ആ കണ്ണുകൾ മലയാളി കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുന്‍പേ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ബേബി ശാമിലിയുടേതാണ് അവ. ശാമിലിയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായിക.
മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ ബേബി ശാമിലി ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന ഉത്സവത്തില്‍ സംഭവിക്കുന്ന പത്ത് ദിവസത്തെ കഥയാണ് ചിത്രം.
ഒരുകാലത്ത് മലയാളത്തിലും തമിഴിലും ജനപ്രിയ ‘ബേബി’ വേഷങ്ങള്‍ ചെയ്തിരുന്ന ശാമിലി, സിദ്ധാര്‍ഥ് നായകനായി എത്തിയ ഒയ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരുന്നെങ്കിലും പിന്നീട് വിട്ടുനിന്നു. പിന്നീട് ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്.
കുഞ്ചാക്കോ ബോബനൊപ്പം തന്നെയാണ് ശാമിലിയുടെ സഹോദരിയായ ശാലിനി നായികയായി അരങ്ങേറ്റം കുറിച്ചത്. അതുതന്നെ ശാമിലിയെ ഈ സിനിമയോട് അടുപ്പിക്കാന്‍ ഒരു കാരണമായി. നായികാപ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കില്‍ കൂടി കഥാപാത്രത്തിന്‍റെ പ്രത്യേകതയാണ് ശാമിലിയെ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകനായ റിഷി പറയുന്നു. ഒരു തിയറ്റര്‍ ഓപ്പറേറ്റര്‍ ആയാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്.
ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രമാണ് ’വള്ളീം തെറ്റി പുള്ളീം തെറ്റി. നവാഗതനായ റിഷി ശിവകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിന്റെ ഛായാഗ്രാഹകനും കുഞ്ഞുണ്ണി തന്നെയാണ്.
0 Comments