Subscribe Us

'നന്മ'യും 'മേന്മ'യും കര്‍ഷകരിലെത്തിക്കാന്‍ നടപടിയില്ല

വിഷവിമുക്ത പച്ചക്കറിക്കായി ശ്രമിക്കുമ്പോഴും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം മരച്ചീനിയിലയില്‍നിന്ന് വികസിപ്പിച്ചെടുത്ത ജൈവകീടനാശിനി കര്‍ഷകരിലെത്തിക്കാന്‍ നടപടിയില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷവിമുക്ത പച്ചക്കറിക്കായി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ(സി.ടി.സി.ആര്‍.ഐ.) സ്ഥാപനത്തില്‍ മരച്ചീനിയിലയില്‍നിന്ന് വികസിപ്പിച്ചെടുത്ത ജൈവകീടനാശിനി കര്‍ഷകരിലെത്തിക്കാന്‍ നടപടിയില്ല. 2010ല്‍ സി.ടി.സി.ആര്‍.എ.യിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. സി.എ.ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പാര്‍ശ്വഫലങ്ങളില്ലാത്ത, കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ജൈവകീടനാശിനികളായ നന്മ, മേന്മ, ശ്രേയ എന്നിവ വികസിപ്പിച്ചെടുത്തത്. 

പരീക്ഷണം വിജയിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. മരിച്ചീനിയിലയും തണ്ടും കിഴങ്ങിന്റെ തൊലിയും വെള്ളം ചേര്‍ത്ത് അരച്ച് പ്രത്യേക ഊഷ്മാവിലും രീതിയിലും വാറ്റിയെടുത്താണ് കീടനാശിനിയുണ്ടാക്കുന്നത്. ഇതിനുവേണ്ട യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഐ.എസ്.ആര്‍.ഒ.യാണ് സാങ്കേതികസഹായം നല്‍കിയത്. വാഴയിലെ തടതുരപ്പന്‍ പുഴു, ഇലതീനി പുഴു, മാണപ്പുഴു, മുഞ്ഞ, ഇലച്ചെള്ള് എന്നിവയെ ചെറുക്കുന്നതിന് ഈ കീടനാശിനികള്‍ ഉത്തമമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പച്ചക്കറികളായ മുളക്, പയര്‍, തക്കാളി, പാവല്‍, പടവലം, ചുരയ്ക്ക, കോവല്‍, കത്തിരി, വഴുതന, ചേന തുടങ്ങിയവയിലെ കീടങ്ങളെ അകറ്റാനും ഈ കീടനാശിനി ഉപയോഗിക്കാം. 

ഒരു മിനുട്ടുകൊണ്ട് കീടങ്ങളെ ഇല്ലാതാക്കാനുള്ള ശേഷി ഈ ജൈവകീടനാശിനികള്‍ക്കുണ്ട്. ഒരു കിലോ മരച്ചീനിയിലയില്‍നിന്ന് എട്ട് ലിറ്ററോളം ജൈവകീടനാശിനിയുണ്ടാക്കുന്നുണ്ട്. വാറ്റിയെടുത്ത ശേഷം ലഭിക്കുന്ന ചണ്ടിയില്‍നിന്ന് കാലിത്തീറ്റയും ഉല്പാദിപ്പിക്കുന്നത് പരീക്ഷണത്തിന്റെ ഇരട്ടി നേട്ടമായി. ഈ ജൈവകീടനാശിനികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ പണം മുടക്കാമെന്ന് സമ്മതിച്ചെങ്കിലും മേല്‍നോട്ടം വഹിക്കാന്‍ തയ്യാറായില്ല.

കീടനാശിനി വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്നതിന് മറ്റൊരു പ്രധാന തടസ്സം കീടനാശിനികള്‍ക്ക് വില്പനയ്ക്കുള്ള അനുമതി നല്‍കുന്ന കേന്ദ്രത്തിലെ സി.ഐ.ബി. ആന്‍ഡ് ആര്‍.സി. രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ 1968ലെ നിയമങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനിയും കടമ്പകള്‍ പലതും കടക്കേണ്ടതുണ്ട്. ഒരു കേന്ദ്ര ഗവേഷണസ്ഥാപനത്തില്‍ വികസിപ്പിച്ചെടുത്ത, ലക്ഷക്കണക്കിന് കര്‍ഷകരിലൂടെ പരീക്ഷിച്ച് വിജയംകണ്ട ഉല്പന്നത്തിന്റെ കാര്യത്തിലാണ് ഈ ഗതികേട്. നിലവില്‍ ആവശ്യക്കാര്‍ക്ക് കുറഞ്ഞയളവില്‍ ജൈവകീടനാശിനി സി.ടി.സി.ആര്‍.ഐ.യില്‍നിന്ന് നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളിലെ കീടങ്ങളെ ഇല്ലാതാക്കാനുള്ള ഗ്യാസ് രൂപത്തിലുള്ള വാതകം മരച്ചീനിയിലയില്‍നിന്ന് ഉല്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങളും സി.ടി.സി.ആര്‍.ഐ.യില്‍ ഡോ.ജയപ്രകാശിന്റെ നേതൃത്വത്തില്‍ അന്തിമഘട്ടത്തിലാണ്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS