Subscribe Us

ലിങ്കണ്‍ഹൗസ് 750 കോടി രൂപയ്ക്ക് പൂനവാല സ്വന്തമാക്കി

മുംബൈ: മുംബൈ ബ്രീച്ച് കാന്‍ഡിയിലെ പ്രശസ്തമായ ലിങ്കണ്‍ ഹൗസ് പ്രമുഖ വ്യവസായി സൈറസ് പൂനവാല സ്വന്തമാക്കി. 750 കോടി രൂപയാണ് ഇതിനായി അദ്ദേഹം മുടക്കിയത്. മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വസ്തുവ്യാപാരമാണിത്. 

കടല്‍ക്കരയിലുള്ള ഈ കെട്ടിടത്തിലാണ് 1957മുതല്‍ 2011വരെ അമേരിക്കന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചത്. ആ സമയത്താണ് കെട്ടിടത്തിന്റെ പേര് ലിങ്കണ്‍ ഹൗസ് എന്നാക്കിമാറ്റിയത്. സുരക്ഷാകാരണങ്ങളാല്‍ കോണ്‍സുലേറ്റ് ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലേക്കു മാറിയതോടെ ഈ കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 

പാമ്പുവിഷത്തിനുള്ള പ്രതിരോധമരുന്ന് നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് സൈറസ് പൂനവാല. ലിങ്കണ്‍ ഹൗസ് കുടുംബവസതിയായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 

മധ്യഗുജറാത്തിലെ വാങ്കനെര്‍ മഹാരാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം 1950-ലാണ് അദ്ദേഹം വിറ്റത്. ഇന്ത്യ സ്വതന്ത്രമായശേഷം ചുമത്തിയ നികുതിയടയ്ക്കുന്നതിന് പണം കണ്ടെത്താനായിരുന്നു ഈ വില്പന. പിന്നീട് കെട്ടിടം പൈതൃകസൗധമായി പ്രഖ്യാപിക്കപ്പെട്ടു.

കഴിഞ്ഞയാഴ്ച പ്രമുഖ വ്യവസായി കുമാരമംഗലം ബിര്‍ള മലബാര്‍ ഹില്ലിലെ ജാട്ടിയ ഹൗസ് വാങ്ങിയത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. 390 കോടി രൂപയ്ക്കാണ് അദ്ദേഹം ആ കെട്ടിടം സ്വന്തമാക്കിയത്. നഗരത്തിലെ ഏറ്റവും വലിയ വസ്തുവ്യാപാരമായാണ് ഇത് അപ്പോള്‍ വിശേഷിപ്പിക്കപ്പെട്ടത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS