Subscribe Us

വര്‍ഗീയതയ്ക്കും വിവേചനത്തിനുമെതിരെ യു.എ.ഇ.യില്‍ പുതിയ നിയമം

മതത്തെയും ദൈവത്തെയും നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റം

ആറുമാസം മുതല്‍ 10 വര്‍ഷംവരെ തടവ്


പിഴ 50,000 മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ

ദുബായ്: മത, വര്‍ഗീയ വിദ്വേഷങ്ങള്‍ക്കും വിവേചനത്തിനുമെതിരെ യു.എ.ഇ. പുതിയ ഫെഡറല്‍ നിയമത്തിന് രൂപം നല്‍കി.

മതം, ജാതി, വംശം, വര്‍ഗം, നിറം, ആശയം തുടങ്ങിയവയുടെ പേരിലുള്ള വിദ്വേഷവും വിവേചനവും ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമമാണിത്. നിയമലംഘകര്‍ക്ക് കനത്ത പിഴയും തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഉത്തരവിലൂടെയാണ് പ്രാബല്യത്തില്‍ വന്നത്. ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവും 50,000 മുതല്‍ 20 ലക്ഷം ദിര്‍ഹം വരെയുള്ള പിഴയുമായിരിക്കും ശിക്ഷ. 

രാജ്യത്ത് മതസഹിഷ്ണുതയ്ക്കും സൗഹാര്‍ദത്തിനും സുശക്തമായ അടിത്തറ പാകുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ശന വ്യവസ്ഥകളോടെയുള്ള നിയമം പ്രാബല്യത്തില്‍ വരുത്തിയത്. വിവിധ ജാതി, മതസ്ഥരുടെ അവകാശ സംരക്ഷണ കവചമായി നിയമം നിലകൊള്ളും.
പ്രസംഗം, പ്രസിദ്ധീകരണം, ലഘുലേഖകള്‍, ഇലക്ട്രോണിക്/ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങിയവ മുഖേന വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന എന്തുതരത്തിലുള്ള പ്രവര്‍ത്തനവും ശിക്ഷാര്‍ഹമായിരിക്കും. ദൈവത്തെയും മതത്തെയും നിന്ദിക്കല്‍, ഇതര മത വിശ്വാസികളെയോ വ്യക്തികളെയോ അവിശ്വാസികളായി ചിത്രീകരിക്കല്‍ തുടങ്ങിയവയും ക്രിമിനല്‍ കുറ്റമായി കണക്കാക്കും. 

പ്രവാചകര്‍, വിശുദ്ധ ഗ്രന്ഥങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, മഹാന്മാരുടെ ഖബറിടങ്ങള്‍ തുടങ്ങിയവയെ നിന്ദിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളായിരിക്കും. വര്‍ഗീയതയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സംഘടനകളെയും കൂട്ടായ്മകളെയും ഈ നിയമംവഴി നിരോധിക്കും. വിശ്വാസത്തിന്റെ പേരില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ പകയും വിദ്വേഷവും പടര്‍ത്തുന്ന യോഗങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതും ഇത്തരം ആവശ്യങ്ങളിലേക്ക് പണം സ്വരൂപിക്കുന്നതും നിരോധിക്കും. എന്നാല്‍, ഇത്തരം കുറ്റകൃത്യങ്ങളില്‍ വ്യാപൃതരായവര്‍ക്ക് സ്വയം കീഴടങ്ങി ശിക്ഷാ നടപടികളില്‍നിന്ന് മുക്തമാകാനും നിയമം അവസരമൊരുക്കുന്നുണ്ട്.
ഇരുന്നൂറില്‍പരം രാജ്യക്കാര്‍ വസിക്കുന്ന യു.എ.ഇ.യില്‍ ഈ നിയമം ഏറെ പ്രസക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. 

Post a Comment

0 Comments

CLOSE ADS


CLOSE ADS