Subscribe Us

ഓണ്‍ലൈന്‍ റേഷന്‍ വിതരണത്തിന് തുടക്കമാകുന്നു


*ആദ്യഘട്ടത്തില്‍ തിരുവനന്തപുരവും എറണാകുളവും
*റേഷന്‍ കടകള്‍ സര്‍ക്കാര്‍ ചെലവില്‍ നവീകരിക്കും
*റേഷന്‍ വ്യാപാരികള്‍ക്ക് നിശ്ചിതവരുമാനം ഉറപ്പാക്കും
*റേഷന്‍ സബ്‌സിഡിയും ബാങ്ക് വഴി

ആലപ്പുഴ: ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന ഓണ്‍ലൈന്‍ റേഷന്‍ വിതരണസമ്പ്രദായത്തിന് കേരളത്തില്‍ തുടക്കമാകുന്നു. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ 22 റേഷന്‍ കടകളില്‍ ഈ മാസം പകുതിയോടെ കമ്പ്യൂട്ടര്‍ സംവിധാനം വഴി ഭക്ഷ്യധാന്യവിതരണം ആരംഭിക്കും. തുടര്‍ന്ന് ഈ രണ്ട് ജില്ലകളിലെയും മുഴുവന്‍ റേഷന്‍ കടകളും കമ്പ്യൂട്ടര്‍വത്കരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 14,000 റേഷന്‍ കടകളിലും സംവിധാനം നിലവില്‍വരും. 

കമ്പ്യൂട്ടര്‍വത്കരണത്തിന് മുന്നോടിയായി എല്ലാ റേഷന്‍ കടകളും നവീകരിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. റേഷന്‍ കടകളെല്ലാം ഇളം പച്ചനിറമായിരിക്കും. കൂടാതെ ടൈലുകള്‍ പാകി ഭംഗിയാക്കും. ഹിന്ദുസ്ഥാന്‍ പ്രീഫാബിനാണ് ഇതിന്റെ ചുമതല. ഓണ്‍ലൈന്‍ ഭക്ഷ്യധാന്യവിതരണത്തിനായി ഇ-പോസ് മെഷീനുകളും സ്ഥാപിക്കും. ഇതിനാവശ്യമായി വരുന്ന മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

റേഷന്‍ കരിഞ്ചന്ത തടയാനും അര്‍ഹരായവരുടെ കൈകളില്‍ ഭക്ഷ്യധാന്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ലക്ഷ്യം. റേഷന്‍കടക്കാര്‍ക്ക് നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതിയും നടപ്പാക്കും. ഗ്രാമങ്ങളിലെ റേഷന്‍ കടക്കാര്‍ക്ക് 12,500 രൂപയും നഗരങ്ങളിലുള്ളവര്‍ക്ക് 15,000 രൂപയും കമ്മീഷന് പുറമെ പ്രതിമാസം ഉറപ്പാക്കും. ഇതിനായി മൂന്ന് മാതൃകകള്‍ പരീക്ഷിക്കും. ഏതാണ് മികച്ചതെന്ന് നോക്കി സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കും. 

ഓണ്‍ലൈന്‍ റേഷന്‍ വിതരണം ആരംഭിക്കുന്നതോടെ സബ്‌സിഡി ബാങ്ക് വഴി നല്‍കുന്ന സംവിധാനവും നിലവില്‍വരും. കാര്‍ഡുടമകളുടെ ആധാര്‍രേഖയെ അടിസ്ഥാനമാക്കി അംഗങ്ങളെ തിരിച്ചറിഞ്ഞ് ഭക്ഷ്യധാന്യവിതരണം നടത്തുന്നതിനുള്ള സംവിധാനം ഉണ്ടാകും. കാര്‍ഡുടമയുടെ വിരലടയാളം പതിപ്പിച്ചും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയുമായിരിക്കും ഭക്ഷ്യധാന്യവിതരണം. ആധാര്‍ നന്പര്‍ ബാങ്കുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഭക്ഷ്യധാന്യം നഷ്ടമാകാതിരിക്കാനുള്ള സംവിധാനവുമൊരുക്കും.

എഫ്.സി.ഐ. (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യില്‍നിന്ന് മൊത്തവ്യാപാരകേന്ദ്രത്തിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും നല്‍കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ്, ഗുണമേന്മ എന്നിവ പരിശോധിച്ച് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യും. സ്റ്റോക്ക് കൃത്യമായി എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി വാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനവും ഏര്‍പ്പെടുത്തും. റേഷന്‍ കടക്കാര്‍ക്കും മൊത്തവ്യാപാരികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ പരിശീലനം നല്‍കും. 

സിവില്‍ സപ്ലൈസ് വകുപ്പുതന്നെ വികസിപ്പിച്ചെടുത്ത സോഫ്‌ട്വെയറിലൂടെയാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക. 500 കോടിയോളം രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സഹായവും പദ്ധതിക്കുണ്ട്. 
കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും

ആലപ്പുഴ: മുഴുവന്‍ റേഷന്‍കാര്‍ഡുടമകളുടെയും വിവരങ്ങള്‍ ഉടന്‍തന്നെ സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളും ഫോട്ടോയും ഇതിലുണ്ടാകും. ഫോട്ടോ മാറുകയോ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കാര്‍ഡുടമകള്‍ക്ക് വെബ്‌സൈറ്റിലൂടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയ താലൂക്ക് തിരിച്ചായിരിക്കും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക. ഒരാഴ്ചയ്ക്കകം ഇതുണ്ടാകും. www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലായിരിക്കും പ്രസിദ്ധപ്പെടുത്തുക. 

Post a Comment

0 Comments

CLOSE ADS


CLOSE ADS