Subscribe Us

ഐ.എസ്.ആര്‍.ഒ.യുടെ സ്വന്തം മലയാളി

കോലഞ്ചേരിയിലെ കടയിരുപ്പില്‍നിന്നും ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധപദ്ധതികളിലെ നിര്‍ണായക പങ്കാളിയായിവളര്‍ന്ന പീറ്ററിന്റെ ജീവിതം സമാനതകളില്ലാത്തതാണ്.

ഐ.എസ്.ആര്‍.ഒ.യും ഇന്ത്യന്‍ പട്ടാളവും ഒരുപോലെ വിശ്വസിക്കുന്ന ഒരു മലയാളിയുണ്ടെങ്കില്‍ അത് പീറ്റര്‍ വാലത്ത് ആയിരിക്കും.
കോലഞ്ചേരിയിലെ കടയിരുപ്പില്‍നിന്നും ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധപദ്ധതികളിലെ നിര്‍ണായക പങ്കാളിയായിവളര്‍ന്ന പീറ്ററിന്റെ ജീവിതം സമാനതകളില്ലാത്തതാണ്. 13 വര്‍ഷത്തോളം ഷിപ്പിങ് മേഖലയില്‍. ഇന്ത്യയിലും വിദേശങ്ങളിലുമായി ചീഫ് എന്‍ജിനീയര്‍ പദവിവരെ നീണ്ട സുന്ദര, സുരഭില ജീവിതത്തിന് ഇടയ്ക്കുവെച്ചൊരു ബ്രേക്ക് കൊടുത്തിട്ടാണ് പീറ്റര്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനായി നാട്ടിലെത്തിയത്.
എറണാകുളം ജില്ലയിലെ കടയിരുപ്പില്‍ വി.പി. പൗലോസിന്റെയും റാഹേലിന്റെയും എട്ട് മക്കളില്‍ അഞ്ചാമനായ പീറ്റര്‍ ആലുവ യു.സി. കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി കഴിഞ്ഞശേഷം കോതമംഗലത്തെ മാര്‍ അത്തനേഷ്യസില്‍നിന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തത്. തുടര്‍ന്ന് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ മുതല്‍ സിംഗപ്പൂര്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍വരെ നീണ്ട ഔദ്യോഗിക ജിവിതം. ആവശ്യത്തിന് പണമായപ്പോള്‍ പീറ്റര്‍ സ്വന്തംവഴി സ്വയം വെട്ടിത്തുറക്കാന്‍ തീരുമാനിച്ചു.
സുഹൃത്ത് അരവിന്ദനാണ് തിരുവനന്തപുരത്തെ ഫര്‍ണസ് ഫാക്ടറിയിലേക്ക് പീറ്ററിനെ ക്ഷണിച്ചത്. അരവിന്ദന് ചെന്നൈയിലും ഒരു ഫാക്ടറിയുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഫാക്ടറി പ്രശ്‌നങ്ങളില്‍നിന്ന് പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുകയാണെന്നും വേണമെങ്കില്‍ ഒരു കൈ നോക്കിക്കോളൂ എന്നും പറഞ്ഞാണ് അരവിന്ദന്‍ വിളിച്ചത്. പുതിയൊരു ഉത്പന്നമുണ്ടാക്കാന്‍ ഐ.