വടക്കൻ അയർലന്റിലെ ഏറെ ശാന്തമായ ഒരു പ്രദേശം. പൊലീസുകാർക്ക് അധികമൊന്നും വരേണ്ടി വരാറില്ല, അത്രമാത്രം പ്രശ്നരഹിതമായിരുന്നു അവിടം. പക്ഷേ കഴിഞ്ഞ ദിവസം അവിടത്തെ ഒരു ഒറ്റപ്പെട്ട വീട്ടിലേക്ക് വൻ പൊലീസ് സംഘം കുതിച്ചെത്തി. വൈകിട്ട് നാലുമണിയോടെയായിരുന്നു അത്.
‘എവിടെ അവൻ...?’ എന്നും ആക്രോശിച്ചുകൊണ്ടായിരുന്നു പൊലീസ് വീടിനകത്തേക്കു പാഞ്ഞതെന്ന് അയൽവാസികൾ പറയുന്നു. ആ വീട്ടിൽ അമ്മയും ഒരു മകനും മാത്രമാണു താമസം. അവരെന്താണ് ഇത്രയും വലിയ തെറ്റു ചെയ്തതെന്ന പ്രദേശവാസികളുടെ ചിന്തയ്ക്കു മുന്നിലൂടെ പൊലീസ് അവിടത്തെ പതിനഞ്ചുകാരനെയും വിലങ്ങുവച്ചു കൊണ്ട് നടന്നുനീങ്ങി. മാത്രവുമല്ല അന്നു രാത്രി വരെ പൊലീസ് ആ വീടാകെ പരിശോധിക്കുകയായിരുന്നു. പതിയെപ്പതിയെ രംഗം വ്യക്തമായി. 40 ലക്ഷം പേരുടെ ബാങ്കിങ് വിവരങ്ങൾ ഉൾപ്പെടെ അടിച്ചുമാറ്റിയ വമ്പൻ ഹാക്കറായിരുന്നത്രേ ഈ പതിനഞ്ചുകാരൻ.
ബ്രിട്ടണിലെ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ ടോക്ക് ടോക്കി കമ്പനിയുടെ വെബ്സൈറ്റാണ് ഒക്ടോബർ അവസാനവാരം കക്ഷി ഹാക്ക് ചെയ്തത്. ഇത്തരത്തിൽ മോഷ്ടിച്ച ഡേറ്റ ഉപയോഗിച്ച് പല ഇന്റർനെറ്റ് തട്ടിപ്പുകാരും ഉപഭോക്താക്കളെ വിരട്ടി പണംതട്ടാൻ ശ്രമിച്ചു തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. മാത്രവുമല്ല അക്കൗണ്ടുകളിലെ പണം ഉടമകൾ പോലും അറിയാതെ അടിച്ചുമാറ്റാനും ഹാക്കർമാർക്ക് പറ്റും. ഇതൊന്നും പോരാതെ ഈയൊരൊറ്റ സംഭവം കാരണം ഓഹരിവിപണിയിൽ കമ്പനി ഷെയറുകൾ കുത്തനെയിടിയുകയും ചെയ്തു. ടോക്ക് ടോക്കിന്റെ വെബ്സൈറ്റ് സേവനവും നിർത്തി. ഇക്കഴിഞ്ഞ എട്ടുമാസത്തിനിടെ മൂന്നാം തവണയാണ് ടോക്ക് ടോക്കിനു നേരെ സൈബർ ആക്രമണമുണ്ടാകുന്നത്. ഇതുവഴി ഉപഭോക്താക്കളുടെ ഡേറ്റ മോഷ്ടിക്കപ്പെടുന്നതും പതിവായിരുന്നു. വൻസംഘമാണ് ഇതിനു പിന്നിലെന്നു കരുതിയിരിക്കുമ്പോഴാണ് അയർലന്റിലെ പയ്യൻ പിടിയിലാകുന്നത്.
