Subscribe Us

ഒഡിഷയില്‍ ജുറാസിക് കാലഘട്ടത്തിലെ ഈന്ത് ചെടികള്‍


ഭുവനേശ്വര്‍: ജുറാസിക് കാലഘട്ടത്തില്‍ ഭൂമിയിലുണ്ടായിരുന്ന ഈന്ത് വര്‍ഗത്തില്‍പ്പെട്ട രണ്ട് ചെടികളെ ഗവേഷകര്‍ ഒഡിഷയില്‍ കണ്ടെത്തി. ജീവിക്കുന്ന ഫോസില്‍ എന്നാണ് സൈക്കാസ് (ഈന്ത്) കുടുംബത്തിലെ ചെടികള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ഡല്‍ഹി ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയിലെ റിത സിങ്, ഒസ്മാനിയ സര്‍വകലാശാലയിലെ പി. രാധ, ലഖ്‌നൗ എന്‍.ബി.ആര്‍.ഐ.യിലെ ഖുറെയ്ജം എന്നിവരാണ് എട്ടുവര്‍ഷം നീണ്ട പഠനത്തില്‍ പുതിയവര്‍ഗം ഈന്ത് ചെടികള്‍ കണ്ടെത്തിയത്. 

സൈക്കാസ് ഒറിക്‌സന്‍സിസ്, സൈക്കാസ് നയാഗാര്‍ഹന്‍സിസ് എന്നിങ്ങനെയാണ് കണ്ടെത്തിയ ചെടികളുടെ ശാസ്ത്രീയനാമം. അരുഗുണ, ഒറാന്‍ഗ, ഒഡിസിമാരി തുടങ്ങിയ പേരുകളിലാണ് ഇവ പ്രാദേശികമായി അറിയപ്പെടുന്നത്. 

നയാഗ്രഹ, മയൂരുബഞ്ചി, കെണ്ടുഹാര്‍ ഡിനകനാല്‍, അന്‍ഗുല്‍, ബൗദ്ധ, ഗഞ്ചം ജില്ലകളിലാണ് ചെടികള്‍ കാണപ്പെടുന്നത്. ഏഷ്യന്‍ ജേണല്‍ ഓഫ് കണ്‍സര്‍വേഷന്‍ ബയോളജിയില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭൂമിയില്‍ 20 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിനോസറുകള്‍ അടക്കിവാണ ജുറാസിക് കാലഘട്ടം നിലനിന്നിരുന്നത്. നീണ്ട ഇലകളുള്ള സൈക്കാസ് വിഭാഗത്തിലെ ചെടികള്‍ ഈ കാലഘട്ടത്തില്‍ സുലഭമായിരുന്നു. ജുറാസിക് യുഗത്തില്‍ നിലനിന്നിരുന്ന ചുരുക്കം സസ്യവര്‍ഗങ്ങളാണ് ഇന്ന് ഭൂമിയില്‍ അവശേഷിക്കുന്നത്. 

ലോകത്ത് സൈക്കാസ് സ്പീഷിസില്‍ 111 ഇനങ്ങളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പുതുതായി കണ്ടെത്തിയ രണ്ടെണ്ണം ഉള്‍പ്പെടെ ഇന്ത്യയില്‍ 11 ഇനങ്ങളാണുള്ളത്. വംശനാശ ഭീഷണിയിലായ ഇവയെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഖുറെയ്ജം ആവശ്യപ്പെട്ടു.

Post a Comment

0 Comments

CLOSE ADS


CLOSE ADS