Subscribe Us

ആംഗ്യങ്ങളെ അനുസരിക്കും ഈ 7 സീരീസ്‌

 അമര്‍ത്തേണ്ട ബട്ടനുകളും തിരിക്കേണ്ട നോബുകളുമെല്ലാം ഇന്നത്തെ കൊള്ളാവുന്ന കാറുകളില്‍ പഴങ്കഥയായിക്കഴിഞ്ഞു - ഇപ്പോള്‍ എല്ലാം ടച്ച് സ്‌ക്രീനാണ്. ഇതിലും കൂടിയ വിദ്യയാണ് ബി എം ഡബ്ലിയുവിന്റെ പുതിയ ഫ്ലൂഗ്ഷിപ്പ് സെഡനായ 7 സീരീസിന്റെ ആറാം തമ്പുരാനില്‍ അവതരിപ്പിക്കുന്നത്: എവിടേയും തൊടുകപോലും വേണ്ട, കൈയാംഗ്യം കാട്ടിയാല്‍ വണ്ടി അനുസരിക്കും! റേഡിയോയുടെ ശബ്ദം കൂട്ടാനും കുറക്കാനും ചൂണ്ടുവിരല്‍ ഒന്നു കറക്കുക, ഇന്‍കമിങ്ങ് ഫോണ്‍ കോള്‍ കട്ട് ചെയ്യന്‍ ഈച്ചയെ ആട്ടുംപോലെ കൈപ്പത്തി ചലിപ്പിക്കുക, സ്വീകരിക്കുകയാണെങ്കില്‍ വേെറാരാംഗ്യം.

ജെസ്ച്ചര്‍ കണ്‍ട്രോള്‍ (gesture control) എന്നറിയപ്പെടുന്ന വിദ്യ നാട്ടുകാര്‍ ഇന്നേവരെ കമ്പ്യൂട്ടര്‍ ഗെയിം കണ്‍സോളുകളില്‍ മാത്രമേ കണ്ടിട്ടുള്ളു, അതാണ് ബിമ്മര്‍ ഹൈ പെര്‍ഫോമന്‍സ് കാറിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

ആംഗ്യം തിരിച്ചറിയല്‍ സാങ്കേതികവിദ്യ മൊത്തം ഒരു പുതിയ യൂസര്‍ അനുഭവമാണ്. ഇത് കാറിനുള്ളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ, (ഇന്‍-കാര്‍ സിസ്റ്റങ്ങള്‍) ഉപയോഗിക്കുന്നത് തന്നെ രസകരമാക്കി മാറ്റുന്നു. 

ഇത് തീര്‍ത്തും ബിമ്മറിന്റെ മാത്രം കണ്ടുപിടിത്തമാണെന്ന് ധരിക്കരുത്. കഴിഞ്ഞ ജനവരിയില്‍ ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സി ഇ എസ്)യില്‍ ഫോക്‌സ്‌വാഗന്‍ ആംഗ്യം കൊണ്ട് തുറക്കുന്ന സണ്‍ റൂഫ് ഒരു കോണ്‍സെപ്റ്റ് കാറില്‍ അവതരിപ്പിച്ചു. അടുത്ത വര്‍ഷം മുതല്‍ ഗോള്‍ഫ് ഹാച്ച്ബാക്കുകളില്‍ ആംഗ്യനിയന്ത്രണവിദ്യകള്‍ അനതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. ഇത്തരം സംവിധാനങ്ങളുള്ള മോഡല്‍ ഹ്യുണ്ടായും ആവിഷ്‌കരിക്കുന്നുണ്ട്.
 പക്ഷേ കാര്യങ്ങള്‍ ഇവിടെയൊന്നും നില്‍ക്കാന്‍ പോകുന്നില്ല. കാറിനുള്ളിലെ ഇന്‍-ബില്‍റ്റ് ക്യാമറയും സെന്‍സറുകളും ഡ്രൈവറുടെ തലയുടെയും ശരീരത്തിന്റെയും അവസ്ഥ ട്രാക്ക് ചെയ്യുകയും ആ ദൃശ്യവിജ്ഞാനം ഉപയോഗിച്ച് കമ്പ്യൂട്ടറുകളും സെര്‍വോമോട്ടോറുകളും കാറിനുള്ളിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതെങ്ങനെയെന്നാണ് ഇപ്പോള്‍ ഗവേഷണം നടക്കുന്നത്. ഉദാഹരണത്തിന് ഡ്രൈവര്‍ തല തിരിച്ചാല്‍ കാറിനുള്ളിലെ കണ്ണാടികളും പുള്ളിയുടെ കണ്ണെത്തും വിധം തിരിയും. ആള്‍ വശത്തേക്ക് ചാഞ്ഞാല്‍ ഡാഷ് ബോഡ് തനിയെ തുറന്നുവരും...എന്നിങ്ങനെ.

പറയുമ്പോള്‍ ഭയങ്കര രസമാണെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന പരിപാടികളുടെ കാര്യത്തില്‍ ഉണ്ടായ കഷ്ടപ്പാടുകള്‍ ഓര്‍ക്കുക. ഇന്നും പല 'വോയ്‌സ് കണ്‍ട്രോള്‍' സിസ്റ്റങ്ങള്‍ക്കും മനുഷ്യന്റെ സ്വാഭാവികമായ സംസാരം മനസ്സിലാവില്ല. പ്രാദേശികമായ ഉച്ചാരണഭേദങ്ങള്‍ കൂടിയായാല്‍ കമ്പ്യൂട്ടറുകള്‍ നട്ടം തിരിയും. കാറിന് മനസ്സിലാവുന്ന കുറേ വാക്കുകള്‍ അതേരീതിയില്‍ ഉച്ചരിച്ചാലേ കാര്യം നടക്കൂ.
ജെസ്ച്ചര്‍ കണ്‍ട്രോളിനും ഇതേ കുഴപ്പമുണ്ട്. ക്യാമറയ്ക്ക് മുന്നിലൂടെ കൈ വീശുക എന്ന സിമ്പിള്‍ നിര്‍ദേശം തന്നെ പലരും പല രീതിയിലാണ് അനുസരിക്കുക -ഒരാള്‍ ഒരു മീറ്റര്‍ വീശും മറ്റൊരാള്‍ അഞ്ച് സെന്റിമീറ്റര്‍, ഒരാള്‍ മന്ദംം മന്ദം വീശിയാല്‍ മറ്റൊരാള്‍ അതിവേഗത്തിലാകും അത് ചെയ്യുക, ഒരാള്‍ നേതാവിനെപ്പോലെ കൈവിടര്‍ത്തി വീശും അപരന്‍ മുഷ്ടി ചുരുട്ടിയാവും അത് ചെയ്യുക. ജെസ്ച്ചര്‍ കണ്‍ട്രോള്‍ സാങ്കേതികവിദ്യയില്‍ നേടിയ പുരോഗതി മുഴുവന്‍ ഉടന്‍ തന്നെ വാണിജ്യവത്കരിക്കാന്‍ ബി എം ഡബ്ലിയു തയ്യാറായിട്ടില്ല. ഏത് കമ്പ്യൂട്ടറിനും എളുപ്പം മനസ്സിലാവുന്ന ഏതാനും ആംഗ്യങ്ങള്‍ മാത്രമേ അവര്‍ തങ്ങളുടെ ആറാം തലമുറ 7 സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു.

Post a Comment

0 Comments

CLOSE ADS


CLOSE ADS