മുംബൈ: ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ 'ഐ.എന്‍.എസ്. കൊച്ചി' ഇനി നാവികസേനയ്ക്ക് സ്വന്തം. മുംബൈയില്‍ ബുധനാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കപ്പല്‍ കമ്മിഷന്‍ ചെയ്തു. യുദ്ധക്കപ്പല്‍ വിഭാഗത്തില്‍ ഐ.എന്‍.എസ്. കൊല്‍ക്കത്തയോടൊപ്പം നില്‍ക്കുന്ന 'കൊച്ചി' ലോകോത്തരമാണെന്ന് പരീക്കര്‍ അവകാശപ്പെട്ടു.
കൊല്‍ക്കത്ത ശ്രേണിയില്‍പ്പെട്ട അടുത്ത യുദ്ധക്കപ്പല്‍ 'ഐ.എന്‍.എസ്. ചെന്നൈ' ഈ വര്‍ഷമവസാനം കമ്മിഷന്‍ ചെയ്യും. മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ 2005-ലാണ് 'കൊച്ചി'യുടെ നിര്‍മാണം ആരംഭിച്ചത്. 2009-ല്‍ പൂര്‍ത്തിയായെങ്കിലും പൂര്‍ണമായും സജ്ജമാകാതിരുന്നതിനാല്‍ കമ്മിഷന്‍ ചെയ്യുന്നത് നീണ്ടുപോകുകയായിരുന്നു.
4000 കോടിയുടെ കപ്പല്‍
* 164 മീറ്റര്‍ നീളം 7,500 ടണ്‍ ഭാരം. പരമാവധി വേഗം മണിക്കൂറില്‍ 56 കിലോമീറ്റര്‍
* എട്ട് നിലകളിലായി ഇരുനൂറിലധികം കമ്പാര്‍ട്ടുമെന്റുകള്‍
* സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വഹിക്കാന്‍ ശേഷി
* വിമാനവേധക മിസൈലുകള്‍, 76 മില്ലിമീറ്റര്‍ പീരങ്കി, യന്ത്രത്തോക്കുകള്‍, ടോര്‍പിഡോ, റോക്കറ്റുകള്‍ എന്നിവയും കപ്പലില്‍ സജ്ജം
* വ്യോമനിരീക്ഷണത്തിന് ഏറ്റവും മികച്ച റഡാറുകള്‍
* ഉയര്‍ന്ന മിസൈല്‍വേധക ശേഷി
* ശത്രുക്കളുടെ നിരീക്ഷണത്തില്‍ പെടാതെ സഞ്ചരിക്കാനും കഴിവ്
* മിസൈലുകള്‍, അന്തര്‍വാഹിനികള്‍, അണുവായുധങ്ങള്‍ തുടങ്ങിയ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള സംവിധാനം
* എതിരാളികളുടെ റഡാര്‍ നിയന്ത്രിത മിസൈലുകള്‍ ഗതിമാറ്റിവിടാനും കഴിവ്
* രണ്ട് ഹെലികോപ്റ്ററുകള്‍ക്കിറങ്ങാന്‍ സൗകര്യമുള്ള ഹെലോഡെക്ക്
* ദിവസേന 150 ടണ്‍ കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം
* പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുന്ന കൊച്ചിയില്‍ ചെറുശസ്ത്രക്രിയ ചെയ്യാനുതകുന്ന മെഡിക്കല്‍ സൗകര്യങ്ങളുമുണ്ട്.
* 40 ഓഫീസര്‍മാരും 350 സെയിലര്‍മാരും കപ്പലിലുണ്ടാകും
കൊച്ചിയുടെ പാരന്പര്യം
അറബിക്കടലില്‍ കൊച്ചിക്കുള്ള തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്താണ് കപ്പലിന് പേരിട്ടിരിക്കുന്നത്. കേരളത്തിന്റെ മുഖമുദ്രയായ ചുണ്ടന്‍ വള്ളവും വാളും പരിചയും കപ്പലിന്റെ മകുടത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. കപ്പലിന്റെ അടയാളചിഹ്നംതന്നെ കൊമ്പനാനയാണ്. ഐ.എന്‍.എസ്. കണ്ണൂര്‍, ഐ.എന്‍.എസ്. കോഴിക്കോട് എന്നിവയാണ് കേരളത്തിലെ സ്ഥലപ്പേരില്‍ അറിയപ്പെടുന്ന നാവിക സേനയുടെ മറ്റ് കപ്പലുകള്‍.
0 Comments