എസ്. ആര്‍.ഒ.( ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന) യുമായി ധാരണയുണ്ടാക്കുന്നതിനുള്ള അവസരം വാതില്‍ക്കല്‍വന്ന് നില്‍ക്കുന്നുണ്ടെന്ന വിവരമാണ് തിരുവനന്തപുരത്തെ കമ്പനിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് പീറ്റര്‍ പറയുന്നു.
കമ്പനി നഷ്ടത്തിലാണോയെന്ന് പീറ്റര്‍ നോക്കിയതേയില്ല. 'ബാലന്‍സ് ഷീറ്റെന്നു പറഞ്ഞാല്‍ എന്താണെന്നു തന്നെ എനിക്ക് വലിയ പിടിപാടുണ്ടായിരുന്നില്ല. പുതിയൊരു ഉതപന്നം നിര്‍മിക്കാനുള്ള അവസരമാണ് എന്നെ ആകര്‍ഷിച്ചത്.' അങ്ങനെ മാനേജിങ് പാര്‍ട്ണറുടെ സ്ഥാനം ഏറ്റെടുത്തുകൊണ്ട് പീറ്റര്‍ കൊച്ചുവേളിക്കടുത്തുള്ള ഫര്‍ണസ് ഫാക്ടറിയിലെത്തി.
സിലിക്ക ഫാബ്രിക് എന്ന ഉത്പന്നം വേണമെന്നതായിരുന്നു ഐ.എസ്.ആര്‍.ഒ.യുടെ ആവശ്യം. അതി താപ പ്രതിരോധശേഷിയുള്ള വസ്തുവാണ് സിലിക്ക ഫാബ്രിക്. രണ്ടായിരം ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ സിലിക്കകൊണ്ടുണ്ടാക്കുന്ന ഈ 'തുണി' ക്ക് കഴിയും. ഇതിന്റെ സംസ്‌കരണ സാങ്കേതികവിദ്യ ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്തിരുന്നു. ഐ.എസ്.ആര്‍.ഒ. ബഹിരാകാശത്തേക്കുവിടുന്ന വാഹനങ്ങളുടെയെല്ലാം പുറംഭാഗത്ത് സിലിക്ക ടൈല്‍കൊണ്ട് പൊതിഞ്ഞിരിക്കും .വിക്ഷേപണവേളയിലുണ്ടാവുന്ന കടുത്തചൂടിനെ ഈ വാഹനങ്ങള്‍ അതിജീവിക്കുന്നത് ഇതിലൂടെയാണ്. ബഹിരാകാശത്തുപോയി തിരിച്ചെത്താന്‍കഴിയുന്ന വിക്ഷേപണ വാഹനം ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനുള്ള സിലിക്ക ഫാബ്രിക്കും പീറ്ററിന്റെ ഫാക്ടറിതന്നെയാണ് നല്‍കുന്നത്.
സിലിക്ക ഫാബ്രിക്കിന്റെ സംസ്‌കരണ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് തുമ്പയിലെ വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞനായ കെ. ഗോവിന്ദരാജുവാണ്. ഈ സാങ്കേതിക വിദ്യ പീറ്ററിനെ വിശ്വസിച്ചേല്‍പ്പിക്കുന്നതിന് മുന്‍കൈയെടുത്തതും അദ്ദേഹമായിരുന്നു. ഐ.എസ്.ആര്‍. ഒ.യുടെ സാങ്കേതികവിദ്യ വ്യാവസായിക നിര്‍മിതിക്ക് അനുയോജ്യമായി വികസിപ്പിച്ചെടുത്തത് പീറ്ററാണ്.

തിരുവനന്തപുരം ഒരു പാഠപുസ്തകം

തിരുവനന്തപുരത്ത് ഫാക്ടറിനടത്തിയത് പീറ്ററിന് നല്‍കിയത് അനുഭവങ്ങളുടെ വലിയപാഠങ്ങളാണ്. കമ്പനി നഷ്ടത്തിലായിരുന്നിട്ടും പീറ്റര്‍ തൊഴിലാളികള്‍ക്ക് ഓണത്തിന് 18 ശതമാനം ബോണസ് പ്രഖ്യാപിച്ചു. ഇതറിഞ്ഞ് യൂണിയന്‍ നേതാവും കൂട്ടരും ഓഫീസിലെത്തി. ബോണസ് പ്രഖ്യാപിക്കാന്‍ താനാരാണെന്നായിരുന്നു നേതാവിന്റെ ചോദ്യം. പീറ്റര്‍ അയാളെ എഴുന്നേല്‍പിച്ചു വിട്ടു. ഒരു വ്യക്തിയെയല്ല ഒരു പ്രസ്ഥാനത്തെയാണ് അവഹേളിച്ചിരിക്കുന്നതെന്നും പീറ്ററിനെ ഒരു പാഠം പഠിപ്പിക്കുമെന്നും പറഞ്ഞാണ് നേതാവ് മടങ്ങിയത്.
പറഞ്ഞതുപോലെതന്നെ നേതാവ് ആളെക്കൂട്ടി ഫാക്ടറി ഉപരോധിച്ചു.' അംബാസഡറില്‍ ഞെളിഞ്ഞുനടക്കും പീറ്ററേ, നിന്നെ കൊന്ന് കടലിലെറിയും' എന്നായിരുന്നു മുദ്രാവാക്യം. വൈകിട്ട് പീറ്ററിന്റെ വീടിനു വെളിയിലും ഇതേ മുദ്രാവാക്യമുയര്‍ന്നു. പീറ്ററിന്റെ അമ്മാവന്‍ തിരുവനന്തപുരത്തെ പ്രശസ്ത ഡോക്ടറായിരുന്നു. അമ്മാവന്‍ കൊടുത്ത കത്തുമായി പീറ്റര്‍ ഡി.ജി.പി.യെ കണ്ടു. തൊഴില്‍പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പോലീസിനുള്ള പരിമിതി ഡി.ജി.പി. വ്യക്തമാക്കി. എന്നിട്ട് അദ്ദേഹം പീറ്ററിനോട് പറഞ്ഞു.' വ്യവസായംകൊണ്ട് രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ സംസ്ഥാനം വിട്ടു പോവുന്നതാണ് നല്ലത്.. ആ ഉപദേശം പീറ്റര്‍ സ്വീകരിച്ചു. സുഹൃത്ത് അരവിന്ദനും പീറ്ററിനെ ചെന്നൈയിലേക്ക് വിളിച്ചു.
തിരുവനന്തപുരത്തെ ഫാക്ടറിപൂട്ടി പീറ്റര്‍ നേരെ ചെന്നൈയിലെത്തി അമ്പത്തൂരില്‍ ഫാക്ടറി തുറന്നു. നാട്ടിലുള്ള ഭൂമിയുംമറ്റും വിറ്റാണ് പീറ്റര്‍ തിരുവനന്തപുരത്തെ കടം വീട്ടിയത്. സിലിക്ക ഫാബ്രിക് നിര്‍മിക്കാന്‍ ഐ.എസ്.ആര്‍.ഒ. മുന്‍കൂറായി നല്‍കിയ 12 ലക്ഷം രൂപയും ബാങ്കുകള്‍ക്ക് കൊടുത്തു. അമ്പത്തൂരിലെ ഫാക്ടറിയില്‍ ആറുമാസംകൊണ്ട് പീറ്റര്‍ സിലിക്ക ഫാബ്രിക് പുറത്തിറക്കി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പീറ്റര്‍ ഫാക്ടറി കേളമ്പാക്കത്തിനടുത്ത് കഴിപ്പത്തൂരിലേക്ക് മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ 25 വര്‍ഷമായി വാലെത്ത് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം ഇവിടെയാണ്.
രണ്ടരവര്‍ഷം മുമ്പാണ് പീറ്റര്‍ കേരളത്തിലേക്ക് ഒരു വ്യവസായ സംരംഭത്തിനായി തിരിച്ചെത്തിയത്. നാവിക സേനയും മറ്റും ഉപയോഗിക്കുന്ന പട്രോളിങ് ബോട്ടുകള്‍ നിര്‍മിക്കുന്ന കേന്ദ്രം എറണാകുളത്ത് എടയാറിലാണ് പീറ്റര്‍ തുടങ്ങിയത്. അത്യാഡംഭര ബോട്ടുകളും മറ്റും നിര്‍മിച്ചുകൊണ്ട് ഈ സംരംഭം വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് പീറ്ററിപ്പോള്‍. 

