Subscribe Us

എല്‍ജി ജി4 ഇന്ത്യയില്‍; വില 46,666 രൂപ



ലോകത്തെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ഫോണുകളിലൊന്ന് എന്ന് ടെക് പണ്ഡിതര്‍ വിധിയെഴുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് എല്‍ജി ജി4. സാംസങിന്റെ ഗാലക്‌സി എസ്6, ആപ്പിളിന്റെ ഐഫോണ്‍ 6 നിരയില്‍പ്പെട്ട പ്രീമിയം ഫോണുകളുമായി കൊമ്പുകോര്‍ക്കാനാണ് അതിന്റെ വരവ്


എല്‍ജിയുടെ പ്രീമിയം ഫ്് ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ മോഡലായ എല്‍ജി ജി4 ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ശനിയാഴ്ച മുംബൈയിലെ എന്‍.എസ്.സി.ഐ. സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ എല്‍ജി മാനേജിങ് ഡയറക്ടര്‍ സൂന്‍ ക്വോന്‍ ആണ് ജി4 പുറത്തിറക്കിയത്. ഫോണിലെ സൗകര്യങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തിയത് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും. ജി4 ഫോണില്‍ ബച്ചനെടുത്ത ചില ചിത്രങ്ങളും സദസ്സിന് മുമ്പാകെ പ്രദര്‍ശിപ്പിച്ചു. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിനാളുകളും മാധ്യമപ്രതിനിധികളും ചടങ്ങിനെത്തിയിരുന്നു. 

ലോകത്തെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ഫോണുകളിലൊന്ന് എല്‍ജി ജി4 ( LG G4 ) ആണെന്ന് ടെക് പണ്ഡിതന്‍മാര്‍ ഇതിനകം വിധിയെഴുതിക്കഴിഞ്ഞു. സാംസങിന്റെ ഗാലക്‌സി എസ്6, ആപ്പിളിന്റെ ഐഫോണ്‍ 6 നിരയില്‍പ്പെട്ട പ്രീമിയം ഫോണുകളുമായി കൊമ്പുകോര്‍ക്കാനാണ് മികവുറ്റ ഫീച്ചറുകളുമായുള്ള എല്‍ജി ജി4 ന്റെ വരവ്. 

എന്തൊക്കെയാണ് എല്‍ജി ജി4 ന്റെ പ്രത്യേകതകളെന്ന് ഒന്ന് പരിശോധിക്കാം - 


രൂപകല്പന, നിര്‍മിതി:
 കാഴ്ചയില്‍ ഏറെ മനോഹരമായ ഫോണായിരുന്നു എല്‍ജി ജി3. ജി3 യുടെ പിന്‍ഗാമിയായ ജി4ല്‍ ആ സൗന്ദര്യത്തികവ് അല്പം കൂടി വര്‍ധിച്ചിരിക്കുന്നു. തീരെ കനംകുറഞ്ഞ രീതിയിലുള്ള ബോഡി, തുകല്‍ തുന്നിച്ചേര്‍ത്ത പിന്‍കവര്‍, പിന്‍വശത്ത് മധ്യത്തിലായുളള പവര്‍/സ്റ്റാന്‍ഡ്‌ബൈ ബട്ടനുകള്‍ എന്നിവയാണ് ഫോണിന്റെ ഭംഗി കൂട്ടുന്നത്. 

ഈര്‍പ്പമോ ചൂടോ തട്ടിയാലും ഒന്നും സംഭവിക്കാതിരിക്കാന്‍ വെജിറ്റബിള്‍ ടാനിങ് ചെയ്ത തുകല്‍ കൊണ്ടാണ് പിന്‍വശം പൊതിഞ്ഞിരിക്കുന്നതെന്ന് എല്‍ജി അവകാശപ്പെടുന്നു. മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള തുകലിന്റെ ബാക്ക് കവറുകള്‍ക്കൊപ്പം മൂന്ന് പ്ലാസ്റ്റിക് ബാക്ക് കവറുകളും ഫോണിനൊപ്പം ലഭിക്കും. 




ഡിസ്‌പ്ലേ: 2560X1440 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5 ഇഞ്ച് ക്വാഡ് എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണില്‍. പിക്‌സല്‍ സാന്ദ്രത 535 പി.പി.ഐ. പുറംവെളിച്ചത്തെ പ്രകാശശേഷി 550-560 നിറ്റ്‌സ്. എത്ര കടുത്ത നിറവും പിക്‌സലേഷനില്ലാതെ പ്രദര്‍ശിപ്പിക്കാനാകുന്ന ഈ സ്‌ക്രീനില്‍ ഫോണ്ടുകളും മിഴിവോടെ തെളിയുന്നു. ഐ.പി.എസ്. ക്വാണ്ടം ഡിസ്‌പ്ലേ സംവിധാനമുളള സ്‌ക്രീനാണിതെന്ന് എല്‍ജി പറയുന്നു.

