Subscribe Us

വര്‍ധന 12,600 രൂപ വരെ; പെന്‍ഷന്‍പ്രായം 58

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ 2,200 മുതല്‍ 12,648 വരെ രൂപ വര്‍ധന നിര്‍ദ്ദേശിച്ച് പത്താം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെന്‍ഷന്‍പ്രായം 58 ആക്കണമെന്നും സാമ്പത്തികബാധ്യത കണക്കിലെടുത്ത് ശമ്പളവും പെന്‍ഷനും പത്തുവര്‍ഷത്തിലൊരിക്കല്‍ കൂട്ടിയാല്‍ മതിയെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വര്‍ധിപ്പിച്ച ശമ്പളത്തിന് 2014 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യം നല്കണം. കുറഞ്ഞ അടിസ്ഥാനശമ്പളം 17,000 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്. ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് നല്കിയിരുന്ന സ്‌പെഷല്‍ പേ നിര്‍ത്തലാക്കി.

സര്‍ക്കാരിന് 5,277 കോടി അധികബാധ്യത വരുന്ന ശുപാര്‍ശകളാണ് കമ്മീഷന്‍ നല്കിയിരിക്കുന്നതെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറിയത്. കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ വേണം സ്ഥാനക്കയറ്റം നിശ്ചയിക്കാനെന്ന് അദ്ദേഹം പറഞ്ഞു. നവംബറിന് മുമ്പ് വ്യാപകമായ ഭരണപരിഷ്‌കാരത്തിനും സമഗ്ര ആരോഗ്യപദ്ധതിക്കുമുള്ള രണ്ടാംഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ശമ്പളപരിഷ്‌കരണം ഇങ്ങനെ:

* ഫിറ്റ്‌മെന്റ് ആനുകൂല്യം 12 ശതമാനം. മിനിമം നിരക്ക് 2000 രൂപയില്‍ കുറയാന്‍ പാടില്ല.
* 2014 ജൂലായ് 1ന് നിലവിലുള്ള മുഴുവന്‍ ക്ഷാമബത്തയും (80 ശതമാനം) ശമ്പളത്തില്‍ ലയിപ്പിച്ചു.
* പൂര്‍ത്തീകരിച്ച ഓരോ വര്‍ഷത്തിനും അര ശതമാനം എന്ന നിരക്കില്‍ പരമാവധി 15 ശതമാനം സര്‍വീസ് വെയിറ്റേജ്. ഈ രണ്ട് ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള തുക 12,000 കവിയാന്‍ പാടില്ല.
* കുറഞ്ഞ ഇന്‍ക്രിമെന്റ് 500 രൂപ. കൂടിയത് 2,400.(ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളത്തിന്റെ 2.94 ശതമാനവും ഏറ്റവും കൂടിയ അടിസ്ഥാനശമ്പളത്തിന്റെ 2.04 ശതമാനവും ആയിരിക്കും).
* ഗ്രാമീണ പഞ്ചായത്ത് പ്രദേശങ്ങളിലെ വീട്ടുവാടക ബത്ത 250ല്‍നിന്ന് ആയിരമാക്കി. പരമാവധി 1750 രൂപ. പ്രയോജനം 55 ശതമാനം ജീവനക്കാര്‍ക്ക്.
വീട്ടുവാടകബത്ത നിരക്ക് 1000 മുതല്‍ 3000 വരെ രൂപ കൂടും. ഇപ്പോള്‍ കുറഞ്ഞ നിരക്ക് 250 രൂപയും കൂടിയത് 1680 രൂപയുമാണ്.
* കുറഞ്ഞ പെന്‍ഷന്‍ 8,500, കൂടിയത് 60,000.
* മുഴുവന്‍ പെന്‍ഷനുവേണ്ട സര്‍വീസ് കാലാവധി 25 വര്‍ഷം.
* വില്ലേജ് ഓഫീസര്‍ തസ്തിക ഡെപ്യൂട്ടി തഹസില്‍ദാര്‍ കേഡറിലേക്ക് ഉയര്‍ത്തും.
* ശമ്പളസ്‌കെയില്‍ 27 ആയും സ്റ്റേജ് 82 ആയും നിലനിര്‍ത്തി.
* ആദ്യ അഞ്ച് ശമ്പള സ്‌കെയിലുകള്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡിനുള്ള കാലാവധി 7/14/21/28 എന്ന തോതില്‍. അതിന് മുകളില്‍ 58,050 -101,400 വരെയുള്ള സ്‌കെയിലുകള്‍ക്ക് മൂന്നും രണ്ടും ഹയര്‍ ഗ്രേഡുകള്‍.
* ക്ലാസ് ത്രീ ഓഫീസര്‍മാരില്‍ മികച്ച സേവനം ചെയ്യുന്നവര്‍ക്ക് മാത്രം നാലാം ഹയര്‍ഗ്രേഡ്.
* 28 വര്‍ഷത്തിലധികം സര്‍വീസുള്ള സീനിയര്‍ അധ്യാപകര്‍ക്ക് ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പദവി. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പിന്നീട്.
* വലുതും പ്രാധാന്യമുള്ളതുമായ 100 പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദവി.
* ക്രമസമാധാനച്ചുമതലയുള്ള എസ്.എച്ച്.ഒ.മാരെയും ഡിവൈ.എസ്.പി.മാരെയും തിരഞ്ഞെടുക്കാന്‍ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്.
* പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് 1250 രൂപയില്‍ കുറയാത്ത നിരക്കില്‍ 12 ശതമാനം ഫിറ്റ്‌മെന്റ്. ഓരോ പൂര്‍ത്തീകരിച്ച വര്‍ഷത്തിനും അര ശതമാനം നിരക്കില്‍ പരമാവധി 15 ശതമാനം വെയിറ്റേജ്. ഈ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ശമ്പളം 8,800 രൂപയും കൂടിയത് 16,800 രൂപയും.
* കാഷ്വല്‍ സ്വീപ്പര്‍മാരുടെ വേതനം 2014 ജൂലായ് ഒന്ന് മുതല്‍ 4000ല്‍നിന്ന് 5000 ആകും.
* ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പുകളും അച്ചടി, സ്റ്റേഷനറി വകുപ്പുകളും ലയിപ്പിക്കണം.
പെന്‍ഷന്‍ വര്‍ധന
* ഫിറ്റ്‌മെന്റ് ആനുകൂല്യം 18 ശതമാനം. നിലവില്‍ 12.
*ലയിപ്പിക്കുന്ന ക്ഷാമബത്ത 80 ശതമാനം.
*വിരമിക്കുന്ന തസ്തികയുടെ മിനിമത്തിന്റെയോ കിട്ടിയിരുന്ന (പുതുക്കിയ) സ്‌കെയിലിന്റെ മിനിമത്തിന്റെയോ 50 ശതമാനം വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കും.
* ഡി.സി.ആര്‍.ജി. പരമാവധി 14 ലക്ഷം.
* എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്ക് ക്ഷാമ ആശ്വാസവും കുടുംബപെന്‍ഷനും.
* പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ പെന്‍ഷന്‍ 4400 രൂപയും ഫിറ്റ്‌മെന്റ് ആനുകൂല്യം 18 ശതമാനവും.
ഹൈലൈറ്റ്‌സ്

ശമ്പളം 2,200 മുതല്‍ 12,648 വരെ കൂടും. പെന്‍ഷന്‍ പ്രായം 58. കുറഞ്ഞ ശമ്പളം 17,000. കൂടിയത് 1,20,000. ഫിറ്റ്‌മെന്റ് 12 ശതമാനം. മുഴുവന്‍ ക്ഷാമബത്തയും ലയിപ്പിച്ചു. കുറഞ്ഞ പെന്‍ഷന്‍ 8,500, കൂടിയത് 60,000. ഫുള്‍പെന്‍ഷന് 25 വര്‍ഷത്തെ സര്‍വീസ്. ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍. ഭരണപരിഷ്‌കാര റിപ്പോര്‍ട്ട് നവംബറിനകം. എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് കുടുംബപെന്‍ഷന്‍. 

Post a Comment

0 Comments

CLOSE ADS


CLOSE ADS