Subscribe Us

മൊയ്തീന്‍ കാഞ്ചനമാല-ഒരപൂര്‍വ പ്രണയജീവിതം


''എന്നെ എതിര്‍ത്തവരെല്ലാം പിന്നീട് എന്റെ കൈയില്‍ പാവ തുള്ളുന്നതുപോലെ തുള്ളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് എന്റെ കഴിവുകൊണ്ടല്ല. ഈശ്വരാനുഗ്രഹം കൊണ്ടാണ്. ഞാനെന്റെ നാട്ടിലെ ഓരോരുത്തരുടേയും ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. അത് തച്ചുടയ്ക്കാന്‍ എനിക്കല്ലാതെ ആര്‍ക്കും കഴിയില്ല. കാരണം അത് സംഭവിക്കണമെങ്കില്‍ ഞാന്‍ ചീത്തയാകണം. ഇന്നുള്ള ആ പ്രതിഷ്ഠ പൂര്‍വോപരി പ്രകാശമാനമാക്കുകയല്ലാതെ അത് ഊതിക്കെടുത്താന്‍ ഞാന്‍ അവസരം ഉണ്ടാക്കില്ല. ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. ഈശ്വരന്റെ ഇഷ്ടജനങ്ങളായ ദരിദ്രലക്ഷങ്ങളോട് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന നമുക്ക് ഈശ്വരന്‍ തുണയുണ്ടാകും.''- ബി.പി. മൊയ്തീന്‍

'മൊയ്തീന്‍ കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം' വാങ്ങാം

ബി.പി. മൊയ്തീനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കരിങ്കുരങ്ങുണ്ടായിരുന്നു. ഓമനത്ത്വമുള്ള ഒരു കുട്ടിക്കുരങ്ങ്. ചീനിയുടെ ചുവട്ടില്‍ വെച്ചാണ് ആദ്യം ആ കാഴ്ച കാണുന്നത്. രാവിലെ ചേന്ദമംഗല്ലൂരിലെ സ്‌കൂളിലേക്ക് പോകുകയായിരുന്നു ഞാന്‍. പുല്‍പ്പറമ്പ് കഴിഞ്ഞ് കൊടിയത്തൂരിലേക്ക് പോകുന്ന തെയ്യത്തിന്‍കടവിലേക്ക് തിരിയുന്നേടത്താണ് കൂറ്റന്‍ ചീനിമരം. ബസ് കാത്തു നില്ക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും വിശാലമായ തണലൊരുക്കി നില്ക്കുന്ന ചീനിയുടെ ചുവട്ടില്‍ വെള്ളാരങ്കണ്ണുകളുള്ള ആ വലിയ മനുഷ്യന്‍ നില്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചുമലിലായിരുന്നു സീത. 

ക്ലാസില്‍ ചെന്നപ്പോള്‍ റഫീഖ് പറഞ്ഞു: അതാണ് ബി.പി മൊയ്തീന്‍. 

ആ കുരങ്ങിന്റെ പേര് സീതയാണെന്നും പെണ്ണു കെട്ടാത്ത മൊയ്തീന്റെ കൂടെ എപ്പോഴും സീതയുണ്ടാകുമെന്നും അവന്‍ പറഞ്ഞുതന്നു. റഫീഖ് മുക്കത്തുകാരനാണ്. സിനിമാളിലെ മമ്മദാജിയുടെ മകന്‍. (വയലില്‍ എന്നാണ് അവരുടെ ശരിക്കുള്ള വീട്ടുപേര്. പണ്ട്, സിനിമാ ടാക്കീസ് ഉണ്ടായിരുന്ന സ്ഥലത്ത് വീടുവെച്ചപ്പോള്‍ അവരുടെ വീട്ടു പേര് 'സിനിമാളെ'ന്നായി. റഫീഖ് മാളിക എന്ന പേരില്‍ അറിയപ്പെടുന്ന അവന്‍ ഇപ്പോള്‍ മുക്കത്തെ പ്രമുഖ വ്യാപാരിയാണ്).

മുക്കത്തുകാരനായ ബി.പി. മൊയ്തീനെക്കുറിച്ച് പിന്നെയും അവന്‍ ഇടയ്ക്കു പറഞ്ഞുതരും. സിനിമാക്കാരുമായുള്ള ബന്ധം. ജയന്‍ നായകനായ അഭിനയം സിനിമ നിര്‍മിച്ച കഥ. എല്ലാ സിനിമയും കണ്ട് അതിന്റെ കഥകള്‍ വള്ളിയും പുള്ളിയും വിടാതെ ഒരു തിരക്കഥപോലെ പറഞ്ഞു തരാന്‍ റഫീഖ് മിടുക്കനായിരുന്നു. ഇങ്ങനെ റഫീഖിന്റെ വാക്കുകളിലൂടെ മാത്രം ഞാന്‍ എത്രയോ സിനിമ കണ്ടിട്ടുണ്ട്. അഭിനയത്തിന്റെ ഷൂട്ടിങ്ങിന് കട്ടാങ്ങലും പരിസരത്തും വന്നപ്പോഴാണ് റഫീഖ് ജയനെ കാണുന്നത്. അതിനൊക്കെ കഴിവുള്ള വലിയ ഒരാളായി ബി.പി. മൊയ്തീന്‍ എന്റെ കുഞ്ഞു മനസ്സിലും കുടിയേറി.

എന്നാലും ചീനിയുടെ ചുവട്ടില്‍ സീതയോടൊപ്പം കണ്ട മൊയ്തീനായിരുന്നു എന്റെ മനസ്സില്‍. പിന്നെ മൊയ്തീനെ കാണുമ്പോഴൊക്കെ ആദരപൂര്‍വം നോക്കിനിന്നിട്ടുണ്ട്. ആ വെള്ളാരങ്കണ്ണുകളില്‍ എപ്പോഴും സ്‌നേഹം തുളുമ്പി നില്ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അത്. അന്നു പക്ഷേ, മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് റഫീഖിന് അറിയാമായിരുന്നോ എന്നെനിക്കറിയില്ല. അവന്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞതായി ഓര്‍മയില്ല. പ്രണയത്തെക്കുറിച്ചൊക്കെ ഞങ്ങള്‍ ഏഴാം ക്ലാസുകാര്‍ ഇടയ്ക്കിടെ ചര്‍ച്ച ചെയ്തിരുന്നതാണല്ലോ. 

മൊയ്തീനെ പിന്നെ ഇരുവഴിഞ്ഞി കൊണ്ടുപോയി. അപ്പോഴേക്കും ഞാന്‍ ഹൈസ്‌കൂള്‍ പഠനത്തിന് വാടാനപ്പള്ളിയിലെ യത്തീംഖാനയിലെത്തിയിരുന്നു. നന്നായി മഴപെയ്ത ഒരു രാവിലെ ഓര്‍ഫനേജിന്റെ ലൈബ്രറിയില്‍, പത്രങ്ങള്‍ വായിക്കാന്‍ ചെന്നപ്പോഴാണ് കറുപ്പില്‍ വെള്ള അക്ഷരങ്ങള്‍ നിരത്തിയ ആ വാര്‍ത്ത കണ്ടത്. ഇരുവഴിഞ്ഞിപ്പുഴയില്‍ തോണിദുരന്തം. തെയ്യത്തിന്‍കടവില്‍ തോണി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ദൈവമേ, ഇതെന്റെ പുഴയാണല്ലോ. ഞാന്‍ കൊടിയത്തൂരില്‍ അമ്മായിയുടേയും എളേമയുടേയും വീട്ടില്‍ പോകുന്നത് ഈ കടത്തു വഴിയാണ്.

വെള്ളരിമലയില്‍ ഉരുള്‍പൊട്ടി, കൂലംകുത്തിയൊഴുകിയ പുഴയില്‍ നിറയെ യാത്രക്കാരുമായി മറുകരയ്ക്കു നീങ്ങിയ കൊച്ചുതോണി മറിഞ്ഞു. ഒരു സ്ത്രീയെയും കുട്ടിയേയും ജീവിതത്തിന്റെ കരയിലേക്ക് കൊണ്ടുവന്ന മൊയ്തീന്‍ പക്ഷേ, വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കവെ കയങ്ങളിലേക്ക് താണുപോയി. ഉള്ളാട്ടില്‍ ഉസ്സന്‍കുട്ടിയാണ് മരിച്ചുപോയ മറ്റൊരാള്‍. അന്ന് പുഴ കൊണ്ടുപോയ അംജത്‌മോനെ ഇന്നോളം തിരിച്ചുകിട്ടിയിട്ടില്ല. 

