Subscribe Us

അടുത്ത ഐഫോണ്‍ എങ്ങനെ; മിങ്-ചി ക്വോ പ്രവചിക്കുന്നു

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഉത്സവമാണ് ആപ്പിള്‍ ഐഫോണിന്റെ വരവ്. ഐഫോണിന്റെ ഓരോ മോഡലിന്റെയും പിറവിക്ക് മാസങ്ങള്‍ക്കുമുമ്പ് തന്നെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങളും വാദപ്രതിവാദങ്ങളുമുയരും. ആപ്പിള്‍ കമ്പനി സ്വപ്‌നം പോലും കാണാത്ത സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഐഫോണില്‍ ചാര്‍ത്തിക്കൊടുത്ത് ടെക് പണ്ഡിതര്‍ നിര്‍വൃതികൊള്ളും. 

ആപ്പിളിനെക്കുറിച്ച് മാത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന ഒന്നിലേറെ ടെക്‌നോളജി വെബ്‌സൈറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാംകൂടി സൃഷ്ടിക്കുന്ന വമ്പന്‍ പ്രതീക്ഷകളുടെ ചിറകിലാണ് ഐഫോണ്‍ മോഡലുകള്‍ എത്തുക. 

ഊഹാപോഹങ്ങള്‍ക്കുപരിയായി ഓരോ ഐഫോണ്‍ മോഡലിന്റെയും ഫീച്ചറുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്നൊരാളുണ്ട്. മിങ് ചി ക്വോ. തായ്‌വാനിലെ കെ.ജി.ഐ. സെക്യൂരിറ്റീസ് എന്ന ധനകാര്യസ്ഥാപനത്തില്‍ ബിസിനസ് അനലിസ്റ്റായി ജോലി നോക്കുന്ന മിങ് മുമ്പിറങ്ങിയ ഐഫോണുകളെക്കുറിച്ച് നടത്തിയ പ്രവചനങ്ങളെല്ലാം തൊണ്ണൂറു ശതമാനവും ശരിയായിരുന്നു. 

തന്റെ പ്രവചനങ്ങള്‍ പത്രസമ്മേളനം നടത്തി വിളിച്ചുപറയുകയോ ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ വിളമ്പുകയോ അല്ല മിങിന്റെ രീതി. ഓരോ ആപ്പിള്‍ പ്രൊഡക്ടും പുറത്തിറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്റെ സ്ഥാപനവുമായി സഹകരിക്കുന്ന നിക്ഷേപകര്‍ക്ക് അദ്ദേഹം വിശദമായൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതില്‍ പുതിയ ആപ്പിള്‍ ഉത്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങളുണ്ടാകും!

ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിനോ പത്രലേഖകരുടെ അഭിമുഖത്തിനോ ഒന്നും മിങ് നിന്നുകൊടുക്കാറില്ല. ടെലിഫോണിലോ ഈമെയില്‍ വഴിയോ ബന്ധപ്പെട്ടാല്‍ പുളളി ഒരക്ഷരം മിണ്ടില്ല. 'ഗൂഗിള്‍ ഇമേജസ്' മുഴുവന്‍ പരതിയാലും കക്ഷിയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പോലും കിട്ടുകയുമില്ല. 

പക്ഷേ, മിങ് ചി ക്വോവിന്റെ റിപ്പോര്‍ട്ട് ലോകമെങ്ങുമുള്ള ടെക്‌നോളജി മാധ്യമങ്ങള്‍ അതീവപ്രാധാന്യത്തോടെയാണ് പരിഗണിക്കാറ്. 

ആപ്പിള്‍ കമ്പനിയുടെ ഉള്ളില്‍ നിന്നല്ല മിങ് ചി ക്വോവിന് വിവരങ്ങള്‍ ലഭിക്കുന്നതെന്ന് വ്യക്തം. ആപ്പിളിന് വേണ്ടി ഐഫോണ്‍ നിര്‍മിച്ചുനല്‍കുന്ന ചൈനീസ് കമ്പനി ഫോക്‌സ്‌കോണില്‍ നിന്നാണ് മിങിന് വിവരങ്ങള്‍ ചോര്‍ന്നുകിട്ടുന്നതെന്ന പലരും കരുതുന്നു. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ആപ്പിള്‍ വിതരണശൃംഖലയിലെ പ്രധാനകണ്ണികളുമായൊക്കെ മിങിന് അടുത്ത ബന്ധമുണ്ട്. വിവിധ രാജ്യങ്ങളിലെ ഐഫോണ്‍ വില്പനയുടെ വിശദാംശങ്ങള്‍, ഉപയോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ എന്നിവയൊക്കെ മിങിന് അപ്പപ്പോള്‍ ലഭിക്കുന്നു. 

