ഇന്ത്യയുടെ അഭിമാനമായി പതിമൂന്നു വയസുകാരി വിദ്യാര്‍ഥി. ഗൂഗിൾ സയൻസ് ഫെയർ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഒഡീഷക്കാരി ശ്രീപദ ശ്രീസായി ലളിത പ്രസീദയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. 10,000 ഡോളർ സമ്മാനത്തുക ലളിത പ്രസീദയ്ക്കു ലഭിക്കും.
ചോളക്കതിര്‍ (കോൺ കോബ്സ്) ഉപയോഗിച്ചു ഫാക്ടറിയിലെ മലിന ജലം ശുചീകരിക്കുന്ന വിദ്യയുടെ കണ്ടുപിടിത്തമാണു ലളിതയ്ക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്തത്. 13-15 വയസുകാരുടെ വിഭാഗത്തിലാണു പ്രസീദയുടെ നേട്ടം. ഒഡീഷയിലെ കോറാഡ്പൂർ ജില്ലയിലെ ഡി പി എസ് ദമാൻജോദി സ്കൂള്‍ 9 ാം ക്ലാസ് വിദ്യാർഥിനിയാണ്. ഈ പ്രോജക്ട് തയ്യാറാക്കുന്നതിനു സാമ്പത്തിക സഹായവും ഗൂഗിൾ നൽകും.
പ്രോജക്ട് തയ്യാറാക്കുന്നതിനു ഉപയോഗശൂന്യമായ ചോളക്കതിരാണുപയോഗിച്ചത്. ചോളക്കതിര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്ന രീതിയാണ് അവലംബിച്ചത്. മലിന ജലത്തിൽ അടങ്ങിയിരിക്കുന്ന ഉപ്പ് ഓക്സൈഡുകൾ, ഡിറ്റർജെന്റ്, കളറുകൾ, ഓയിൽ, ഗ്രീസ് എന്നിവ ഇവയ്ക്കു ശുചീകരിക്കാനാകുമെന്നു പ്രസീദ കണ്ടെത്തി. ഇതിലൂടെ 70 ശതമാനം വരെ ജലം ശുദ്ധീകരിക്കാനാകുമെന്നു പ്രസീദയുടെ ഗൂഗിൾ പ്രോജക്ട് പേജ് വെളിപ്പെടുത്തുന്നു.
വീട്ടിലെ കുടിവെള്ള ടാങ്കുകൾക്കു പുറമെ കുളങ്ങൾ, കിണറുകൾ എന്നിവ ശുചീകരിക്കുവാനും ചോളക്കതിര്‍ ഉപയോഗിക്കാം. മുളയിൽ കെട്ടി വെള്ളത്തിൽ രണ്ടു മൂന്നാഴ്ച താഴ്ത്തി നിർത്തുന്നതിലൂടെയാണ് ഇതു സാധ്യമാകുകയെന്ന് ഈ മിടുക്കി പറയുന്നു.
ചോളക്കതിര്‍ ഒന്നിനും ഉപയോകിക്കാനാകില്ലെന്ന് തന്റെ ഗ്രാമത്തിലെ ഒരു കർഷകൻ പറഞ്ഞപ്പോൾ, ഇതിന്റെ ഉപയോഗം കണ്ടെത്തണം എന്ന തീരുമാനത്തിൽ നിന്നാണു പ്രസീദ ചോളക്കതിര് ഉപയോഗിച്ചു പരീക്ഷണം നടത്താൻ തീരുമാനിച്ചത്. സയൻസ് ഇഷ്ടമാണെങ്കിലും കൃഷിയിൽ കൂടുതൽ ഗവേഷണം നടത്തുകയാണു തന്റെ ആഗ്രഹമെന്നു പ്രസീദ പറയുന്നു.
0 Comments