രണ്ടു പേരുടെ ജീവന്‍ രക്ഷിച്ച് പിന്നെയും രക്ഷകനായി തിരിച്ചു നീന്തിയ മൊയ്തീന്‍ കലങ്ങി മറിഞ്ഞ്, കൂലംകുത്തിയൊഴുകിയ ആ മലവെള്ളത്തില്‍ ഏറെ പിടിച്ചുനില്ക്കാന്‍ കഴിയാതെ തോറ്റുകൊടുത്തു. മൊയ്തീന്‍ പോയി. വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ മൊയ്തീനെക്കുറിച്ചും സീതയെക്കുറിച്ചും ഓര്‍ത്തു. കാഞ്ചനേടത്തി എന്റെ ചിത്രത്തിലെവിടയുമില്ലായിരുന്നു. 

പിന്നീട് കാഞ്ചനേടത്തിയെ കണ്ടപ്പോള്‍ ആരോ പറഞ്ഞു, അത് മൊയ്തീന്റെ വിധവയാണെന്ന്. മൊയ്തീന്‍ പെണ്ണുകെട്ടിയിട്ടില്ലെന്നാണ് എന്റെ അറിവ്. ഇരുവരും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്നും കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും മൊയ്തീന്‍ കെട്ടാത്ത മൊയ്തീന്റെ വിധവയാണ് കാഞ്ചനേടത്തിയെന്നും മനസ്സിലായത് പിന്നെയാണ്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്‍. മോഹനന്‍ 'മൊയ്തീന്‍' എന്ന കഥയെഴുതുന്നത്. അക്കഥയില്‍ കാഞ്ചനേടത്തിയുടെ പേര് നിര്‍മല എന്നായിരുന്നു. മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം ഞാനറിയുന്നത് ആ കഥയില്‍നിന്നാണ്. ഒരു പുഴയും, ഒരു കടലും അത്ര ആഴത്തിലൊഴുകുന്നില്ലെന്ന് ഞാനറിയുന്നതും അപ്പോഴാണ്. തന്നേക്കാള്‍ ആഴത്തിലൊഴുകുന്ന പ്രണയപ്പുഴയോടുള്ള പകയാണോ ഇരുവഴിഞ്ഞി മൊയ്തീനോടും കാഞ്ചനയോടും തീര്‍ത്തത്?

ജീവിച്ചിരിക്കുന്ന കാഞ്ചനേടത്തിയുടെ നന്മ വിചാരിച്ചാകും മോഹന്‍ കഥയില്‍ അവരുടെ പേര് ചേര്‍ക്കാതിരുന്നത്. ഇപ്പോള്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള അനശ്വരപ്രണയം പലപ്പോഴായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. എത്ര എഴുതിയാലും ആ പ്രണയകഥയുടെ തീവ്രത നമുക്ക് അനുഭവിക്കാന്‍ കഴിയില്ല. കല്‍പ്പനകളെ വെല്ലുന്ന യാഥാര്‍ഥ്യമാണ് ഈ ജീവിതം. ഇതുപോലൊരു പ്രണയം ലോകത്തെവിടെയെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? 

മൊയ്തീന്റെ ഉമ്മ എ.എം. ഫാത്തിമ വന്നാണ് ആത്മഹത്യയ്‌ക്കൊരുങ്ങിയ കാഞ്ചനമാലയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. മൊയ്തീന്റെ പേരില്‍ സേവാമന്ദിരവും അതിന്റെ കീഴില്‍ സാമൂഹിക പ്രവര്‍ത്തനവുമായി അവര്‍ ജീവിക്കുന്നു. ചില്ലിട്ടുവെച്ച മൊയ്തീന്റെ ഛായാചിത്രത്തിനു കീഴെ ഏകാകിനിയായി, ഇന്നോളം ഒരു പെണ്ണും കടന്നുപോയിട്ടില്ലാത്ത പ്രണയവഴിത്താരയില്‍ തീര്‍ത്തും ഏകാന്തപഥികയായി. മൊയ്തീന്റെ മരണത്തിനു പിന്നാലെ സ്വന്തം ജീവനൊടുക്കാന്‍ അവര്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നുവെങ്കില്‍ മൊയ്തീനും കാഞ്ചനയും വെറുമൊരു പൈങ്കിളിക്കഥയിലെ നായികാനായകന്‍മാരായി എന്നോ വിസ്മൃതിയില്‍ മറഞ്ഞുപോയേനെ. 

