Subscribe Us

ഫോണ്‍വിളി മുറിഞ്ഞാല്‍ ഒരു രൂപ നഷ്ടപരിഹാരം ജനവരി ഒന്നുമുതല്‍


ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ സംഭാഷണം തടസ്സപ്പെട്ടാല്‍ മുറിയുന്ന ഓരോ വിളിക്കും ഒരു രൂപ നിരക്കില്‍ സേവനദാതാവ് നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം അതോറിറ്റി ഉത്തരവിട്ടു. ഒരുദിവസം പരമാവധി മൂന്ന് ഫോണ്‍മുറിയലുകള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഉത്തരവ് അടുത്ത ജനവരി ഒന്നിന് പ്രാബല്യത്തില്‍ വരും.
 
ഫോണ്‍വിളി മുറിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാരത്തുക കൈമാറിയതിന്റെ വിവരം എസ്.എം.എസ്. വഴി അറിയിക്കണം. 'പോസ്റ്റ് പെയ്ഡ്' ഉപഭോക്താക്കള്‍ക്ക് അടുത്ത ബില്ലില്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതി.

സേവനദാതാക്കള്‍ക്ക് അവരുടെ ശൃംഖലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാവകാശം വേണ്ടതുകൊണ്ടാണ് ഉത്തരവിന് ജനവരി ഒന്നിന്റെ പ്രാബല്യം നല്‍കിയതെന്ന് ട്രായ് വിശദീകരിച്ചു. നഷ്ടപരിഹാരത്തിന് നിയമപരമായ അടിത്തറ നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകും. സേവനദാതാക്കള്‍ ഈ നിര്‍ദേശം ഫലപ്രദമായി നടപ്പാക്കുന്നതും ഫോണ്‍വിളി മുറിയല്‍ കുറയ്ക്കാന്‍ അവര്‍ കൈക്കൊള്ളുന്ന നടപടികളും ട്രായ് നിരീക്ഷിക്കുകയും ആറുമാസത്തിനുശേഷം വിഷയം പുനഃപരിശോധിക്കുകയും ചെയ്യും.

കഴിഞ്ഞ ഒരുവര്‍ഷമായി ഉപഭോക്താക്കള്‍ ഫോണ്‍വിളി മുറിയലിന്റെ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും വിവിധ വേദികളില്‍ അവര്‍ അത് ഉന്നയിച്ചുവരികയാണെന്നും ട്രായ് ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 21-ന് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചാരേഖ പുറത്തിറക്കിയിരുന്നു. ബന്ധപ്പെട്ടവരില്‍നിന്ന് തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് വെള്ളിയാഴ്ച അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.

ഫോണ്‍വിളി മുറിയലിന് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശത്തെ സേവനദാതാക്കള്‍ എതിര്‍ത്തിരുന്നു. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരും പൊതുമേഖലാ കമ്പനികളായ ബി.എസ്.എന്‍.എല്‍., എം.ടി.എന്‍.എല്‍. എന്നിവയും നഷ്ടപരിഹാരം പറ്റില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ഉപഭോക്തൃ സംഘടനകള്‍ നഷ്ടപരിഹാര ആവശ്യത്തില്‍ ഉറച്ചുനിന്നു.ട്രായിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Post a Comment

0 Comments

CLOSE ADS


CLOSE ADS