Subscribe Us

ഡോക്ടറെ കാണാന്‍ അനുജനേയും പേറി കുഞ്ഞുമാല്‍തി നടന്നത് 8 കിലോമീറ്റര്‍

ഗോദ്ദ: സ്വന്തം അനുജന്റെ ജീവന്‍ രക്ഷിക്കാന്‍ 11 വയസ്സുകാരി മാല്‍തി തുഡുവിന് മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളില്ലായിരുന്നു. അവനേയും തോളിലേറ്റി കിലോമീറ്ററുകള്‍ നടന്നു, ഏറ്റവും അടുത്ത സര്‍ക്കാര്‍ ആസ്പത്രിയിലെത്താന്‍. ഒന്നോ രണ്ടോ അല്ല എട്ടു കിലോമീറ്റര്‍. അതും ജാര്‍ഖണ്ഡിലെ ദുര്‍ഘടമായ കുന്നുകളും പാറക്കെട്ടുകളുമെല്ലാം പിന്നിട്ട്.

ജാര്‍ഖണ്ഡിലെ ഗോദ്ദ ജില്ലയിലെ ചന്ദനയിലാണ് മാല്‍തിയും അനുജന്‍ മൈക്കേലും താമസിക്കുന്നത്. അഛനുമമ്മയും നേരത്തേ മരിച്ചുപോയി. ഇപ്പോള്‍ താമസിക്കുന്നത് മുത്തഛനും മുത്തശ്ശിക്കുമൊപ്പം. അഛന്റെയും അമ്മയുടേയും ജീവനെടുത്ത അതേ സെറിബ്രല്‍ മലേറിയ ബാധിച്ച മിഖായേലിന്റെ ആരോഗ്യനില മോശമായത് തിങ്കളാഴ്ചയാണ്. പിന്നെ മാല്‍തി ഒന്നും ആലോചിച്ചില്ല. വാഹന സൗകര്യംപോലുമില്ലാത്ത നാട്ടില്‍ നിന്നും എട്ടുകിലോമീറ്റര്‍ നടന്നു. അവിടെ നിന്നും സാമൂഹ്യസേവകര്‍ ഇരുവരേയും ഗോദ്ദയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. 

ജാര്‍ഖണ്ഡിലെ ഗ്രാമീണ ജനതയുടെ കഷ്ടപ്പാടുകളിലേക്ക് തുറക്കുന്ന വാതിലായിരുന്നു മാല്‍തിയുടെ യാത്ര. ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ മാല്‍തി മണിക്കൂറുകള്‍ക്കുള്ളില്‍ താരവുമായി.
ചന്ദനയില്‍ ആകെയുള്ളത് ഒരു സര്‍ക്കാര്‍ ക്ലിനിക്കാണ്. ആഴ്ചയിലൊരിക്കല്‍ ഡോക്ടര്‍ വരുമെന്നാണ് സങ്കല്പം. എന്നാല്‍ മിക്കപ്പോഴും ഒരു കീറിയ ബനിയനും നിക്കറുമിട്ടുനില്‍ക്കുന്ന സഹായിയാണ് ഡോക്ടറുടെ വേഷം അഭിനയിക്കുക. അയാളുടെ ചികിത്സയില്‍ അനുജന്‍ രക്ഷപ്പെടില്ലെന്ന മനസ്സിലാക്കിയതോടെയാണ് മാല്‍തി കാടും മലയും താണ്ടിയുള്ള യാത്രക്ക് ഒരുങ്ങിയത്. 

തലസ്ഥാനമായ റാഞ്ചിയിലെത്താന്‍ 350 കിലോമീറ്ററുണ്ട്. 75 കിലോമീറ്റര്‍പോയാല്‍ തീര്‍ത്ഥാടനകേന്ദ്രമായ ദിയോഗഡിലെത്താം, പക്ഷേ അവിടത്തെ സ്വകാര്യ ആസ്പത്രികളിലൊന്നും പോകാന്‍ മാല്‍തിക്കോ ഗ്രാമത്തിലെ 13 ലക്ഷം പേരില്‍ ബഹുഭൂരിപക്ഷത്തിനോ കഴിയില്ല. പോകണമെന്നു കരുതിയാല്‍ വാഹനസൗകര്യവുമില്ല. അങ്ങനെയാണ് അവള്‍ നടക്കാന്‍ തീരുമാനിച്ചത്. ക്ഷീണിക്കുമ്പോള്‍ പച്ചവെള്ളം കുടിച്ച് അല്‍പനേരം വിശ്രമിക്കും. വീണ്ടും അവനേയും തോളിലേറ്റി നടക്കും അങ്ങനെ ഞങ്ങള്‍ ഗോദ്ദയിലെ ആസ്പത്രിയിലെത്തി- മാല്‍തി പറഞ്ഞു.
ചന്ദനയിലെ ആരോഗ്യപ്രവര്‍ത്തകന്‍ ഗണേശ് കിഷ്‌കു ഡോക്ടറുടെ റോളില്‍

മാല്‍തി ബുദ്ധിമതിയാണ്. സെറിബ്രല്‍ മലേറിയ എന്താണെന്ന് അവള്‍ക്ക് അറിയില്ല, എന്നാലും ജീവനെടുക്കുന്ന അസുഖമാണെന്ന കേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുണ്ട്. അവളുടെ തക്ക സമയത്തെ ഇടപെടല്‍ കൊണ്ട് അനുജന്‍ മൈക്കേല്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു- സിവില്‍ സര്‍ജന്‍ സി.കെ സാഹി പറഞ്ഞു. അപ്പോഴും സ്വന്തം നാട്ടിലെ ജീവനെടുക്കുന്ന രോഗങ്ങളേക്കുറിച്ചും, ചികിസ്ത കിട്ടാത്തതിനേക്കുറിച്ചും മാല്‍തി പറഞ്ഞുകൊണ്ടിരുന്നു. 

Post a Comment

0 Comments

CLOSE ADS


CLOSE ADS