പിനാക്ക റോക്കറ്റും ഷോള്‍ഡര്‍ ബോണ്‍ ഗണ്‍ ബാരലും

ഇന്ത്യന്‍ പട്ടാളം ഉപയോഗിക്കുന്ന പിനാക്ക റോക്കറ്റുകള്‍ പ്രധാനമായും നിര്‍മിക്കുന്നത് പീറ്ററിന്റെ ഫാക്ടറിയിലാണ്. 40 കിലോമീറ്റര്‍ ദുരംവരെ താണ്ടുന്ന ഈ റോക്കറ്റുകള്‍ മാരകമായ പ്രഹരശേഷി ഉള്ളവയാണ്. ഇതിനുള്ളിലെ സ്‌ഫോടക വസ്തുക്കളും ഇന്ധനവുമൊഴികെ എല്ലാഭാഗങ്ങളും നിര്‍മിക്കുന്നത് വാലെത്ത് ഗ്രൂപ്പാണ്. കാര്‍ഗില്‍യുദ്ധത്തില്‍ ഈ റോക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. മിസൈലുകളുടെ വിവിധഭാഗങ്ങളും ഇന്ത്യന്‍ നാവികസേന ഉപയോഗിക്കുന്ന അണ്ടര്‍വാട്ടര്‍ മൈനുകളും പീറ്ററിന്റെ ഫാക്ടറിയില്‍നിന്ന് പുറത്തുവരുന്നുണ്ട്.തോളില്‍ ചുമന്നുകൊണ്ടുപോവാന്‍ കഴിയുന്ന ഷോള്‍ഡര്‍ ബോണ്‍ ഗണ്‍ ബാരല്‍ പീറ്ററിന്റെ ഫാക്ടറിയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ പട്ടാളത്തിനുവേണ്ടി വികസിപ്പിച്ചെടുത്ത അര്‍ജുന്‍ ടാങ്കുകളുടെ ബാലിസ്റ്റിക് പാനലുകളും പീറ്ററിന്റെ ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്.അടുത്തിടെ രണ്ടുസീറ്റുള്ള ഒരു വിമാനം പീറ്റര്‍ ചെന്നൈയിലെ ഫാക്ടറിയില്‍ നിര്‍മിച്ചു. വ്യോമയാന ഡയറക്ടറേറ്റ് അനുമതി നല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ ഇത് പറത്തുന്നതിന് ഇനിയും പീറ്ററിനായിട്ടില്ല. പക്ഷേ, സമീപഭാവിയില്‍ താന്‍ ഈ വിമാനം പറത്തിയിരിക്കുമെന്നുതന്നെയാണ് പീറ്റര്‍ പറയുന്നത്. ഇതിനായി പൈലറ്റിനായുള്ള പരിശീലനം പീറ്റര്‍ ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുകയാണ്.

 അഴിമതി , സര്‍വത്ര അഴിമതി

ഇക്കഴിഞ്ഞ 25 കൊല്ലത്തെ വ്യാവസായികഅനുഭവം പീറ്ററിനു പകര്‍ന്നുനല്‍കിയ ഒരു പ്രധാനപാഠം ഇന്ത്യയില്‍ വ്യവസായം നടത്തുക എളുപ്പമല്ല എന്നതാണ്. ' മനം മടുപ്പിക്കുന്ന അഴിമതിയാണ്. എന്തിനുമേതിനും കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തില്‍ ഐ.എസ്.ആര്‍.ഒ. മാത്രമാണ് ഒരു അപവാദം എന്നും പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിയുടെ കറപുരളാത്ത ഒരു മേഖലയാണത്. വെള്ളം, വൈദ്യുതി, റോഡ് എന്നീ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടിവരുന്നതെന്ന് പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലെ ഫാക്ടറിയില്‍ ജനറേറ്റര്‍ ഉപയോഗിക്കാത്ത ഒരു ദിവസംപോലുമില്ല.ഹൈദരാബാദിലും തായ്ലന്‍ഡിലും പുതിയ യൂണിറ്റുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പീറ്ററിപ്പോള്‍. തായ്ലന്‍ഡില്‍ വ്യവസായം തുടങ്ങുന്നതിന് ഒരു പ്രശ്‌നവുമില്ലെന്ന് പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.' തീര്‍ത്തും സുതാര്യമായ നടപടിക്രമങ്ങളാണ് അവിടെയുള്ളത്. 

