Subscribe Us

ചൈനയില്‍ ഭീമന്‍ ടെലിസ്‌കോപ്പ് ഒരുങ്ങുന്നു

ബെയ്ജിങ്: അന്യഗ്രഹങ്ങളിലെ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ രൂപകല്‍പന ചെയ്ത ലോകത്തെ ഏറ്റവുംവലിയ റേഡിയോ ടെലിസ്‌കോപ്പിന്റെ(ബഹിരാകാശത്ത് നിന്നുള്ള റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഉപകരണം)അവസാനഘട്ട നിര്‍മാണം ചൈന വേഗത്തിലാക്കി. 2011 മാര്‍ച്ചില്‍ തുടങ്ങിയ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാവും. 

കെപ്ലര്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നാസ ഭൂമിയ്ക്ക് സമാനമായ ഗ്രഹം കണ്ടെത്തിയതിനു പിന്നാലെയാണ് ചൈന നിര്‍മാണം വേഗത്തിലാക്കിയത്. 1400 പ്രകാശവര്‍ഷം അകലെ ഭൂമിക്ക് സമാനമായ ഗ്രഹം നാസ കണ്ടെത്തിയത് കെപ്ലര്‍ 42 ബി ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ്. ഈ വാര്‍ത്ത പുറത്തുവന്ന ഉടനെയാണ് ഭീമന്‍ ടെലിസ്‌കോപിന്റെ സംയോജനപ്രക്രിയ തുടങ്ങിയതായി ചൈന അറിയിച്ചത്. 

ഗുയിസോവു പ്രവിശ്യയില്‍ ഒരുങ്ങുന്ന ടെലിസ്‌കോപ്പിന് 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുണ്ട്. ടെലിസ്‌കോപ്പിലെ 500 മീറ്റര്‍ വ്യാസമുള്ള 4,450 ത്രികോണ പാനലുകള്‍കൊണ്ട് നിര്‍മിച്ച റിഫ്ലൂക്ടറിന്റെ സംയോജനപ്രക്രിയയാണ് സങ്കേതികവിദഗ്ധര്‍ തുടങ്ങിയത്. നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ 'ഫാസ്റ്റ്' (ഫൈവ് ഹണ്‍ഡ്രഡ് മീറ്റര്‍ അപെര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലിസ്‌കോപ്പ്)എന്ന് പേരുള്ള ടെലിസ്‌കോപ്പായിരിക്കും ലോകത്തിലെ ഏറ്റവുംവലിയ ടെലിസ്‌കോപ്പ്. 300 മീറ്റര്‍ വ്യാസമുള്ള പ്യൂര്‍ട്ടോറിക്കോ വാനനിരീക്ഷണ കേന്ദ്രത്തിലുള്ള ടെലിസ്‌കോപ്പിനെയാണ് ഫാസ്റ്റ് മറികടക്കുക. 

പ്രപഞ്ചശബ്ദങ്ങളെ കാതോര്‍ത്ത് അര്‍ത്ഥവത്തായ റേഡിയോ സന്ദേശങ്ങളാക്കി മാറ്റുന്ന സൂക്ഷ്മസംവേദിയായ ചെവി പോലെയാണ് റേഡിയോ ടെലിസ്‌കോപ്പ് പ്രവര്‍ത്തിക്കുക. ഇടിമുഴക്കത്തിനിടെ ചീവീടിന്റെ ശബ്ദം വേര്‍തിരിച്ചറിയുന്നത് പോലയാണിതിന്റെ പ്രവര്‍ത്തനം- ഫാസ്റ്റ് പ്രോജക്ടിലെ മുഖ്യ ശാസ്ത്രകാരന്‍ നാന്‍ റെന്‍ഡോങ് പറഞ്ഞു. 

പുതിയ ടെലിസ്‌കോപ്പ് ചൈനീസ് ശാസ്ത്രജ്ഞരുടെ ബഹിരാകാശ നിരീക്ഷണശേഷി വന്‍തോതില്‍ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദൂരത്ത് നിന്നുള്ളതും ദുര്‍ബലവുമായ റേഡിയോസന്ദേശങ്ങള്‍പോലും ഇതിന് തിരിച്ചറിയാനാവും. ആകാശ ഗംഗയുടെ പുറത്ത് ജീവസാന്നിധ്യം തേടാനും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുമെന്ന് ചൈനീസ് ജ്യോതിശാസ്ത്ര സൊസൈറ്റി ഡയറക്ടര്‍ജനറല്‍ വു സിയാങ്പിങ് പറഞ്ഞു. 

1.6 കി.മീ. ചുറ്റളവുള്ള ടെലിസ്‌കോപ്പ് ചുറ്റിനടന്ന് കാണാന്‍തന്നെ 40 മിനിറ്റ് വേണം. ഇതിന്റെ ഭീമന്‍ ഡിഷ് ഗ്യുയിസോവുവിന്റെ തെക്കന്‍പ്രദേശത്തെ കോപ്പ പോലുള്ള താഴ് വരയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ പട്ടണമോ നഗരമോ ഇല്ലാത്ത പ്രദേശമാണിത്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS