തൃശ്ശൂര്‍: പാതിരിയുടെ വേഷത്തിലെത്തിയ ദൈവദൂതനാണ് അലവിക്കുട്ടിക്ക് ഫാ. ബത്‌സന്‍ തൂക്കുപറമ്പില്‍. അലവിക്കുട്ടിയുടെ ഭാര്യ ഫാത്തിമത്ത് സുഹറ, പാലക്കാട് നെന്മാറ പുത്തന്‍തറയില്‍ വൈഷ്ണവിക്ക് ദൈവദൂതയും.
വെറുംവാക്കല്ല ഇത്. മലപ്പുറം കൂട്ടിലങ്ങാടി പനങ്ങാടന്‍ വീട്ടില്‍ അലവിക്കുട്ടി (35)യുടെ ജീവന്‍ ചേര്‍ത്തുപിടിക്കാന്‍ പടിഞ്ഞാറെ ചാലക്കുടി തൂക്കുപറമ്പില്‍ വീട്ടില്‍ ഫാ. ബത്‌സന്‍ (40) ഒരുങ്ങുന്നത് തന്റെ വൃക്ക പകുത്ത് നല്‍കിയാണ്. മതവും ജാതിയുമെല്ലാം ഇവിടെ ഇല്ലാതാവുന്നു. ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ഫാ. ബത്‌സന്റെ വൃക്ക അലവിയില്‍ വെച്ചുപിടിപ്പിക്കുമ്പോള്‍ രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്കാണ് ജീവന്‍ പകരുക. ഇതിനായി നാല് ജില്ലകളില്‍നിന്നായി പ്രാര്‍ത്ഥനയും കൂട്ടുണ്ടാകും.
വടക്കാഞ്ചേരി സെന്റ് മേരീസ് പോളിടെക്‌നിക് ഡയറക്ടറായ ഫാദര്‍, പാലക്കാട് രൂപതയ്ക്ക് കീഴിലെ പാടൂര്‍ ഇടവക വികാരിയാണ്. പാലക്കാട് ജില്ലയില്‍നിന്ന് സ്വമേധയാ വൃക്ക ദാനംചെയ്യുന്ന ആദ്യത്തെ വ്യക്തിയായ ഫാദറിന് പ്രചോദനമായത് കിഡ്‌നി ഫെഡറേഷന്‍ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമേലാണ്.
ഒരുവര്‍ഷം മുമ്പാണ് കിഡ്‌നി ഫെഡറേഷനില്‍ വൃക്കദാന സമ്മതമറിയിച്ച് ഫാദറും വൃക്ക ആവശ്യപ്പെട്ട് അലവിക്കുട്ടിയും പേര് രജിസ്റ്റര്‍ ചെയ്യ്തത്. ഇരുവരുടേയും ഗ്രൂപ്പ് ചേര്‍ന്നതോടെ ഫാദറിന്റെ വൃക്ക അലവിക്കുട്ടിക്ക് നല്‍കാന്‍ തീരുമാനമായി. നാട്ടില്‍ ഓട്ടോഡ്രൈവറായിരുന്ന അലവിക്കുട്ടിക്ക് രണ്ടുവര്‍ഷം മുമ്പാണ് ഇരുവൃക്കകളും തകരാറിലാണെന്ന് മനസ്സിലായത്. നാട്ടുകാരും പള്ളിക്കമ്മിറ്റിയും ചേര്‍ന്നാണ് ചികിത്സാസഹായം കണ്ടെത്തിയത്.
അലവിക്കുട്ടിക്ക് ചേരുന്ന വൃക്ക കിട്ടുന്നതിന് പകരമായാണ് ഭാര്യ ഫാത്തിമത്ത് സുഹ്‌റയുടെ വൃക്ക പാലക്കാട് നെന്മാറ കേശവന്റെ മകള്‍ വൈഷ്ണവിക്ക് നല്‍കുന്നത്. അച്ഛന്‍ കേശവന്റെ വൃക്ക വൈഷ്ണവിക്ക് ഒരുതവണ നല്‍കിയെങ്കിലും പരാജയപ്പെട്ടു. വൈഷ്ണവിയുടെ അമ്മയ്ക്കും സഹോദരനും വൃക്കരോഗമാണ്. ജീവിക്കാന്‍ യാതൊരു വരുമാനമാര്‍ഗ്ഗവുമില്ലാത്ത ഈ കുടുംബം അമല ആസ്പത്രിയില്‍ വര്‍ഷങ്ങളായി ചികിത്സയിലാണ്. ഇവരെ തനിച്ചാക്കി കേശവന് പണിക്ക് പോകാന്‍പോലും പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ സഹായത്താലാണ് ഈ പതിനെട്ടുകാരിയുടെയും കുടുംബത്തിന്റെയും ചികിത്സ നടക്കുന്നത്. ഫാ. ബത്‌സന്റെ വൃക്കദാനത്തിലൂടെ ആ കുടുബത്തിനും പ്രതീക്ഷ മുളയ്ക്കുകയാണ്.
0 Comments