Subscribe Us

ഫിഫയെ വിറപ്പിച്ച വനിത- ലോറെറ്റ ലിഞ്ച്‌

രണ്ടു ദശാബ്ദങ്ങളായി അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്ന ലോക ഫുട്‌ബോളിന്റെ ഭരണസിരാകേന്ദ്രത്തെ നിയമത്തിന് മുമ്പില്‍ മുട്ടുമടക്കിച്ചാണ് ലോറെറ്റ ലിഞ്ച് എന്ന യു.എസ് അറ്റോര്‍ണി ജനറല്‍ ലോകമാധ്യമങ്ങളുടെ തലക്കെട്ടാവുന്നത്. തുടര്‍ച്ചയായ അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സെപ്പ് ബ്ലാറ്ററിനെ ഒരു പുനരാലോചനക്കും പിന്നീട് രാജിയിലേക്കും നയിച്ചത് ഒരുപക്ഷേ അധികാരങ്ങളുടെ ഉന്നതിയില്‍ വിരാജിക്കുന്നവരെ നിയമത്തിന് തൊടാനാകില്ലെന്ന മാമൂലുകള്‍ സധൈര്യം തിരുത്താനും കുറ്റക്കാരെ ശിക്ഷിക്കാനും ഈ ലോറെറ്റ കാണിച്ച ആര്‍ജ്ജവമായിരിക്കാം.

'സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണത്തിനും സ്വയം ധനികരാകുന്നതിനും വേണ്ടി നിലകൊള്ളുന്നതിന് പകരം ലോകഫുട്‌ബോളിന്റെ സത്യസന്ധമായ നിലനില്‍പ്പിനാവശ്യമായ വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിക്കുന്ന നിലപാടുകളാണ് ഇവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.' ഫിഫയിലെ 9 ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍ക്കും നേരെ 47 അഴിമതികുറ്റങ്ങള്‍ ആരോപിച്ച് അവര്‍ പറഞ്ഞ ഈ വാചകം അഴിമതിക്കെതിരായുള്ള തുറന്നപോരാട്ടത്തിന് താന്‍ ഒരുങ്ങിത്തന്നെയാണെന്നതിന്റെ സൂചനയായിരുന്നു. അതേ തുടര്‍ന്നായിരുന്നു ഫിഫയുടെ വൈസ് പ്രസിഡന്റടക്കം ഏഴോളം പേര്‍ സൂറിച്ചില്‍ അറസ്റ്റിലായതും. ജില്ലാ അറ്റോര്‍ണി ആയി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതലാണ് ഫിഫയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലോറെറ്റ ഭാഗഭാക്കാകുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എഫ്.ബി.ഐ ഫിഫയിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. 

നേരിനും നീതിക്കും വേണ്ടി ലോറെറ്റ പോരാടുന്നത് ഇത് ആദ്യമായല്ല. അങ്ങനെ പോരാടാന്‍ ഇറങ്ങുമ്പോള്‍ പ്രതിസ്ഥാനത്തുള്ളവരുടെ സ്ഥാനമാനങ്ങള്‍ കണക്കിലെടുക്കാറുമില്ല. 1990-ല്‍ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറാകുന്നതോടെയാണ് ലോറെറ്റയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം ഡിസ്ട്രിക്ട് അറ്റോര്‍ണിയായി ചുമതലയേറ്റു. ചുമതലയേറ്റ ആദ്യവര്‍ഷം തന്നെ പ്രമാദമായ കേസുമായി ലോറെറ്റ ജനശ്രദ്ധ നേടിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ ലൈംഗീക പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായ ഹെയ്തിയന്‍ പൗരന്‍ അബ്‌നെര്‍ ലൂയിമയുടെ കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ യാതൊരു മടിയും തുടക്കക്കാരിയായിരുന്ന ലോറെറ്റ കാണിച്ചില്ല. അവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് മുപ്പത് വര്‍ഷമാണ് ശിക്ഷ ലഭിച്ചത്. പിന്നീട് അന്താരാഷ്ട്ര ലൈംഗീക കടത്ത് കണ്ണികള്‍, ഭീകരര്‍, മാഫിയരാജക്കാന്മാര്‍ തുടങ്ങിയവര്‍ക്കുനേരെ പൊരുതാന്‍ ഇവര്‍ കാണിച്ച തന്റേടം കോടതിയിലെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

'അപരാധികള്‍ക്കെതിരെയും ഭീകരര്‍ക്കെതിരെയും മയക്കുമരുന്ന് രാജാക്കന്മാര്‍ക്കെതിരെയും പോരാടുകയും ജനങ്ങള്‍ക്ക് എപ്പോഴും സഹായസന്നദ്ധനായി അവരുടെ ആളെന്ന കീര്‍ത്തി നേടുകയും ചെയ്ത അമേരിക്കയിലെ ഏകവക്കീലാണ് ലോറെറ്റ.' 2014-ല്‍ യു.എസ് അറ്റോര്‍ണി ജനറലായി ലോറെറ്റയെ നാമനിര്‍ദേശം ചെയ്തുകൊണ്ട് ഒബാമ പറഞ്ഞ ഈ വാചകങ്ങള്‍ ലോറെറ്റുടെ ജനസമ്മതിക്കുള്ള ഏറ്റവും വലിയ തെളിവുകളാണ്.

ലോകവികാരമായ ഫുട്‌ബോളിനെ അഴിമതി വിമുക്തമാക്കുന്നതിന് വേണ്ടി മൂന്നുവര്‍ഷത്തോളം അന്വേഷണവുമായി സധൈര്യം മുന്നോട്ടുപോയ ലോറെറ്റിനെ ലോകഫുട്‌ബോളിന്റെ വീരതാരമായാണ് മാധ്യമങ്ങള്‍ വാഴ്ത്തുന്നത്്. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ അവരെ സല്യൂട്ട് ചെയ്യുമെന്നും ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയ്ക്കും മറഡോണക്കും ഒപ്പം ലോറെറ്റയുടെ പേരുകൂടി കൂട്ടിച്ചേര്‍ക്കണമെന്ന തലത്തിലേക്കും ലോറെറ്റ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. 

Post a Comment

0 Comments

CLOSE ADS


CLOSE ADS