ജീവികള്‍ അപ്രത്യക്ഷമാകുന്നത് നൂറിരട്ടി വേഗത്തില്‍
മനുഷ്യവംശം അപകടത്തിലെന്ന് താക്കീത്
മിയാമി: മനുഷ്യന്റെ നിലനില്പുപോലും അപകടത്തിലാക്കുന്ന മറ്റൊരു കൂട്ട വംശനാശഘട്ടത്തിലേക്ക് ഭൂമി പ്രവേശിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍. 4.5 ശതകോടി വര്‍ഷംനീണ്ട ചരിത്രത്തില്‍, ഭൂമിനേരിടുന്ന ആറാമത് കൂട്ട വംശനാശമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് 'സയന്‍സ് അഡ്വാന്‍സസ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യവംശം അപകടത്തിലെന്ന് താക്കീത്
ഭൂമുഖത്തുനിന്ന് ദിനോസറുകളെ അപ്രത്യക്ഷമാക്കിയ 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ അഞ്ചാമത്തെ കൂട്ട വംശനാശത്തിനുശേഷം ഇത്രവേഗത്തിലുള്ള കൂട്ട വംശനാശം ആദ്യമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
സ്റ്റാന്‍ഫഡ്, പ്രിന്‍സ്റ്റണ്‍, ബെര്‍കിലി സര്‍വകലാശാലകളുടെ നേതൃത്വത്തില്‍നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സാധാരണ നിരക്കിനേക്കാള്‍ നൂറിരട്ടിവേഗത്തിലാണ് ഭൂമുഖത്തുനിന്ന് ജീവിവര്‍ഗങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഈ കൂട്ട വംശനാശത്തില്‍ മനുഷ്യവംശംതന്നെ അപ്രത്യക്ഷമായേക്കാമെന്നും ഗവേഷകര്‍ താക്കീത് നല്‍കുന്നു.
നിലവിലെ വേഗത്തില്‍ വംശനാശം സംഭവിക്കുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ ഭൂമിക്ക് ദശലക്ഷം വര്‍ഷങ്ങള്‍തന്നെ വേണ്ടിവരുമെന്ന് മുഖ്യ ഗവേഷകന്‍ ജെറാര്‍ഡ് സെബല്ലോസ് പറഞ്ഞു. ഫോസില്‍ രേഖകള്‍, വംശനാശ ചരിത്രം എന്നിവ താരതമ്യം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
സ്വാഭാവികമായി ജീവികള്‍ അപ്രത്യക്ഷമാകുന്നതിന്റെ നിരക്കും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതിനുശേഷമുള്ള വംശനാശവും ഗവേഷകര്‍ താരതമ്യം ചെയ്തു. നിലവിലെ വംശനാശനിരക്കും മുന്‍കാല വംശനാശനിരക്കും താരതമ്യം ചെയ്താണ് കൂട്ട വംശനാശഘട്ടമാണിതെന്ന് ഗവേഷകര്‍ ഉറപ്പിച്ചത്.
കശേരുക്കളുള്ള ജീവികളുടെ വംശനാശനിരക്ക് താരതമ്യം ചെയ്തപ്പോള്‍ 20-ാം നൂറ്റാണ്ടില്‍ 114 ഇരട്ടിവേഗത്തിലാണ് അവ അപ്രത്യക്ഷമാകുന്നതെന്ന് കണ്ടെത്തി. നൂറുവര്‍ഷംകൊണ്ട് 10,000 ജീവിവര്‍ഗങ്ങളില്‍ രണ്ട് സസ്തനികള്‍ എന്ന തോതിലായിരുന്നു മുമ്പ് വംശനാശം സംഭവിച്ചിരുന്നത്. എന്നാല്‍, അവസാനത്തെ നൂറ്റാണ്ടില്‍ ഇത് 114 ഇരട്ടിവേഗത്തിലായി. 1900-നുശേഷംമാത്രം 400-ഓളം കശേരുക്കളുള്ള ജീവികളാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായത്. സാധാരണഗതിയില്‍ 10,000 വര്‍ഷംകൊണ്ട് മാത്രമാണ് ഇത്ര വിപുലമായ വംശനാശം സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാമാറ്റം, മലിനീകരണം, വനനശീകരണം എന്നിവയാണ് അതിവേഗത്തിലുള്ള വംശനാശത്തിന്റെ പ്രധാനകാരണം. മനുഷ്യന്റെ കരങ്ങളാല്‍ ആവാസവ്യവസ്ഥയ്‌ക്കേറ്റ ക്ഷതങ്ങള്‍മൂലം തേനീച്ചയുടെ പരാഗണം പോലുള്ള പരിസ്ഥിതിസംതുലന ഘടകങ്ങള്‍ മൂന്ന് തലമുറയ്ക്കുള്ളില്‍ പൂര്‍ണമായും നഷ്ടമാവും.
0 Comments