Subscribe Us

നീര ചെത്തുന്ന അസംകാരന് വേതനം 44,000 രൂപ

കൊല്ലം: തെങ്ങുകയറ്റത്തില്‍ കേരളീയരെ വെല്ലാന്‍ ആരുമില്ലെന്നത് ഇനി പഴങ്കഥ. അസം സ്വദേശി അനറോള്‍ അബ്ദുള്‍ റസാഖ് നീര ചെത്തുന്നതില്‍ നേടിയത് റെക്കോഡ് വേതനം. ഇയാളുടെ പ്രതിമാസ വേതനം 44,000 രൂപയാണ്. അടുത്തുതന്നെ വേതനം അരലക്ഷത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. 

അസമിലെ നാഗാവ് ജില്ലക്കാരനായ അനറോള്‍ അബ്ദുള്‍ റസാഖ് നാലുവര്‍ഷംമുമ്പാണ് കൊല്ലത്തെത്തിയത്. തെങ്ങുകയറ്റത്തിലോ നീര ടാപ്പിങ്ങിലോ ഒരു മുന്‍പരിചയവുമില്ലായിരുന്നു. കൊല്ലം രൂപതയുടെ കീഴിലുള്ള ശ്രേയസ് അഗ്രിക്കള്‍ച്ചര്‍ ഫാമിലെ ജീവനക്കാരനായിരുന്നു. ബിഷപ്പ് സ്റ്റാന്‍ലി റോമന്റെ നിര്‍ദ്ദേശപ്രകാരം ഫാമിലെ 60 തെങ്ങുകള്‍ നീര ടാപ്പിങ്ങിനായി നല്‍കി. 

തെങ്ങുകയറ്റത്തിലുള്ള അനറോളിന്റെ മികവ് ഫാം ഡയറക്ടറായ ഫാ. ജോര്‍ജ് റിബറോയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നീര ചെത്താന്‍ നിയോഗിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ പരമ്പരാഗത ചെത്തുകാരെ പിന്തള്ളി അനറോള്‍ ഏറെ മുന്നിലെത്തി. 

പ്രതിമാസം 450 ലിറ്റര്‍ വരെ നീര ടാപ്പ് ചെയ്യുന്നതിന് ലിറ്ററിന് 30 രൂപയാണ് വേതന നിരക്ക്. അതിനുശേഷമുള്ള ഓരോ ലിറ്ററിനും 42 രൂപവീതം നല്‍കും. 50,000 രൂപ എന്ന ലക്ഷ്യത്തിലെത്താന്‍ ഈ അസംകാരന് ഒട്ടും ക്ലേശിക്കേണ്ടിവരില്ലെന്നാണ് ഫാം അധികൃതര്‍ പറയുന്നത്. അനറോളിന്റേത് റെക്കോഡാണെന്ന് നാളികേര വികസന ബോര്‍ഡും സാക്ഷ്യപ്പെടുത്തുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS