ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഭൂമിയോട് ഏറ്റവും സമാനതയുള്ള അന്യഗ്രഹം, ചിത്രകാരന്റെ ഭാവനയില്‍. 'കെപ്ലര്‍-452ബി' എന്നാണ് ഗ്രഹത്തിന്റെ പേര്. 1400 പ്രകാശവര്‍ഷമകലെ സൂര്യന് സമാനമായ നക്ഷത്രത്തെ, അതിന്റെ വാസയോഗ്യമേഖലയിലാണ് ഈ ഗ്രഹം ചുറ്റുന്നത്.
ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഭൂമിയോട് ഏറ്റവും സദൃശ്യമുള്ള അന്യഗ്രഹത്തെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൂര്യനെപ്പോലൊരു വിദൂരനക്ഷത്രത്തിന്റെ 'വാസയോഗ്യ മേഖല'യില്‍ സ്ഥിതിചെയ്യുന്ന 'കെപ്ലര്‍-452ബി' ( Kepler-452b ) ഗ്രഹത്തെ നാസയുടെ കെപ്ലര്‍ ദൗത്യത്തിന്റെ ഭാഗമായാണ് തിരിച്ചറിഞ്ഞത്.
'Earth 2.0 യിലേക്കാണ് നമ്മള്‍ എത്തിയിരിക്കുന്നത്', കണ്ടുപിടിത്തത്തില്‍ പങ്കാളിയായ ഗവേഷകന്‍ മൈക്കല്‍ എന്‍ഡില്‍ പറഞ്ഞു. 'ഇതുവരെ കണ്ടെത്തിയതില്‍ ഭൂമിയോട് ഏറ്റവും സദൃശ്യമുള്ള ഗ്രഹമാണിത്' - ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ളമക്‌ഡൊണാള്‍ഡ് ഓബ്‌സര്‍വേറ്ററി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എന്‍ഡില്‍ അറിയിച്ചു.
ഭൂമിയില്‍നിന്ന് 1400 പ്രകാശവര്‍ഷമകലെ സൈഗ്നസ് നക്ഷത്രഗണത്തില്‍ ( Cygnus constellation ) ആണ് 'കെപ്ലര്‍-452ബി'യുടെ സ്ഥാനം. ഭൂമിയെക്കാള്‍ 60 ശതമാനം വലിപ്പക്കൂടുതലുള്ള അതിന്റെ ഭ്രമണപഥം ഭൂമിയുടേതിന് ഏതാണ്ട് തുല്യമാണ്. 385 ദിവസംകൊണ്ട് കെപ്ലര്‍-452ബി മാതൃനക്ഷത്രത്തെ ഒരുതവണ പരിക്രമണം ചെയ്യുന്നു.
ഭൂമിയും കെപ്ലര്‍-452ബിയും, ഒരു താരതമ്യം. ഭൂമിയെ അപേക്ഷിച്ച് 60 ശതമാനം വലിപ്പക്കൂടുതലുണ്ട് പുതിയതായി കണ്ടെത്തിയ അന്യഗ്രഹത്തിന്.
എന്നാല്‍, കെപ്ലര്‍ 452ബിയുടെ ദ്രവ്യമാനം (പിണ്ഡം) എത്രയാണെന്ന് കണക്കാക്കാന്‍ ഗവേഷകര്‍ക്കായിട്ടില്ല. ഒരുപക്ഷേ, ഭൂമിയുടേതിന്റെ അഞ്ചുമടങ്ങ് കണ്ടേക്കാമെന്ന് അനുമാനിക്കുന്നു. 'അസ്‌ട്രോണമിക്കല്‍ ജേര്‍ണലി'ലാണ് ഈ പഠനവിവരം പ്രസിദ്ധീകരിക്കുക.അന്യഗ്രഹത്തിന്റെ മാതൃനക്ഷത്രമായ 'കെപ്ലര്‍ -452' ( Kepler-452 ) ന് നമ്മുടെ സൂര്യനെക്കാള്‍ 150 കോടി വര്‍ഷം പ്രായക്കൂടുതലുണ്ടെന്ന്, മക്‌ഡൊണാള്‍ഡ് ഓബ്‌സര്‍വേറ്ററി ഉള്‍പ്പടെയുള്ളവ ഭൂമിയില്‍നിന്ന് നടത്തിയ നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, അതിന്റെ താപനില സൂര്യന്റേതിന് തുല്യമാണെന്നും ഗവേഷകര്‍ പറയുന്നു.
പുതിയതായി തിരിച്ചറിഞ്ഞ അന്യഗ്രഹത്തിന്റെ ഭൗതിക സവിശേഷതകള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. കെപ്ലര്‍-452ബി ഒരു ശിലാഗ്രഹമാണെങ്കില്‍, അവിടെ അഗ്നിപര്‍വ്വതങ്ങള്‍ സജീവമായിരിക്കാന്‍ സാധ്യതയുണ്ട്. ഗ്രഹത്തിന്റെ ഗുരുത്വബലം ഭൂമിയെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയായിരിക്കും.
കെപ്ലര്‍-452 ഗ്രഹസംവിധാനവും സൗരയൂഥവും തമ്മിലുള്ള താരതമ്യം.
ആകാശഗംഗയില്‍ അന്യഗ്രഹങ്ങളെ തിരിച്ചറിയാനും, ഭൂമിക്ക് സമാനമായ ഗ്രഹങ്ങളും ജീവന്റെ സാന്നിധ്യവും എവിടെയെങ്കലുമുണ്ടോ എന്ന് പഠിക്കാനും 2009 ലാണ് കെപ്ലര്‍ ദൗത്യംനാസ വിക്ഷേപിച്ചത്. ആ ദൗത്യത്തിന്റെ ഭാഗമായി സമാഹരിച്ച ഡേറ്റയില്‍നിന്ന് ഗ്രഹങ്ങളാകാന്‍ സാധ്യതയുള്ള 500 എണ്ണത്തെക്കൂടി ഇപ്പോള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ കണ്ടെത്തുന്ന അന്യഗ്രഹങ്ങളുടെ എണ്ണം 4175 ആകും. പുതിയതായി തിരിച്ചറിഞ്ഞ 500 എണ്ണത്തില്‍ ആദ്യം സ്ഥിരീകരിക്കപ്പെടുന്ന അന്യഗ്രഹമാണ് കെപ്ലര്‍-452ബി. 12 എണ്ണത്തിന്റെ വ്യാസം ഭൂമിയുടെ ഇരട്ടിയോളം വരും. അവയും ഭൂമിയെപ്പോലെ മാതൃനക്ഷത്രങ്ങളുടെ 'വാസയോഗ്യ മേഖല'യില്‍ ( habitable zone ) ആണ് സ്ഥിതിചെയ്യുന്നത്.
ഇതുവരെ കണ്ടെത്തിയ അന്യഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും സമാനതയുണ്ടായിരുന്നത് 'കെപ്ലര്‍-186എഫ്' ( Kepler-186f ) എന്ന ഗ്രഹത്തിനായിരുന്നു. കെപ്ലര്‍-452ബിയെക്കാള്‍ വലിപ്പം കുറവാണ് അതിന്. എന്നാല്‍, അതിന്റെ മാതൃനക്ഷത്രം ഒരു ചെമപ്പ് കുള്ളനാണ്. അതിനാല്‍, നമ്മുടേതിനെക്കാള്‍ ഏറെ തണുത്ത അവസ്ഥയായിരിക്കും ആ ഗ്രഹത്തില്‍.
0 Comments