Subscribe Us

ഇറ: പേരില്‍ വിജയം എഴുതിച്ചേര്‍ത്ത പോരാളി

ന്യൂഡല്‍ഹി: ഹീബ്രു ഭാഷയില്‍ ഉണര്‍വിന്റെ വാക്കാണ് 'ഇറ'. എന്നാല്‍, ഇന്നൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ് ഈ പദം. പക്ഷേ, സിവില്‍ സര്‍വീസിലെ ഒന്നാംറാങ്കുകാരിയുടെ ജീവിതം വായിക്കുമ്പോള്‍ പോരാളിയെന്ന വാക്കാണ് കൂടുതല്‍ ഇണങ്ങുക. മുന്നിലുള്ള വെല്ലുവിളികളെ എന്നും നേരിട്ട പോലെത്തന്നെ ശനിയാഴ്ച സിവില്‍ സര്‍വീസ് ഫലം വരുമ്പോഴും ഇറ പുഞ്ചിരിക്കുകയായിരുന്നു. 

നട്ടെല്ലിനെ ബാധിക്കുന്ന സ്‌കോളിയോസിസ് എന്ന രോഗം കാരണം ശരീരത്തിന്റെ അമ്പതുശതമാനവും തളര്‍ന്ന ഇറയെ ശാരീരികഭിന്നതയുടെ പേരില്‍ ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ പ്രവേശിക്കുന്നതില്‍നിന്ന് പേഴ്‌സണല്‍ മന്ത്രാലയം ആദ്യം വിലക്കിയിരുന്നു. രോഗം ബാധിച്ച ഇറയുടെ ഇരുകൈകളുടെയും സ്വാധീനക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിലക്ക്. എന്നാല്‍, വൈകല്യത്തെ ചെറുത്തുതോല്‍പ്പിച്ച് പഠിച്ചുമുന്നേറിയ ഇറയിലെ പോരാളി വെറുതെയിരുന്നില്ല. വിലക്കിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. അനുകൂലവിധി സമ്പാദിച്ച ഇറ, കഴിഞ്ഞതവണ ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ പ്രവേശിച്ചു. ഇതിനിടയില്‍ ഒരിക്കല്‍കൂടി സിവില്‍സര്‍വീസ് പയറ്റിനോക്കുകയായിരുന്നു. അത് നേടിക്കൊടുത്തതാവട്ടെ, ഒന്നാം റാങ്കിന്റെ സുവര്‍ണകിരീടം. 

ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്‌ളേവിലെ കൃഷ്ണനഗര്‍ വൃന്ദാവന്‍ അപ്പാര്‍ട്ട്‌മെന്റ് 902-ാം നമ്പര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന രാജേന്ദ്ര സിംഗാളിന്റെയും അനിതയുടെയും മകളാണ് ഇറ. ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എം.ബി.എ. നേടി. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശിക്കുംമുമ്പ് കൊക്കകോള, കാഡ്ബറി ഇന്ത്യ കമ്പനികളില്‍ ജോലിനോക്കിയിട്ടുണ്ട്. തന്നെപ്പോലെ ശാരീരികവൈകല്യങ്ങള്‍ നേരിടുന്നവരുടെ ക്ഷേമത്തിന് പ്രവര്‍ത്തിച്ച് അവര്‍ക്കൊരു കൈത്താങ്ങ് ആകുകയാണ് തന്റെ ആഗ്രഹമെന്നും ഇറ പറയുന്നു. ഇന്നലെ ഒന്നാം റാങ്കോടുകൂടി പരീക്ഷാഫലം വരുമ്പോള്‍ ഇറ ഔദ്യോഗികാര്‍ഥം ഹൈദരാബാദിലായിരുന്നു. സുഹൃത്തായ ഐ.എ.എസ്. ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇറ ആദ്യം വിജയവാര്‍ത്ത അറിഞ്ഞത്. 'സ്വപ്‌നം സത്യമായി മുന്നില്‍ വന്നുനിന്നു'വെന്നായിരുന്നു ഒന്നാംറാങ്കിനോടുള്ള ഇറയുടെ ആദ്യ പ്രതികരണം. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ കസ്റ്റംസില്‍ അസിസ്റ്റന്റ് കമ്മീഷണറായ ഈ 29-കാരി ഐ.എ.എസ്സിലൂടെ തന്റെ മറ്റൊരു മോഹംകൂടി മനക്കരുത്തുകൊണ്ട് സ്വന്തമാക്കി. ''എനിക്ക് ആരുടെയും സൗജന്യവും സഹതാപവും ആവശ്യമില്ല, എനിക്കുവേണ്ടത് ഞാന്‍ മത്സരിച്ചുവിജയിച്ച് നേടിയെടുക്കും'' -വൈകല്യത്തെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യത്തോടെ ഇറ പറഞ്ഞ ഈ വാക്കുകള്‍ ഫലം വന്നശേഷം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. 

Source: Mathrubhumi

Post a Comment

0 Comments

CLOSE ADS


CLOSE ADS