക്ക് നല്‍കി. അതിന് പിറകേയാണ് അവളേക്കാള്‍ 10 വയസ്സിന് മുതിര്‍ന്ന ഒരാള്‍ അവളുടെ അടുക്കലെത്തുന്നത്. സ്വയം പരിചയപ്പെടുത്തിയ അയാള്‍ കാര്‍ലയെ വാചകമടിച്ചു കൈയിലെടുത്തു. അയാളില്‍ മതിപ്പുതോന്നിയ കാര്‍ല സ്വന്തം ഫോണ്‍ നമ്പര്‍ വരെ അയാള്‍ക്ക് കൈമാറി.പതിയെ ആ ബന്ധം വളര്‍ന്നു. ഒരിക്കല്‍ അയാള്‍ക്കൊപ്പം അയാളുടെ വലിയ കാറില്‍ അവര്‍ ഒരുമിച്ച് യാത്രപോവുകയും ചെയ്തു. പിന്നീട് യാത്രകള്‍ പതിവായി. യുവാവ് തനിക്കൊപ്പം വരാന്‍ പലപ്പോഴും കാര്‍ലയെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒരുദിവസം അയാള്‍ക്കൊപ്പം ചുറ്റിക്കറങ്ങി വീട്ടിലെത്താന്‍ വൈകിപ്പോയ കാര്‍ലയെ അമ്മ വീട്ടില്‍ കയറ്റിയില്ല. ആ അവസരം മുതലെടുത്ത് കാര്‍ലയെ അയാള്‍ തനിക്കൊപ്പം കൂട്ടി. 
'ഞാനയാള്‍ക്കൊപ്പം മൂന്ന് മാസം താമസിച്ചു. എന്നോട് വളരെ നല്ല രീതിയിലാണ് അയാള്‍ പെരുമാറിയത്. എന്നെ നല്ല പോലെ ശ്രദ്ധിച്ചിരുന്നു. എനിക്ക് വസ്ത്രവും , ഷൂവും,പൂക്കളും ചോക്ലേറ്റുകളും വാങ്ങിത്തന്നിരുന്നു. വളരെ മനോഹരമായ കാലമായിരുന്നു അത്.'  കാര്‍ല ഓര്‍ക്കുന്നു.
ഒരാഴ്ച അയാള്‍ കാര്‍ലയെ അപാര്‍ട്ടമെന്റില്‍ തനിച്ചാക്കി പോയി. അപ്പോഴെല്ലാം അയാളുടെ കസിന്‍സ് ഓരോ പുതിയ പെണ്‍കുട്ടികളുമായി അങ്ങോട്ട് വന്നിരുന്നു. ഒടുവില്‍ സംശയം തോന്നിയ കാര്‍ല തന്റെ കാമുകനെ ചോദ്യം ചെയ്തു. താന്‍ അകപ്പെട്ട ചതിക്കുഴിയുടെ വ്യാപ്തി കാര്‍ല തിരിച്ചറിയുന്നത് അപ്പോള്‍ മാത്രമാണ്. മാംസക്കച്ചവടത്തിലെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന അവരുടെ കൈകളില്‍ എത്തപ്പെട്ട അനേകം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് അവള്‍ തിരിച്ചറിഞ്ഞു.
കാര്‍ല ചെയ്യേണ്ടതെന്തെന്നും അവളുടെ കസ്റ്റമേഴ്‌സിനെ അവരില്‍ നിന്നും എത്ര തുക വാങ്ങണമെന്നും കൂടുതല്‍ തുക കിട്ടുന്നതിനായി എങ്ങനെയാണ് സന്തോഷിപ്പിക്കേണ്ടതെന്നുമെല്ലാം കാമുകന്‍ അവള്‍ക്ക് വിവരിച്ചുകൊടുത്തു. 
നാലുവര്‍ഷത്തോളം നീണ്ട നരക ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. ആദ്യ ദിവസം പത്തുമണിയോടെ ആരംഭിച്ച ജോലി അര്‍ദ്ധരാത്രിയോടെയാണ് അവള്‍ പൂര്‍ത്തിയാക്കിയത്. ഒരു ദിവസം 20 പേര്‍ എന്ന നിരക്കിലായിരുന്നു അവലെ സമീപിച്ചുകൊണ്ടിരുന്നത്. ' ഞാന്‍ കരയുന്നത് കണ്ട എന്റെ കസ്റ്റമേഴ്‌സില്‍ പലരും ചിരിക്കുന്നുണ്ടായിരുന്നു. അവര്‍ എന്നോട് ചെയ്യുന്നതൊന്നും കാണാതിരിക്കുന്നതിനും അറിയാതിരിക്കുന്നതിനും വേണ്ടി പലപ്പോഴും ഞാന്‍ കണ്ണുകള്‍ ഇറുകെ പൂട്ടി.'  കാര്‍ല പറയുന്നു. 
മെക്‌സിക്കോയിലെ പല നഗരങ്ങളിലേക്കും അവളെ മാംസക്കച്ചവടക്കാര്‍ എത്തിച്ചു. അവധികളൊന്നുമില്ലാതെ എല്ലാ ദിവസവും അവള്‍ ജോലിക്കിറങ്ങി. ആദ്യത്തെ കുറച്ച് കാലങ്ങള്‍ക്ക് ശേഷം അവളുടെ കസ്റ്റമേഴ്‌സിന്റെ എണ്ണം വര്‍ധിച്ചു. ദിവസം 30 പേര്‍ അവളുടെ മാസംത്തിന് വില പറഞ്ഞു. സന്ദര്‍ശകരില്‍ ഒരാളുമായി പ്രണയത്തിലായെന്ന് ആരോപിച്ച്  ഇടനിലക്കാരന്‍ ഒരിക്കല്‍ അവളെ ക്രൂരമായി മര്‍ദിച്ചു. ജോലിക്കിടെ ഒരിക്കല്‍ പോലീസിന്റെ കൈയില്‍ അകപ്പെടുകയും ചെയ്തു. അതോടെ തനിക്ക് മോചനം ലഭിക്കുമെന്ന് കരുതിയ കാര്‍ലക്ക് പിന്നേയും തെറ്റി. പേലീസുകാര്‍ അവളെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വിധേയയാക്കി. 
ഇതിനിടയില്‍ കാമുകനാല്‍ കാര്‍ല ഗര്‍ഭിണിയായി. ഒരു പെണ്‍കുഞ്ഞിനാണ് അവള്‍ ജന്മം നല്‍കിയത്. തന്റെ ഇംഗിതങ്ങള്‍ സംരക്ഷിക്കുന്നതിനായി പലപ്പോഴും അയാള്‍ കുഞ്ഞിനെ കരുവാക്കി. പറഞ്ഞതുകേട്ടില്ലെങ്കില്‍ കുഞ്ഞിനെ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. പിറന്ന് ഒരു മാസം പിന്നിട്ടതോടെ അവളില്‍ നിന്നും കുഞ്ഞിനെ അയാള്‍ ദൂരേക്ക് മാറ്റി. കുഞ്ഞിന് ഒരു വയസ്സെത്തിയ ശേഷമാണ് കാര്‍ല പിന്നീട് കുഞ്ഞിനെ കാണുന്നത്. 
2006-ലാണ് മനുഷ്യക്കടത്തുകാരുടെ കൈയില്‍ നിന്നും അവള്‍ രക്ഷപ്പെടുന്നത്. മനുഷ്യക്കടത്തിനെതിരായി മെക്‌സിക്കോ നഗരത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു അവളുടെ രക്ഷപ്പെടല്‍. അവള്‍ക്കൊപ്പം നിരവധി പെണ്‍കുട്ടികളും രക്ഷപ്പെട്ടു. അവരുടെ സങ്കേതത്തില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ അവള്‍ക്ക് പ്രായം 16. പതിനാറുവയസ്സിനുള്ളില്‍ ഒരു ജീവിതത്തില്‍ അനുഭവിക്കേണ്ട ദുരിതങ്ങളുടെ ആയിരം മടങ്ങാണ് നാലുവര്‍ഷങ്ങള്‍ കൊണ്ട് അവള്‍ അനുഭവിച്ച് തീര്‍ത്തത്. 
കാര്‍ലക്ക് ഇന്ന് 23 വയസ്സാണ് പ്രായം. മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുമായി അവള്‍ ജീവിതം തുടരുകയാണ്. ബോധവല്‍ക്കരണ ക്ലാസുകള്‍ക്കിടയില്‍ തന്റെ കഥയും അവള്‍ വിവരിക്കും. മനുഷ്യക്കട
ത്തും നിര്‍ബന്ധപൂര്‍വമുള്ള  വ്യഭിചാരവും ഇന്ന്  ലോകമെമ്പാടും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ്സാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ തന്നെ പോലെ നിരവധി പെണ്‍കുട്ടികള്‍ വീണ്ടും അപകടത്തില്‍ ചെന്നുചാടാന്‍ സാധ്യത ഉണ്ടെന്ന് കാര്‍ല പറയുന്നു. 
'എന്നെ കേട്ടാല്‍ മാത്രം പോര. എനിക്കെന്ത് സംഭവിച്ചുവെന്നും നിങ്ങള്‍ അറിയണം. നിങ്ങളുടെ കണ്ണുകളിലെ കെട്ടുകള്‍ അഴിക്കാന്‍ നിങ്ങള്‍ തയ്യാറാകണം.' 

Post a Comment

0 Comments

CLOSE ADS


CLOSE ADS