നഗരത്തിന്റെ പെരുമ ഉയർത്താൻ ഇനി ഐഎൻഎസ് കൊച്ചിയും. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പൽ ‘ഐഎൻഎസ് കൊച്ചി’ ബുധനാഴ്ച കമ്മിഷൻ ചെയ്യുമ്പോൾ നമ്മൾക്കും അഭിമാനിക്കാൻ വകുപ്പുണ്ട്. കൊച്ചി നഗരത്തിന്റെ പേര് ഓളപ്പരപ്പിൽ നിറഞ്ഞു നിൽക്കുമെന്നതുതന്നെ പ്രധാനം.
അത്യാധുനിക സംവിധാനങ്ങളും കനത്ത പ്രഹരശേഷിയുമുള്ള ഏറ്റവും വലിയ ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകളുടെ ഗണത്തിലേക്കാണ് ഐഎൻഎസ് കൊച്ചിയും എത്തുന്നത്. കൊൽക്കത്ത ക്ലാസ് എന്നറിയപ്പെടുന്ന 15 എ ശ്രേണിയിലെ രണ്ടാമത്തെ കപ്പൽ. ഈ ശ്രേണിയിലെ ആദ്യ കപ്പലായ ഐഎൻഎസ് കൊൽക്കത്ത കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു രാജ്യത്തിനു സമർപ്പിച്ചത്. 15 എ ശ്രേണിയിലെ അവസാന കപ്പലായ ഐഎൻഎസ് ചെന്നൈയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. റഷ്യൻ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത 290 കിലോമീറ്റർ ശേഷിയുള്ള ബ്രഹ്‌മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളതാണു ഈ കപ്പലുകൾ. ഐഎൻഎസ് കൊൽക്കത്തയിൽനിന്നു ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചിരുന്നു.
ആകാശത്തേക്കു തൊടുക്കാവുന്ന ദീർഘദൂര മിസൈൽ(സർഫസ് ടു എയർ മിസൈൽ- സാം ), 76 എംഎം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട്(എസ്‌ആർജിഎം), എകെ 630 സിഐഡബ്യൂഎസ്(ക്ലോസ് ഇൻ വെപ്പൺ സിസ്‌റ്റം) എന്നീ ആയുധങ്ങൾ, ഏറ്റവും ആധുനിക കോമ്പാക്‌ട് മാനേജ്‌മെന്റ് സിസ്‌റ്റം(സിഎംഎസ്-15 എ), ഇലക്‌ട്രോണിക് വാർഫെയർ സിസ്‌റ്റം, എതിരാളികളുടെ റഡാർ നിയന്ത്രിത മിസൈലുകളുടെ ഗതിമാറ്റാനുള്ള കവച്, അത്യാധുനിക കമ്യൂണിക്കേഷൻ സംവിധാനങ്ങൾ...ഐഎൻഎസ് കൊച്ചിയുടെ സവിശേഷതകൾ ഏറെ.
പേരിൽ മാത്രമല്ല അഭിമാനിക്കാൻ വകുപ്പുള്ളത്. കപ്പലിന്റെ സോണാർ (എതിരാളികളെയും പ്രതിബന്ധങ്ങളെയും കണ്ടെത്താൻ വെള്ളത്തിനടിയിലൂടെ ശബ്‌ദ തരംഗങ്ങൾ അയയ്‌ക്കുന്ന സംവിധാനം) വികസിപ്പിച്ചെടുത്തിരിക്കുന്നത് കാക്കനാട്ടെ എൻപിഒഎല്ലിലാണ്. 12 ടൺ കരുത്തുള്ള രണ്ടു മീഡിയം റേഞ്ച് ഹെലികോപ്‌റ്ററുകൾ പ്രവർത്തിക്കാനുള്ള ശേഷിയും ഇതിനുണ്ട്. 164 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള കപ്പലിന്റെ ഭാരം 7500 ടൺ.
കമ്പൈൻഡ് ഗ്യാസ് ആൻഡ് ഗ്യാസ് പ്രൊപ്പൽഷൻ സംവിധാനമാണ്(കോഗ്യാസ്) കപ്പലിനുള്ളത്. നാലു ഗ്യാസ് ടർബൈനുകൾ ഉൾപ്പെടുന്ന സംവിധാനത്തിലൂടെ 30 നോട്ടിക്കൽ മൈൽ പരമാവധി വേഗം കപ്പലിനു ലഭിക്കും. 4.6 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഗ്യാസ് ടർബൈൻ ജനറേറ്ററുകളാണു കപ്പലിലുള്ളത്. മൂന്നൂറിലേറെ നാവികരും 27 ഓഫിസർമാരുമാണ് കപ്പലിലുണ്ടാകുക. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കിലാണു കപ്പൽ നിർമിച്ചത്.
0 Comments