Subscribe Us

വിസ്മയം, വടക്കുംനാഥന്‍


പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്‌കോ പുരസ്‌കാരം പൂരങ്ങളുടെ സംഗമഭൂമിയായ വടക്കുംനാഥ ക്ഷേത്രത്തിന്. അഞ്ചാം തവണയാണ് ഈ വിഖ്യാത പുരസ്‌കാരം ഇന്ത്യയ്ക്കു ലഭിക്കുന്നത്. കേരളത്തിലെത്തുന്നത് ആദ്യവും.

ബാങ്കോക്കില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച 2015ലെ യുനെസ്‌കോ ഏഷ്യാ-പസഫിക് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 'അവാര്‍ഡ് ഓഫ് എക്‌സലന്‍സ്' ആണ് വടക്കുംനാഥക്ഷേത്രത്തിനു ലഭിച്ചത്. പന്ത്രണ്ടു വര്‍ഷമായി ക്ഷേത്രത്തില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വടക്കുംനാഥനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള വന്‍പരിപാടികള്‍ നടക്കുമ്പോഴും പൈതൃക സംരക്ഷണത്തില്‍ ക്ഷേത്രം കാണിച്ച മികവിനെ പുരസ്‌കാര സമിതി ശ്ലാഘിച്ചു.

ക്ഷേത്രത്തിലെ ഗോപുരങ്ങള്‍, വിഗ്രഹങ്ങള്‍, നമസ്‌കാരമണ്ഡപങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ തുടങ്ങിയവയൊക്കെ പരമ്പരാഗത രീതിയിലാണ് പുതുക്കിപ്പണിതത്. സിമന്റ് ഉപയോഗിക്കാതെ പരമ്പരാഗത കുമ്മായക്കൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണങ്ങള്‍. കുമ്മായം, നീറ്റുകക്ക എന്നിവയില്‍ കടുക്ക, ശര്‍ക്കര തുടങ്ങിയ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ പ്രത്യേക മിശ്രിതമാണ് ഇതിനുപയോഗിച്ചത്.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങളും വിവരങ്ങളും അധികൃതര്‍ അവാര്‍ഡു കമ്മിറ്റിക്കു അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ പൂരത്തോടനുബന്ധിച്ചായിരുന്നു ഇത്. പുരാവസ്തുവകുപ്പ്, ടി.വി.എസ്. ഗ്രൂപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ക്ഷേമസമിതി, വിവിധ മേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാം കൈകോര്‍ത്തതിന്റെ ഫലം കൂടിയാണ് ഈ പുരസ്‌കാരം.

ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റു പത്തു പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയ്ക്കാണ്. മുംബൈയിലെ ജെ.എന്‍. പെറ്റിറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് അവാര്‍ഡ് ഓഫ് ഡിസ്റ്റിങ്ഷനും പുണെയിലെ പാര്‍വതി നന്ദന്‍ ഗണപതി ക്ഷേത്രത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.


വിസ്മയം, വടക്കുംനാഥന്‍

തൃശ്ശൂര്‍: തൊണ്ണൂറ് കോല്‍ എട്ടു വിരല്‍ നീളമുള്ള വലിയമ്പലത്തിന്റെ ഉത്തരം. ശതദളപത്മം വിടരുന്നപോലെ കഴുക്കോലുകള്‍, ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍, ചുവര്‍ചിത്ര നിറങ്ങള്‍ എല്ലാം ചേര്‍ന്ന അത്ഭുതലോകമാണ് വടക്കുംനാഥന്‍ ക്ഷേത്രം. മാറ്റമേല്‍ക്കാതെ അതു പുനര്‍നിര്‍മ്മിച്ചതിനാണ് യുനെസ്‌കോ പുരസ്‌കാരം. 

ശാലാകൂടം കൊത്തുപണികളും ചുണ്ണാമ്പു നിര്‍മ്മിതികളും

ശാലാകൂടം എന്നറിയപ്പെടുന്ന കൊത്തുപണികളാണ് ഇവിടത്തെ കഴുക്കോലുകള്‍ക്ക് ചുറ്റുമുള്ളത്. ഇതു പുനര്‍നിര്‍മ്മിക്കുകയായിരുന്നു അധികൃതരുടെ വെല്ലുവിളി. മരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു പ്രത്യേകതരം എണ്ണയാണ് ഉപയോഗിച്ചത്. കൊടുവേലി, കോലരക്ക്, ചെഞ്ചല്യം തുടങ്ങിയവ ചേര്‍ത്ത് കാച്ചുന്നതാണിത്.

പുനര്‍നിര്‍മ്മാണത്തിന് സിമന്റ് തീരെ ഉപയോഗിച്ചിരുന്നില്ല. പരമ്പരാഗത കുമ്മായക്കൂട്ടുകളാണിതിനു പകരം ഉപയോഗിച്ചത്. കുമ്മായക്കല്ല്, നീറ്റുകക്ക എന്നിവയില്‍ ഊഞ്ഞാല്‍ വള്ളിയുടെ നീര്, കുളമാവിന്റെ ഇല, പനച്ചിക്കായ, കടുക്ക, ശര്‍ക്കര തുടങ്ങിയവ ചേര്‍ത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്. 15 ദിവസം ഇവ കൂട്ടിവെച്ച് പിന്നീട് അരച്ചു ശരിയാക്കിയെടുക്കുന്നതാണിത്.

