Subscribe Us

ജര്‍മന്‍കാര്‍ ഇനി മലയാളം പഠിക്കും


ന്യൂഡല്‍ഹി: മലയാളപഠനവും ഗവേഷണവും ഇനി ജര്‍മനിയിലും. ജര്‍മനിയിലെ ഏറ്റവും പഴയതും പേരുകേട്ടതുമായ ട്യൂബിങ്കന്‍ സര്‍വകലാശാലയിലെ 'ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റ്റഡീസി'ന്റെ കീഴില്‍ ഒക്ടോബര്‍ 9-നാണ് മലയാളം കോഴ്‌സ് ആരംഭിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും ട്യൂബിങ്കനിലെ എബെഹാര്‍ഡ് കാള്‍സ് സര്‍വകലാശാലയും സംയുക്തമായി തുടങ്ങിയ ഗണ്ടര്‍ട്ട് ചെയറിന്റെ കീഴിലാണ് പഠനം. ചെയര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറും ട്യൂബിങ്കന്‍ സര്‍വകലാശാല വൈസ് ചാന്‍സലറും ഒപ്പുവെച്ചു. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാല വിദേശ സര്‍വകലാശാലയുമായി ചേര്‍ന്ന് ചെയര്‍ തുടങ്ങുന്നത്. യു.ജി.സി.യുടെ സഹകരണത്തോടെയാണിത്.

മലയാളം സര്‍വകലാശാലയിലെ അധ്യാപകരാണ് ക്ലാസുകളെടുക്കുക. ക്ലാസുകള്‍ ആരംഭിക്കുന്നതോടനുബന്ധിച്ച് കേരളത്തിന്റെ സംസ്‌കാരത്തെയും മലയാള ഭാഷയെയുംകുറിച്ച് രണ്ടു ദിവസത്തെ സിമ്പോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി അടുത്തമാസം താന്‍ കേരളത്തിലെത്തുമെന്ന് ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ പഠന കേന്ദ്രത്തിലെ ഭാഷാവിദഗ്ധനായ ഡോ. ഹെയ്ക് ഓബര്‍ലിന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. 1990-ല്‍ രണ്ടുവര്‍ഷം കേരളത്തില്‍ താമസിച്ച് കൂടിയാട്ടം പഠിച്ചിട്ടുണ്ട് ഡോ. ഹെയ്ക്.

മലയാളഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പഠിച്ച സര്‍വകലാശാലയാണ് 1477-ല്‍ സ്ഥാപിതമായ ട്യൂബിങ്കന്‍. ഗുണ്ടര്‍ട്ട് തന്റെ പുസ്തകങ്ങളും രേഖകളും ഈ സര്‍വകലാശാലയുടെ ലൈബ്രറിക്ക് കൈമാറിയിരുന്നു. 1856-ല്‍ സംസ്‌കൃത പഠനത്തിനുവേണ്ടി പ്രത്യേകകേന്ദ്രം തുടങ്ങി ഇന്ത്യയെക്കുറിച്ചുള്ള പഠനം ആരംഭിച്ചിരുന്നു 

മലയാളം സര്‍വകലാശാലയിലെ അധ്യാപകര്‍ പഠനത്തിനും ഗവേഷണത്തിനുംവേണ്ട സഹായങ്ങളാണ് നല്‍കുക. വിദേശികള്‍ക്ക് മലയാളം പഠിക്കാനുള്ള പുസ്തകങ്ങളും മറ്റ് പഠനസംവിധാനങ്ങളും ഇതോടൊപ്പം വികസിപ്പിക്കും.

Post a Comment

0 Comments

CLOSE ADS


CLOSE ADS