Subscribe Us

കാലി മേയ്ക്കുകയാണ് ഈ ലോകകപ്പ് ക്രിക്കറ്റര്‍

അഹമ്മദാബാദ്: ബാലാജി ദാമറിന് കണ്ണുകാണില്ല. ഗുജറാത്തിലെ പിപ്രാന ഗ്രാമക്കാര്‍ക്ക് അയാള്‍ കാലിമേച്ചിലുകാരനാണ്. കൂലിപ്പണിക്കാരനാണ്. എന്നാല്‍, 17 വര്‍ഷം മുന്‍പ് ബാലാജി ഡെല്‍ഹിയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് കാലിമേച്ചിലുകാരനായല്ല. അന്ധരുടെ പ്രഥമ ലോകകപ്പിലെ മാന്‍ ഓഫ് ദി സീരീസായിരുന്നു ബാലാജി. അന്ന് രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണനാണ് ബാലാജിക്ക് ലോകകപ്പിലെ മികച്ച താരത്തിനുള്ളഅവാര്‍ഡും സമ്മാനത്തുകയായ 5000 രൂപയും സമ്മാനിച്ചത്.

ന്യൂഡല്‍ഹിയില്‍ നടന്ന ലോകകപ്പില്‍ രണ്ട് അര്‍ധശതകം ഉള്‍പ്പടെ 126 റണ്‍ നേടിയ പൂര്‍ണമായും അന്ധനായ ബാലാജിക്ക് മികച്ച ബാറ്റ്‌സ്മാനുള്ള 3000 രൂപയുടെ ചെക്ക് സമ്മാനിച്ചത് സാക്ഷാല്‍ സുനില്‍ ഗവാസ്‌ക്കറും.

കരിയറില്‍ 125 കളികളില്‍ നിന്ന് 3,125 റണ്ണും 150 വിക്കറ്റും സ്വന്തമാക്കിയ ബാലാജി വലിയ തലക്കെട്ടായിരുന്നു അന്ന് പത്രങ്ങള്‍ക്ക്. അന്ധക്രിക്കറ്റിലെ ഇന്ത്യയിലെ ഏറ്റവും വലിയ വിക്കറ്റ്‌വേട്ടക്കാരന്‍ എന്ന ഖ്യാതിയുള്ള ബാലാജി ഒരു വീരനായകനായിരുന്നു അന്ന്. ബാലാജിയുടെ ഈ റെക്കോഡ് ഇന്നും അഭേദ്യമായി നിലനില്‍ക്കുകയാണ്.

ഇൗ നിറമുള്ള ഫ്ലൂഷ്ബാക്കിന് പക്ഷേ, കാലം കാത്തുവച്ചത് ക്രൂരമായൊരു ആന്റിക്ലൈമാക്‌സായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്ക് ദൈവങ്ങളുടെ പരിവേഷം നല്‍കുന്ന, ഒന്നോ രണ്ടോ ഏകദിനത്തില്‍ മാത്രം മുഖം കാണിക്കുന്നവര്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പൊഴേയ്ക്കും കോടീശ്വരന്മാരാകുന്ന നാട്ടില്‍ ലോകകപ്പിന്റെ പേരില്‍ എന്തെങ്കിലുമൊരു ജോലി കിട്ടുമെന്ന് ബാലാജിയും സ്വപ്‌നം കണ്ടു. രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ആദരിക്കലോടെ എല്ലാ ആവേശവും ആരവവും അവസാനിച്ചു. വികലാംഗകര്‍ക്കും കായികതാരങ്ങള്‍ക്കുമെല്ലാം സര്‍ക്കാര്‍ ജോലികളില്‍ സംവരണമുണ്ടെങ്കിലും രണ്ടിനും അര്‍ഹനായിരുന്ന ബാലാജിയെ ആരും പരിഗണിച്ചില്ല.

പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ബാലാജി പല വാതിലുകളില്‍ മുട്ടി മടുത്തതോടെയാണ് ഒടുവില്‍ നിത്യവൃത്തിക്ക് വഴിയില്ലാതെ ഗ്രാമത്തിലെ കര്‍ഷകരുടെ വീടുകളില്‍ കാലിയെമേക്കാനായി പോയിത്തുടങ്ങിയത്. എന്നിട്ടും വയറു നിറയാതായതോടെ ഭാര്യ അനുവും നാലു വയസ്സുകാരന്‍ മകനെയുംകൂട്ടി വീട്ടുജോലികള്‍ക്കായി പോയിത്തുടങ്ങി. ഇടയ്ക്ക് ഇദറിലെ അന്ധവിദ്യാലയത്തില്‍ ചെന്ന് കുട്ടികള്‍ക്ക് പരിശീലവും നല്‍കും.

മുപ്പത്തിയെട്ട് വയസായി പണ്ട് ടീമംഗങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന ബാലാജിക്ക്. ജോലിയൊന്നും തന്നില്ലെങ്കിലും പൊളിഞ്ഞു വീഴാറായ തന്റെ കുടിലൊന്ന് നന്നാക്കി തന്നാലെങ്കിലും മതിയെന്ന ചിന്തയിലാണ് ഈ പഴയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍.

Post a Comment

0 Comments

CLOSE ADS


CLOSE ADS