എസ്ക്യുഎൽ ഇൻജെക്‌ഷൻ എന്ന ഹാക്കിങ്ങിലെ താരതമ്യേന ഏറ്റവും എളുപ്പമുള്ള രീതി ഉപയോഗിച്ചാണ് ഇവൻ പ്രവർത്തിച്ചത്. വ്യക്തിപരമായി തനിക്കു നേരെയുണ്ടായ മറ്റ് ഹാക്കർമാരുടെ ആക്രമണത്തിനു തിരിച്ചടിയായാണ് ഇത് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പയ്യന്റെയും ബന്ധുക്കളുടെയുമൊക്കെ ഫോട്ടോകൾ ഹാക്ക് ചെയ്തെടുത്ത് അത് മോർഫ് ചെയ്ത് കളിയാക്കിയ സംഭവങ്ങൾ േനരത്തെ ഉണ്ടായിരുന്നുവത്രേ! പല സ്കൂളിൽ നിന്നും തുടർച്ചയായി സസ്പെൻഡ് ചെയ്യപ്പെട്ടതോടെ വീട്ടിലിരുത്തിയായിരുന്നു അമ്മ ഇവനെ പഠിപ്പിച്ചിരുന്നത്. പക്ഷേ കക്ഷിയെ പുറത്തേക്കൊന്ന് കാണാൻ പോലും കിട്ടാറില്ലെന്നു പറയുന്നു അയൽക്കാർ. ഒരാളു പോലും കൂട്ടുകാരായിട്ടുമില്ല. പക്ഷേ രാത്രി മുഴുവൻ മുറിയിൽ വെളിച്ചം കാണാം. വിഡിയോ ഗെയിമിന്റെ കനത്ത ആരാധകനായിരുന്നു ഇവനെന്നും പൊലീസ് പറയുന്നു. അതും വയലൻസ് ഏറെയുള്ള കോൾ ഓഫ് ഡ്യൂട്ടി, ഗ്രാന്റ് തെഫ്റ്റ് ഓട്ടോ തുടങ്ങിയ ഗെയിമുകളുടെ.
ഒരു പ്രഫഷനൽ വിഡിയോ ഗെയിം കളിക്കാരനാകണമെന്നാണു തന്റെ ആഗ്രഹമെന്നാണ് കക്ഷി ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. പുസ്തകവായനയില്ല, സിനിമ കാണലുമില്ല, ടിവിയുടെ ഏഴയലത്തു പോലും വരില്ല–അതായിരുന്നു ജീവിതരീതി. നെറ്റ്‌ലോകത്ത് ‘വിഷ്യസ്’ എന്ന ഓമനപ്പേരിലായിരുന്നു ഇവൻ അറിയപ്പെട്ടിരുന്നതുതന്നെ.
ഏഴുമണിക്കൂറോളം േനരത്തെ ചോദ്യംചെയ്യലിനു ശേഷം പയ്യനെ ജാമ്യത്തിൽ വിട്ടു. കംപ്യൂട്ടറിലെ ഡേറ്റ മുഴുവൻ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്കല്ല ഇവനിത് ചെയ്തതെന്നാണ് നിഗമനം. കഴിഞ്ഞ വർഷം മാത്രം ബ്രിട്ടണിലെ പല കമ്പനികളിൽ നിന്നായി ആറു ലക്ഷം ഉപഭോക്താക്കളുടെ പഴ്സനൽ വിവരങ്ങളാണ് ചോർത്തപ്പെട്ടത്. ഇത്തരത്തിൽ കിട്ടിയ ബാങ്കിങ് ഡേറ്റ ഉൾപ്പെടെയുള്ള വിവരങ്ങൾ സൈബർ കരിഞ്ചന്തയിൽ ഒന്നിന് 20 പൗണ്ട് എന്ന കണക്കിലാണു വിൽപനയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
0 Comments