ഓരോ ഉത്പന്നത്തിനും വിപണിയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം അടിസ്ഥാനമാക്കിയാണ് ആപ്പിള്‍ പുതിയ മോഡലുകള്‍ ഇറക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വെര്‍ഷന്‍ ഫോണിനെക്കുറിച്ചുള്ള കൃത്യമായ 'ഫീഡ്ബാക്ക്' ലഭിച്ചാല്‍ ഇനിയിറങ്ങാന്‍ പോകുന്ന ഫോണുകളില്‍ എന്തൊക്കെയുണ്ടാകുമെന്ന് ഏകദേശം അനുമാനിക്കാം. ഇത്രയുമേ മിങും ചെയ്യുന്നുള്ളൂ. ഇതിന് മുമ്പിറങ്ങിയ ഐഫോണ്‍ 5, ഐഫോണ്‍ 6, ആപ്പിള്‍ വാച്ച് എന്നിവയെക്കുറിച്ച് മിങ് നടത്തിയ പ്രവചനങ്ങളില്‍ മിക്കതും ശരിയായിരുന്നു. 

ഐഫോണ്‍ 6 ന്റെ പിന്‍ഗാമിയായി ഉടന്‍ വരാനിരിക്കുന്ന പുതിയ ആപ്പിള്‍ ഫോണിനെക്കുറിച്ച് 11 പ്രവചനങ്ങള്‍ മിങ് ചി ക്വോ ഇപ്പോള്‍ നടത്തിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം- 


1. ഫോഴ്‌സ് ടച്ച്: പുതിയ ഐഫോണിലെ പ്രധാന സവിശേഷതയായി മിങ് പ്രവചിക്കുന്നത് ഫോഴ്‌സ് ടച്ച് എന്ന സംവിധാനമാണ്. സ്‌ക്രീനില്‍ പതുക്കെ തൊടുന്നതും അമര്‍ത്തിത്തൊടുന്നതും വേര്‍തിരിച്ച് മനസിലാക്കാന്‍ ഫോണിന് സാധിക്കും. ആപ്പിള്‍ വാച്ചില്‍ നിലവില്‍ ഫോഴ്‌സ് ടച്ച് സംവിധാനമുണ്ട്.

2. നിലവില്‍ ഐഫോണ്‍ 6 നുള്ള 4.7, 5.5 ഇഞ്ച് സ്‌ക്രീന്‍ ഓപ്ഷനുകള്‍ തന്നെയാകും പുതിയ മോഡലിനും. സ്‌ക്രീന്‍ റെസൊല്യൂഷനിലും മാറ്റമുണ്ടാകില്ല. നാല് ഇഞ്ച് വലിപ്പത്തിലുള്ള മിനിവെര്‍ഷന്‍ പുതിയ മോഡലിനുണ്ടാകില്ല.

3. ആപ്പിള്‍ വാച്ചില്‍ അവതരിപ്പിക്കപ്പെട്ട റോസ് ഗോള്‍ഡ് നിറത്തിലും പുതിയ ഐഫോണ്‍ ലഭ്യമാകും.

4. 12 മെഗാപിക്‌സലിന്റേതാകും പിന്‍ക്യാമറ. െഎഫോണ്‍ 6 ലെ ക്യാമറ എട്ട് മെഗാപിക്‌സലിന്റേതാണ്. 

5. സംസാരവ്യക്തത വര്‍ധിപ്പിക്കാനായി സ്പീക്കറിനടുത്ത ഒരു മൈക്രോഫോണ്‍ കൂടി ഉണ്ടാകും. 

6. രണ്ട് ജി.ബി. ശേഷിയുള്ള എല്‍.പി.ഡി.ഡി.ആര്‍.4 എ9 പ്രൊസസററായിരിക്കും ഫോണിനുള്ളില്‍.

7. ഐഫോണ്‍ 6 ന് ചീത്തപ്പേരുണ്ടാക്കിയ 'ബെന്‍ഡ്‌ഗേറ്റ്' പ്രശ്‌നമൊഴിവാക്കാന്‍ മൊബൈല്‍ കേയ്‌സിന്റെ കനം കൂട്ടും. സീരീസ് 7000 അലൂമിനിയം കൊണ്ടാകും കെയ്‌സ് നിര്‍മ്മിക്കുക. 

8. 5.5 ഇഞ്ച് മോഡലിന്റെ കുറച്ച് യൂണിറ്റുകള്‍ക്ക് സഫയര്‍ കവര്‍ ലെന്‍സ് സംവിധാനമൊരുക്കും.

9. 'ആപ്പിള്‍ പേ' സംവിധാനം വ്യാപകമാക്കാനായി ടച്ച് ഐ.ഡിയുടെ തിരിച്ചറിയല്‍ ശേഷി വര്‍ധിപ്പിക്കും.

10. ജെസ്റ്റര്‍ കണ്‍ട്രോള്‍ സംവിധാനമുണ്ടാകും. 

11. ഇതുവരെയിറങ്ങിയ ഐഫോണ്‍ മോഡലുകളുടെയെല്ലാം ലോഞ്ചിങ് സപ്തംബറിലായിരുന്നുവെങ്കില്‍ ഇക്കുറി അത് ആഗസ്തില്‍ നടക്കും. 2015 ല്‍ മാത്രം 80-90 ദശലക്ഷം പുതിയ മോഡല്‍ ഐഫോണുകള്‍ വിപണിയിലെത്തിക്കും. 2:1 അനുപാതത്തിലായിരിക്കും 4.7 ഇഞ്ച് മോഡലുകളും 5.5 ഇഞ്ച് മോഡലുകളും പുറത്തിറങ്ങുക. 

Post a Comment

0 Comments

CLOSE ADS


CLOSE ADS