ചിപ്‌സെറ്റ്, റാം: 
ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗന്‍ 808 സിക്‌സ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. ഡ്യുവല്‍-കോര്‍ എ.ആര്‍.എം. കോര്‍ടെക്‌സ് എ57, ക്വാഡ്-കോര്‍ എ53 എന്നീ പ്രൊസസറുകള്‍ ചേരുന്നതാണിത്. ഒക്ടാകോര്‍ പ്രൊസസറിന് അല്പം താഴെയാണെങ്കിലും പ്രവര്‍ത്തന മികവില്‍ ഒക്ടാകോറും സിക്‌സ്‌കോറും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല. മൂന്ന് ജി.ബി.റാം, 32 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ഫോണിലുള്ളത്. 2000 ജി.ബി. വരെയുളള എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ് സ്ലോട്ടുമുണ്ട്. 

ഒഎസ്, കണക്ടിവിറ്റി: 
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനിലെത്തുന്ന ഫോണില്‍ എല്‍ജിയുടെ സ്വന്തം യു.എക്‌സ്. 4.0 യൂസര്‍ഇന്റര്‍ഫേസുമുണ്ട്. സ്മാര്‍ട് ബുള്ളറ്റിന്‍ സ്‌ക്രീന്‍ എന്ന സംവിധാനമാണ് യു.എക്‌സ്. 4.0 യൂസര്‍ ഇന്റര്‍ഫേസിന്റെ പ്രത്യേകത. പോക്കറ്റ് കലണ്ടര്‍, മ്യൂസിക് സെറ്റിങ്‌സ്, എല്‍ജി ഹെല്‍ത്ത്, ക്വിക്ക് റിമോട്ട്, കാലാവസ്ഥാ വിവരങ്ങള്‍, പിറന്നാള്‍ അറിയിപ്പുകള്‍ തുടങ്ങി ആവശ്യമുള്ള സംവിധാനങ്ങളെല്ലാം ഒരൊറ്റ സ്‌ക്രീനില്‍ തെളിയുമെന്നതാണ് സ്മാര്‍ട് ബുള്ളറ്റിന്‍ സ്‌ക്രീന്‍ കൊണ്ടുള്ള ഗുണം. 

ഡ്യുവല്‍ സിം മോഡലായ എല്‍ജി ജി4 ല്‍ 4ജി സിം കാര്‍ഡിന് വേണ്ടി ക്വാല്‍കോം എക്‌സ്10 എല്‍ടിഇ ചിപ്‌സെറ്റുമുണ്ട്. 4ജിക്ക് പുറമെ വൈഫൈ, ബ്ലൂടൂത്ത് 4.1, എ-ജി.പി.എസ് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. 

ക്യാമറ: 
എല്‍.ഇ.ഡി. ഫ് ളാഷും ഇന്‍ഫ്രാറെഡ്-സെന്‍സിറ്റീവ് കളര്‍ സ്‌പെക്ട്രം സെന്‍സറുമുള്ള 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് എല്‍ജി ജി4 ലുള്ളത്. എട്ട് മെഗാപിക്‌സലിന്റേതാണ് മുന്‍ക്യാമറ. 4കെ വീഡിയോകള്‍ ചിത്രീകരിക്കാവുന്ന വീഡിയോ ക്യാമറയും ഇതിലുണ്ട്. 

ബാറ്ററി:
 സാംസങ് അടക്കമുള്ള മുന്‍നിര കമ്പനികളുടെ ഫ് ളാഗ്ഷിപ്പ് ഫോണുകളിലെ ബാറ്ററി ഊരിയെടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതാണെങ്കില്‍ല്‍, ഊരിയെടുക്കാവുന്ന 3000 എം.എ.എച്ച്. ബാറ്ററിയാണ് ജി4 ലുള്ളത്. 

51,000 രൂപയ്ക്കാണ് എല്‍ജി ജി4 ഇന്ത്യയില്‍ വില്‍ക്കുന്നതെങ്കിലും മത്സരത്തിന്റെ ഭാഗമായി 46,666 രൂപയ്ക്ക് വരെ ