Subscribe Us

ഔഷധഗുണമുള്ള കരിങ്കോഴികള്‍


ഇന്ത്യന്‍ ജനുസ്സില്‍പ്പെട്ട കോഴിവര്‍ഗമാണ് കരിങ്കോഴികള്‍ അഥവാ 'കടക്കനാത്ത്' എന്നറിയപ്പെടുന്നത്. മധ്യപ്രദേശിലെ ഗോത്രവര്‍ഗ കുടുംബങ്ങളാണ് ഇതിനെ വളര്‍ത്തിയിരുന്നത്. ഇന്ന് ഇന്ത്യയില്‍ പലഭാഗങ്ങളിലും ഇതിനെ വളര്‍ത്തിവരുന്നു. 'കാലി മാസി' അഥവാ കറുപ്പുനിറമുള്ള മാംസം തരുന്ന കോഴികള്‍ എന്നാണ് മധ്യപ്രദേശില്‍ അറിയപ്പെടുന്നത്.
മറ്റുകോഴികളെപ്പോലെ ഇതും 'ഗാലസ് ഗാലസ് ഡൊമസ്റ്റിക്കസ്' കുടുംബത്തില്‍പ്പെട്ടതാണ്. ഗോള്‍ഡന്‍, പെന്‍സില്‍ഡ്, ജെറ്റ് ബ്‌ളാക്ക് എന്നിങ്ങനെ മൂന്നിനങ്ങളായാണ് ഇവ കാണപ്പെടുന്നത്.

പ്രത്യേകതകള്‍: ഇവയ്ക്ക് പ്രതിരോധശക്തി കൂടുതലാണ്. ഏത് കാലാവസ്ഥയിലും ഇണങ്ങി ജീവിക്കും. കറുത്ത തൂവലുകള്‍, കറുത്ത കാലുകളും നഖങ്ങളും, കറുപ്പുനിറത്തിലുള്ള കൊക്ക്, നാവ്, പൂവുകള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ശരീരത്തില്‍ മെലാനിന്‍ പിഗ്‌മെന്റ് കൂടുതലായി കാണുന്നതിനാലാണ് കറുപ്പുനിറം വരുന്നത്.
പോഷകഗുണങ്ങള്‍: പ്രോട്ടീന്‍ അളവ് 25 ശതമാനമാണ്. മറ്റുകോഴികളില്‍ 18 ശതമാനംമാത്രം. കൊഴുപ്പ് 0.73 മുതല്‍ 1.03 ശതമാനം വരെ. മറ്റുള്ളവയില്‍ 13 മുതല്‍ 25 ശതമാനം. കൊളസ്‌ട്രോള്‍ 100 ഗ്രാമില്‍ 184.75 മില്ലിഗ്രാം. മറ്റുള്ളവയില്‍ ഇത് 218.12 മില്ലിഗ്രാം. അമിനോ ആസിഡും ഹോര്‍മോണുകളുടെ അളവും വളരെ കൂടുതലാണ്. ജീവകങ്ങളായ ബി1, ബി2, ബി6, ബി12, സി, ഇ, നിയാസിന്‍, കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് എന്നിവയും കൂടുതലാണ്. 
ഔഷധഗുണങ്ങള്‍
മൈസൂരിലുള്ള സെന്‍ട്രല്‍ ഫുഡ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കരിങ്കോഴികളുടെ ഔഷധഗുണങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. മാംസത്തിലുള്ള മെലാനിന്‍ രക്തക്കുഴലുകളെ വികസിപ്പിക്കും. കൂടുതല്‍ രക്തം ഹൃദയത്തിലേക്കെത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ഹൃദയസംബന്ധമായ രോഗമുള്ളവര്‍ക്ക് കരിങ്കോഴികളുടെ മാംസം നല്ലതാണ്.
ഞരമ്പുരോഗവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതിയില്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.

സ്ത്രീകളില്‍ വന്ധ്യതയകറ്റാനും ഗര്‍ഭം അലസാതിരിക്കാനും ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മുട്ടകള്‍ ആസ്ത്മ, വൃക്കരോഗങ്ങള്‍, സഹിക്കാന്‍പറ്റാത്ത തലവേദന എന്നിവയ്ക്ക് ഗുണകരമാണ്.

ആലുവായിലുള്ള തോട്ടയ്ക്കാട്ടുകര, ന്യൂലെയിന്‍, പണയില്‍ ഹൗസിലെ മാര്‍ട്ടിന്‍ അമ്പതോളം കരിങ്കോഴികളെ വളര്‍ത്തുന്നുണ്ട്. ഇവയ്ക്ക് ഒരുമാസംവരെ സ്റ്റാര്‍ട്ടര്‍ തീറ്റയും പിന്നീട് ഗ്രോവര്‍, ചോളത്തവിട്, അരി, ഗോതമ്പ്, പച്ചിലകള്‍ എന്നിവയും കൊടുത്ത് വളര്‍ത്തുന്നു. ആറുമാസമായപ്പോള്‍ മുട്ടയിട്ടുതുടങ്ങി. ഈ കോഴികള്‍ക്ക് ആവശ്യക്കാര്‍ വളരെയേറെയുണ്ടെന്ന് മാര്‍ട്ടിന്‍ പറയുന്നു. ഒരു മുട്ടയ്ക്ക് 10 രൂപ മുതല്‍ 50 രൂപ വരെ വിലവരും. ഇറച്ചിക്ക് കിലോയ്ക്ക് മുന്നൂറു രൂപയാണ് വില.

Post a Comment

0 Comments

CLOSE ADS


CLOSE ADS