Subscribe Us

'വൈഫൈ വൈദ്യുതി'ക്ക് വഴിതുറക്കുന്ന മുന്നേറ്റവുമായി ഇന്ത്യന്‍ ഗവേഷകന്‍

 വൈഫൈ സിഗ്നലുകള്‍ ഊര്‍ജമാക്കി മാറ്റി അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ബാറ്ററിയോ വൈദ്യുതി വയറുകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍. അത്തരമൊരു സാധ്യതയ്ക്ക് വഴിതുറക്കുന്ന മുന്നേറ്റം നടത്തിയിരിക്കുകയാണ്, അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥി വാംസി ടല്ല. 

ചെറുസെന്‍സറുകള്‍, ക്യാമറകള്‍, റോബോട്ടുകള്‍ തുടങ്ങി ഒട്ടേറെ ഉപകരണങ്ങള്‍ക്ക് ബാറ്ററിയോ, വയറുകള്‍ വഴി ഘടിപ്പിക്കാവുന്ന വൈദ്യുതി സ്രോതസ്സോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ വഴിതുറക്കുന്ന മുന്നേറ്റമാണ് 'വൈഫൈ വൈദ്യുതി'.

'പവര്‍-ഓവര്‍-വൈഫൈ' ( Power-over-WiFi ) അഥവാ 'പൊവൈഫൈ' ( PoWiFi ) എന്നാണ് പുതിയ സങ്കേതത്തിന് പേരിട്ടിട്ടുള്ളത്. ഗുവഹാട്ടിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍നിന്ന് എന്‍ജിനിയറിങ് ബിരുദം നേടിയ വാംസി ടെല്ല, നിലവില്‍ വാഷിങ്ടണ്‍ സര്‍വകലാശാലയ്ക്ക് കീഴിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ പിഎച്ച്ഡി ഗവേഷണം നടത്തുകയാണ്. 

ആറുമീറ്റര്‍ അകലെ സ്ഥാപിച്ചിട്ടുള്ള വൈഫൈ സ്രോതസ്സില്‍നിന്ന് ഒരു ക്യാമറയില്‍ വൈദ്യുതിയെത്തിച്ച് സംഭരിക്കാനും അതുപയോഗിച്ച് ചിത്രങ്ങളെടുക്കാനും വാംസി ടല്ലയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞു. റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററി ഉപയോഗിച്ചപ്പോള്‍ ഈ അകലം ഒന്‍പത് മീറ്ററാക്കി വര്‍ധിപ്പിക്കാനും സാധിച്ചു. 

വൈഫൈ സിഗ്നലുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന ഒരു പ്രശ്‌നം, സ്ഥിരതയുള്ള സിഗ്നലുകള്‍ റൂട്ടറുകള്‍ പുറപ്പെടുവിക്കുന്നില്ല എന്നതാണ്. ഈ പ്രശ്‌നം മറികടക്കാന്‍ പരിഷ്‌ക്കരിച്ച റൂട്ടറാണ് ഗവേഷകര്‍ ഉപയോഗിച്ചത്. അപ്പോള്‍ ക്യാമറയ്ക്ക് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ സ്ഥിരതയുള്ള സിഗ്നലുകള്‍ ലഭ്യമായി.

'വയര്‍ലെസ്സ് വൈദ്യുതി'ക്ക് വഴിതുറക്കുന്ന മുന്നേറ്റമാണ് വാംസിയും കൂട്ടരും നടത്തിയിരിക്കുന്നത്. ചെറുസെന്‍സറുകളുടെ സഹായത്തോടെ ഏത് വസ്തുവിനെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന 'ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്' ( 'Internet of Things' )യാഥാര്‍ഥമാക്കാന്‍ പുതിയ മുന്നേറ്റം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ചെറുചിപ്പുകളടങ്ങിയ സെന്‍സറുകള്‍ എവിടെയും സ്ഥാപിക്കാന്‍ നിലവിലുള്ള പരിമതി അവയ്ക്ക് എങ്ങനെ സ്ഥിരമായി ഊര്‍ജം ലഭിക്കും എന്നതാണ്. വൈഫൈ സിഗ്നലുകളുടെ സഹായത്തോടെ ഊര്‍ജം ലഭ്യമാകുമെന്ന് വന്നാല്‍ ഈ പരിമിതി ഒരു പരിധിവരെ മറികടക്കാന്‍ കഴിയും.

Post a Comment

0 Comments

CLOSE ADS


CLOSE ADS