മതമല്ല, കര്‍മ്മമാണ് പ്രധാനം

പീറ്റര്‍ ഒരു മതവിശ്വാസിയല്ല. ചെറുപ്പത്തില്‍ സണ്‍ഡെ സ്‌കൂളില്‍ പോവാന്‍ മടികാട്ടിയിരുന്ന പയ്യന്‍ ഇപ്പോഴും അതേ പാതയിലാണ്. ആറുദിവസംകൊണ്ട് പ്രഞ്ചംസൃഷ്ടിച്ചശേഷം ഒരു ദിവസം ദൈവം വിശ്രമിച്ചുവെന്നത് ഉള്‍ക്കൊള്ളാന്‍ തനിക്കായിട്ടില്ലെന്ന് പീറ്റര്‍ തുറന്നുപറയുന്നു. പ്രപഞ്ചം എങ്ങനെയുണ്ടായി എന്നത് ഒരു കടങ്കഥയാണ്. അതിനുള്ള എളുപ്പമാര്‍ന്ന ഉത്തരമാണ് ദൈവം. മനുഷ്യന്‍ സൃഷ്ടിച്ച ഉത്തരമാണത്. പ്രപഞ്ചത്തിനുപിന്നില്‍ ഒരു ശക്തിയുണ്ടായിരിക്കാം. പക്േഷ, ആ ശക്തിയെ ദേവാലയത്തില്‍ പോയി ആരാധിക്കേണ്ട കാര്യമില്ലെന്ന് പീറ്റര്‍ പറയുന്നു.
പക്ഷേ, മറ്റുള്ളവര്‍ പള്ളിയിലും ക്ഷേത്രത്തിലും പോവുന്നതിന് തനിക്കെതിരില്ലെന്നും ഭാര്യെയ്ക്കാപ്പം പലപ്പോഴും താനും ആരാധനാലയങ്ങളില്‍ പോയിട്ടുണ്ടെന്നും പീറ്റര്‍ വ്യക്തമാക്കുന്നു.' കര്‍മമാണ് മനുഷ്യനെ നിര്‍വചിക്കുന്നതും നിര്‍ണയിക്കുന്നതും. ആരെയും സഹായിച്ചില്ലെങ്കിലും ആര്‍ക്കും ഉപദ്രവം ചെയ്യരുത്.' 
തൃശ്ശൂരുകാരി ആശയെയാണ് പീറ്റര്‍ ജീവിത സഖിയാക്കിയത്. മൂന്നുവര്‍ഷം മുമ്പ് ആശ അര്‍ബ്ബുദത്തിന് കീഴടങ്ങിയത് പീറ്ററിന്റെ ജിവിതത്തിലെ വലിയൊരു തിരിച്ചടിയായിരുന്നു. അഞ്ജനയും നിഥിനുമാണ് മക്കള്‍. അഞ്ജന ഭര്‍ത്താവിനൊപ്പം അയര്‍ലന്‍ഡിലാണ്. എന്‍ജിനീയറിങ്ങും എം.ബി.എ.യും കഴിഞ്ഞ മകന്‍ നിഥിന്‍ പിതാവിനൊപ്പം വാലെത്ത് ഇന്‍ഡസ്ട്രീസിന്റെ സാരഥിയാണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS