Subscribe Us

ക്രെഡിറ്റ്‌ & ഡെബിറ്റ് 'കാര്‍ഡുള്ളവര്‍' സൂക്ഷിക്കുക

മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ' എന്ന ചൊല്ല് ആസ്വദിച്ച് പണമില്ലാതെ എ.ടി.എം.-ക്രെഡിറ്റ് കാര്‍ഡുകളുമായി സഞ്ചരിക്കുന്നവരാണ് പുതിയ തലമുറയിലധികവും. എന്നാല്‍, ബാങ്കിങ് രംഗത്തോടൊപ്പം തന്നെ കള്ളന്മാരുടെയും തട്ടിപ്പുകാരുടെയും സാങ്കേതികവിദ്യയും പുരോഗമിച്ചു എന്നറിയുമ്പോഴേക്കും അക്കൗണ്ടിലെ പണം ആവിയായി തീര്‍ന്നിരിക്കും.

കഴിഞ്ഞദിവസം ആലപ്പുഴയില്‍ സംഭവിച്ചത് നോക്കുക. റിസോര്‍ട്ടില്‍ ബില്ലടയ്ക്കാന്‍ ഹൈദരാബാദ് സ്വദേശിയായ രഘുകുമാര്‍ നല്‍കിയ എ.ടി.എം.കാര്‍ഡിലെ വിവരങ്ങള്‍ ജി.പി.ആര്‍.എസ്. സംവിധാനമുള്ള മറ്റൊരു കാര്‍ഡ് റീഡര്‍( സ്‌കിമ്മര്‍) വഴി ചോര്‍ത്തി ഒരു ലക്ഷം രൂപയോളമാണ് റിസോര്‍ട്ട് ജീവനക്കാരന്‍ തട്ടിയെടുത്തത്. ചോര്‍ത്തിയ വിവരങ്ങള്‍ ദുബായിലുള്ള സുഹൃത്തിന് കൈമാറി ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്.

അശ്രദ്ധയും അറിവില്ലായ്മയുമാണ് പലരെയും അബദ്ധത്തില്‍ ചാടിക്കുന്നത്. ബാങ്കില്‍ നിന്ന് ആദ്യം തരുന്ന പാസ്വേഡ് (പിന്‍)മാറ്റി പുതിയ പാസ്വേ!ഡ് ഉണ്ടാക്കണം, കാര്‍ഡിന്റെ കവറില്‍ പിന്‍ നമ്പര്‍ എഴുതി സൂക്ഷിക്കരുത് തുടങ്ങി പ്രാഥമിക നിര്‍ദേശങ്ങള്‍ പോലും പാലിക്കാത്ത ഇടപാടുകാര്‍ ഇപ്പോഴുമുണ്ടെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നു. കാര്‍ഡുകള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില അടിസ്ഥാന നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

'സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട'


* പിന്‍ ഉണ്ടാക്കുമ്പോള്‍ ജനിച്ച വര്‍ഷം തിരഞ്ഞെടുക്കാതിരിക്കുക
* പിന്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാവുന്നത് ആവരുത്
* എ.ടി.എം. കൗണ്ടറുകളിലും വ്യാപാരകേന്ദ്രങ്ങളിലും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പിന്‍ നമ്പര്‍ ശ്രദ്ധയില്‍പ്പെടുന്ന വിധം ക്യാമറകളോ മൊബൈല്‍ഫോണുകളോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക
*എ.ടി.എമ്മില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തുക
* സമീപത്ത് ആളുണ്ടെങ്കിലും ഇല്ലെങ്കിലും പിന്‍ അടിക്കുമ്പോള്‍ കീപാഡ് കൈകൊണ്ട് മറച്ചുപിടിക്കുക
*വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകളില്‍ അസമയത്ത് ഇടപാട് നടത്താതിരിക്കുക
* പിന്‍ നമ്പര്‍ അപരിചിതര്‍ക്ക് നല്‍കാതിരിക്കുക (ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചാല്‍ പോലും)
* ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കാര്‍ഡുപയോഗിക്കുമ്പോള്‍ ഒറ്റത്തവണ പാസ്വേഡുകള്‍ ഉപയോഗിക്കുക( മൊബൈല്‍/ഇ-മെയില്‍ വഴി തത്സമയം ലഭിക്കുന്നത്)

സ്‌കിമ്മര്‍ എന്ന വില്ലന്‍

കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ ഉപയോഗികുന്ന യന്ത്രമാണ് സ്‌കിമ്മര്‍ എന്നറിയപ്പെടുന്ന കാര്‍ഡ് റീഡര്‍. ഇത്തരം തട്ടിപ്പാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത്. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു കാര്‍ഡ് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുക. ഹോട്ടലുകള്‍, പെട്രോള്‍ ബങ്കുകള്‍ തുടങ്ങിയ വ്യാപാരശാലകളില്‍ ഉപയോഗിക്കുന്‌പോഴാണ് കാര്‍ഡുകള്‍ സ്‌കിമ്മര്‍ വഴി ചോര്‍ത്താന്‍ സാധ്യത. പക്ഷേ, ഇവിടെയും നമ്മുടെ ശ്രദ്ധയും ജാഗ്രതയും തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയേക്കാം

*കാര്‍ഡുകള്‍ നമ്മുടെ കണ്‍വെട്ടത്ത് തന്നെ സ്വൈപ്പ് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുക
* പിന്‍നമ്പര്‍ അടിക്കുന്നത് കാണാവുന്ന വിധം ആളുകളോ, ക്യാമറയോ, മൊബൈല്‍ ക്യാമറയോ ഇല്ലെന്ന് ഉറപ്പുവരുത്തുക
* വിശ്വാസമുള്ള സ്ഥാപനങ്ങളില്‍ മാത്രം കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുക

Post a Comment

0 Comments

CLOSE ADS


CLOSE ADS