90 കോല്‍ ഉത്തരം

വലിയമ്പലത്തിന്റെ ഉത്തരം 90 കോല്‍ എട്ടു വിരല്‍ നീളമുള്ളതാണ്. ഇത്രയും നീളമുള്ള വലിയമ്പലങ്ങള്‍ വളരെ അപൂര്‍വ്വമാണ്. ഇരുപത്തിമൂന്നര അടിയാണ് ഇവിടത്തെ കഴുക്കോലിന്റെ നീളം. ഇതെല്ലാം പുതുക്കിപ്പണിതാണ് സംഘം പുതുവിസ്മയം തീര്‍ത്തത്. നിര്‍മ്മാണങ്ങള്‍ക്ക് ശുദ്ധ തേക്കുമാത്രമാണ് ഉപയോഗിച്ചത്. കഴുക്കോലുകളും മറ്റും കേടുവന്ന ഭാഗം മാത്രമാണ് മാറ്റിയത്.

അഞ്ചു തരത്തിലുള്ള കഴുക്കോലുകളാണ് ഇവിടെയുള്ളത്. നേരണ, അലസി, ഉടലാണ, ഉടംകോടി, വലംകണ്ണി എന്നിങ്ങനെയാണിവ.


പ്രമുഖരുടെ നിര

പുനര്‍നിര്‍മ്മാണത്തിനു പ്രമുഖരുടെ നിരതന്നെയുണ്ടായിരുന്നു. വാസ്തുവിലും കൊത്തുപണികളിലും നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളിലും അഗ്രഗണ്യന്‍മാരായി കരുതിയവരായിരുന്നു ഇവരെല്ലാം. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് , തങ്കമണിയാശാരി, ശങ്കരനാരായണന്‍ നമ്പൂതിരി, ശിവദാസ്, ചന്ദ്രന്‍, വിജയകുമാര്‍, ദിനേശന്‍ തുടങ്ങിവരെല്ലാം വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ടി.വി.എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ശ്രീനിവാസ്, സൂപ്രണ്ടിങ് ആര്‍ക്കിയോളിസ്റ്റ് ശ്രീലക്ഷ്മി, ആര്‍ക്കിടെക്റ്റ് എം. എം. വിനോദ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ജോലികള്‍ നടന്നിരുന്നത്.

വടക്കുംനാഥനിലേക്കെത്തിയത് അഞ്ചാമത്തെ പുരസ്‌കാരം

ഇന്ത്യയ്ക്കു ലഭിച്ച പൈതൃക സംരക്ഷണത്തിനുള്ള യുനസ്‌കോ പുരസ്‌കാരങ്ങളില്‍ അഞ്ചാമത്തെ പുരസ്‌കാരമാണ് വടക്കുംനാഥനില്‍ എത്തിയത്. രണ്ടായിരത്തില്‍ ആരംഭിച്ച ഈ പുരസ്‌കാരം ചില വര്‍ഷങ്ങളില്‍ നല്‍കിയതുതന്നെയില്ല. യോഗ്യതയുള്ള അപേക്ഷകള്‍ ഇല്ലാതിരുന്നതുകൊണ്ടായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം അമ്പതു അപേക്ഷകള്‍ പരിഗണിച്ചെങ്കിലും അവാര്‍ഡ് നല്‍കിയില്ല.

2002ല്‍ ആണ് ഇന്ത്യയ്ക്കു ആദ്യമായി ഈ പുരസ്‌കാരം ലഭിക്കുന്നത്. രാജസ്ഥാന്‍ നാഗൂറിലെ അഭിഛത്രഗഢ് കോട്ടയ്ക്കായിരുന്നു ഇത്. 2005ല്‍ മുംബൈയിലെ ഭാവുതാജി മ്യൂസിയത്തിനും, 2007ല്‍ ലഡാക്കിലെ മൈത്രേയ ക്ഷേത്രത്തിനും ഈ പുരസ്‌കാരം ലഭിച്ചു. 2011ല്‍ ലേയിലെ സുംഡു ചുന്‍ ഗോപക്കാണ് അവാര്‍ഡ് ലഭിച്ചത്.

ഫണ്ടുകള്‍ കിട്ടാന്‍ എളുപ്പം സംരക്ഷണബോധം ഉയരും

യുനസ്‌കോ പുരസ്‌കാരം ലഭിച്ചതോടെ വടക്കുംനാഥനിലെ പാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ആളുകള്‍ക്കു കൂടുതല്‍ ബോധ്യപ്പെടുമെന്ന് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കിടെക്റ്റ് എം.എം. വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ടുകള്‍ എത്താനും ഈ പുരസ്‌കാരം വഴിയൊരുക്കും. യുനസ്‌കോ അംഗീകരിച്ച ക്ഷേത്രം എന്ന നിലയ്ക്കുള്ള അംഗീകാരവും ആരാധകരും ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വടക്കുംനാഥനിലേക്കെത്തും. 

Post a Comment

0 Comments

CLOSE ADS


CLOSE ADS