കാലത്തിനും ശരീരത്തിനും അപ്പുറത്ത്, ജീവിതത്തിനും മരണത്തിനും അപ്പുറത്ത് കാഞ്ചന മൊയ്തീനേയും മൊയ്തീന്‍ കാഞ്ചനയേയും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. പ്രണയം സാമൂഹികപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവുമാകുന്നതും കാല്‍പ്പനികതക്കപ്പുറത്തെ യാഥാര്‍ഥ്യമാകുന്നതും മതത്തിനും ജാതിക്കുമപ്പുറത്തെ സ്‌നേഹമാകുന്നതും ഈ ജീവിതകഥയില്‍ നമുക്കു കാണാന്‍ കഴിയും. പ്രണയികള്‍ക്ക് പരസ്​പരം മാത്രമല്ല, ലോകത്തെ മുഴുവന്‍ പ്രചോദിപ്പിക്കാനാകുമെന്ന് കാഞ്ചനമാലയും മൊയ്തീനും പറയുന്നു.

ജാതിമത ചിന്തകള്‍ക്കും മാംസനിബദ്ധമായ രാഗങ്ങള്‍ക്കുമപ്പുറം മനുഷ്യനൊരു ജീവിതമുണ്ടെന്ന് തെളിയിച്ച കാഞ്ചനേടത്തിയുടെ ജീവിതം വരുംതലമുറകള്‍ക്കായി പകര്‍ത്തിവെക്കേണ്ടത് ഒരു ബാധ്യതയായി സ്വയം തോന്നിയതുകൊണ്ടാണ് ഈ പുസ്തകരചനയ്ക്ക് ഒരുമ്പെട്ടത്. ഇരുവഴിഞ്ഞീ തീരത്തെ ഇതിഹാസമായി ഈ ജീവിതം പകര്‍ത്തുമ്പോള്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്.

ഇതൊരു സമ്പൂര്‍ണ ജീവിതരേഖയല്ല. കുറെ ആളുകളുടെ മങ്ങിത്തുടങ്ങിയ ഓര്‍മകളില്‍നിന്ന് ചികഞ്ഞെടുത്ത ഏതാനും നഖചിത്രങ്ങളാണ്. മുക്കത്തെ പഴയ തലമുറയിലെ ആരോടു ചോദിച്ചാലും മൊയ്തീനെ കുറിച്ച് ഒരു നൂറു കഥകള്‍ പറയാനുണ്ടാകും. മൊയ്തീന്റെ സ്‌നേഹത്തെക്കുറിച്ച്, സാഹസികതയെക്കുറിച്ച്, ധീരതയെക്കുറിച്ച് എല്ലാം. അതൊക്കെ പകര്‍ത്താന്‍ ഒരുപാട് താളുകള്‍ വേണം. കാഞ്ചനേടത്തിയുടെ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒരുപാട് എഴുതാനുണ്ട്.

മൂന്നു വര്‍ഷത്തിലേറെ സമയമെടുത്ത് പലപ്പോഴായി കാഞ്ചനേടത്തിയുടെ ഒരുപാട് സമയം കവര്‍ന്നെടുത്താണ് ഈ പുസ്തകത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്. പല കഥകളും അവര്‍ പറയുമ്പോള്‍ അവര്‍ കണ്ണീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു. മൊയ്തീന്റെ കത്തുകള്‍ കേവലം പ്രണയലേഖനങ്ങളായിരുന്നില്ല. ഒരു നാടിന്റെ രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക ചരിത്രം കൂടിയാണ് അത്. കാലങ്ങള്‍ക്കിപ്പുറം അവയിലൂടെ സഞ്ചരിക്കുമ്പോള്‍ ആ പ്രണയിനി പലപ്പോഴും വികാരവിക്ഷുബ്ധയായി.

(മൊയ്തീന്‍ കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം എന്ന പുസ്തകത്തിന് എഴുതിയ ആമുഖം)

പുസ്തകം വാങ്ങാം

Post a Comment

0 Comments

CLOSE ADS


CLOSE ADS