Subscribe Us

പ്രതിഷേധം ഫലംകണ്ടു; തമിഴ്‌നാട്ടിലെ കൃഷിയിടത്തില്‍ ജൈവവളവും


കമ്പം(തമിഴ്‌നാട്): പച്ചക്കറിയില്‍ അമിതമായി കീടനാശിനി ഉപയോഗിക്കുന്നതിനെതിരെ കേരളത്തില്‍ വന്‍തോതില്‍ ഉയര്‍ന്ന എതിര്‍പ്പിന്റെ ഗുണഫലം തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ അതിര്‍ത്തി കടന്ന് കമ്പത്തേക്കുള്ള യാത്രയില്‍ ഇപ്പോള്‍ ജൈവവളഫാക്ടറികളുടെ ബോര്‍ഡുകള്‍ കാണാം. പച്ചക്കറിമുതല്‍ മുന്തിരിവരെ വിളയുന്ന തമിഴ്‌നാട്ടിലെ പ്രധാന കൃഷിഭൂമി ഉള്‍പ്പെടുന്ന പ്രദേശമാണിവിടം. ഇവിടത്തെ കര്‍ഷകരും അമിത കീടനാശിനിപ്രയോഗത്തിന്റെ ദോഷങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കൃഷിയിടത്തില്‍ തമിഴ്‌നാട്ടിലെ കര്‍ഷകരും ജൈവവളങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. ജൈവവളത്തിനായി തങ്ങളുടെ നാട്ടിലെ കര്‍ഷകര്‍ കൂടുതലായി എത്തുന്നുണ്ടെന്ന്, കമ്പത്തിനു സമീപമുള്ള ജൈവവളഫാക്ടറിയുടെ ഉടമ പറഞ്ഞു.

വെര്‍മി കമ്പോസ്റ്റ് ഉല്പാദിപ്പിക്കുന്ന രണ്ടു ഫാക്ടറിയാണ് അടുത്തയിടെ ഇവിടെ ഉയര്‍ന്നത്. നേരത്തെയുള്ള വേപ്പിന്‍പിണ്ണാക്ക് ഫാക്ടറിയും വിപുലീകരിച്ചിരിക്കുന്നു. ആവശ്യക്കാര്‍ കൂടുതലായി എത്തിയതോടെ വെര്‍മി കമ്പോസ്റ്റിന് ചാെക്കാന്നിന് 200 രൂപയില്‍നിന്ന് 300 രൂപയായി വില വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. 50 കിലോ തൂക്കമുളള വേപ്പിന്‍പിണ്ണാക്കിനും തമിഴ്‌നാട്ടില്‍ വില കൂടി. 900 രൂപയില്‍നിന്ന് ചാക്കിന് 1200 രൂപയായാണ് വില വര്‍ധിച്ചിരിക്കുന്നത്. മരോട്ടിപ്പിണ്ണാക്ക്, ആവണക്കിന്‍പിണ്ണാക്ക്, പൊങ്കന്‍ പിണ്ണാക്ക് എന്നിവയും തമിഴ്‌നാട്ടില്‍ ഇപ്പോള്‍ സുലഭമായി.

വിഷപ്പച്ചക്കറി ഉപയോഗത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന വന്‍ പ്രതിഷേധം തമിഴ്‌നാട്ടില്‍ ഉല്പാദിപ്പിച്ച പച്ചക്കറിയുടെ വിപണനത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ ഓണം സീസണിലാണ് ഇതിന്റെ ദോഷഫലം തമിഴ്‌നാട് ഏറെ അറിഞ്ഞത്. തങ്ങളുടെ കൃഷിരീതിയില്‍ മാറ്റങ്ങള്‍ വേണമെന്ന തിരിച്ചറിവിലേക്ക് ചെറിയരീതിയിലെങ്കിലും ഇവിടത്തെ കര്‍ഷകര്‍ എത്തിയത് ഇതിനു പിന്നാലെയാണ്.

അമിതകീടനാശിനി ഉപയോഗത്തിനെതിരെ കേരളത്തിലുയരുന്ന എതിര്‍പ്പ് തമിഴ്‌നാട് സര്‍ക്കാരടക്കം ആദ്യം അവഗണിക്കുകയായിരുന്നു. എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രശ്‌നം ശക്തമായി ഉന്നയിച്ചതോടെ വിഷയത്തോടുള്ള സര്‍ക്കാര്‍സമീപനം മാറുകയും തമിഴ്‌നാട് കൃഷിവകുപ്പ് അമിതകീടനാശിനി ഉപയോഗത്തിനെതിരെ പ്രചാരണം തുടങ്ങുകയും ചെയ്തു. പക്ഷേ, ഇതൊന്നും അവിടത്തെ കര്‍ഷകര്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഓണം സീസണില്‍ കേരളത്തില്‍നിന്നുണ്ടായ തിരിച്ചടിയാണിപ്പോള്‍ തമിഴ്‌നാട്ടിലെ കര്‍ഷകരുടെ മനോഭാവത്തിലും മാറ്റം ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു തുടര്‍ച്ചയാണ് പുതിയ ജൈവവളഫാക്ടറികളുടെ രംഗപ്രവേശം. പൂര്‍ണമായും ജൈവകൃഷിയിലേക്ക് തമിഴ്‌നാട് മാറിയെന്നല്ല ഇതിനര്‍ഥം. നിരക്ഷരരായ തമിഴ്‌നാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇപ്പോഴും കാഞ്ചാരി (കീടനാശിനി ) ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതു സംബന്ധിച്ച് യാതൊരു ധാരണയുമില്ല. പക്ഷേ, ഇപ്പോഴത്തെ മാറ്റങ്ങള്‍ ഗുണകരംതന്നെ.

Post a Comment

0 Comments

CLOSE ADS


CLOSE ADS