Subscribe Us

സര്‍ഫേസ് ബുക്ക്: മൈക്രോസോഫ്റ്റിന്റെ ആദ്യ ലാപ്‌ടോപ്പ്

 ആപ്പിള്‍ മാക്ബുക്കിനേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പാണ് സര്‍ഫേസ് ബുക്കെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു
 ലാപ്‌ടോപ്പ് എന്ന ആശയത്തോട് തന്നെ പുച്ഛം കലര്‍ന്ന മനോഭാവം പുലര്‍ത്തിയിരുന്ന കമ്പനിയായിരുന്നു മൈക്രോസോഫ്റ്റ്. ലോകം മുഴുവന്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലേക്ക് മാറുന്ന പുതിയ കാലത്ത് ലാപ്‌ടോപ്പ് ആരു വാങ്ങുമെന്നായിരുന്നു കമ്പനിയുടെ ചോദ്യം. തങ്ങളിറക്കിയ സര്‍ഫേസ് ടാബ്‌ലറ്റുകള്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ലാപ്‌ടോപ്പുകളെ വിപണിയില്‍നിന്ന് തുടച്ചുനീക്കുമെന്നും മൈക്രോസോഫ്റ്റ് വീമ്പു പറഞ്ഞിരുന്നു. 
എന്നാല്‍ പറഞ്ഞതൊക്കെ വിഴുങ്ങിക്കൊണ്ട് മൈക്രോസോഫ്റ്റ് ഇപ്പോഴൊരു ലാപ്‌ടോപ്പ് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി ഇറക്കുന്ന ലാപ്‌ടോപ്പാണിത്. സര്‍ഫേസ് ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്‌ടോപ്പ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്.
 ആപ്പിളിന്റെ മാക്ബുക്ക് ലാപ്‌ടോപ്പിനോട് ആദ്യനോട്ടത്തില്‍ സാദൃശ്യം തോന്നുമെങ്കിലും, പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ സര്‍ഫേസ് ബുക്ക് വ്യത്യസ്തമാണ്. മൈക്രോസോഫ്റ്റ് മുമ്പിറക്കിയ സര്‍ഫേസ് ടാബ് പോലെ ലാപ്‌ടോപ്പായും ടാബ്‌ലറ്റായും ഉപയോഗിക്കാന്‍ സാധിക്കുന്ന സങ്കര ഗാഡ്ജറ്റാണ് സര്‍ഫേസ് ബുക്ക്.
പക്ഷേ സര്‍ഫസ് ടാബില്‍ ഒരു കീബോര്‍ഡ് കൂടി ഘടിപ്പിച്ചുകൊണ്ട് സൃഷ്ടിച്ചതല്ല സര്‍ഫേസ് ബുക്ക്. ശരിക്കുമൊരു ലാപ്‌ടോപ്പ് തന്നെയാണിത്. 
ഇന്റല്‍ കോര്‍ ഐ5/ഐ7 പ്രൊസസര്‍, എട്ട്/16 ജിബി റാം, എന്‍വിഡ്യ ജിഫോഴ്‌സ് ജിപിയു, 128/256/512 ജിബി/ ഒരു ടെറാബൈറ്റ് ഇന്റേണല്‍ മെമ്മറി എന്നിവയുള്ള സര്‍ഫസ് ബുക്ക് ആപ്പിള്‍ മാക്ബുക്കിനേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കും.
3000X2000 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 13.5 ഇഞ്ച് സ്‌ക്രീനാണ് ഈ ലാപ്‌ടോപ്പിലുള്ളത്. പിക്‌സല്‍ സാന്ദ്രത 267 പിപിഐ എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ലാപ്പിലുണ്ട്. 
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായ 12 മണിക്കൂര്‍ ആയുസ് ലഭിക്കുന്ന ബാറ്ററിയാണ് ഇതിലുള്ളത്. ഒന്നര കിലോഗ്രാം ഭാരമുണ്ട് ഈ ലാപ്‌ടോപ്പിന്. ഒക്ടോബര്‍ 26 ന് വില്പന തുടങ്ങുന്ന സര്‍ഫസ് ബുക്കിന് 1499 ഡോളറാണ് (97,581 രൂപ) വില
സര്‍ഫേസ് ബുക്കിനൊപ്പം സര്‍ഫേസ് പ്രോ4 ടാബ്‌ലറ്റ്, ലൂമിയ 950 എക്‌സ്, ലൂമിയ 950 എക്‌സ്എല്‍ സ്മാര്‍ട്‌ഫോണുകളും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. 12.3 ഇഞ്ച് ഡിസ്‌പ്ലേയുളള പ്രോ4 ടാബില്‍ വലിയ ടച്ച്പാഡ്, ഫിംഗര്‍ പ്രിന്റ് റീഡര്‍, കീബോര്‍ഡ് എന്നിവയുണ്ട്. 
പോക്കറ്റിലൊതുക്കാവുന്ന വിന്‍ഡോസ് 10 കമ്പ്യൂട്ടറുകള്‍ തന്നെയാണ് ലൂമിയ 950, ലൂമിയ 950 എക്‌സ്എല്‍ ഫോണുകള്‍. ഇവയെ മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനാകും.

Post a Comment

0 Comments

CLOSE ADS


CLOSE ADS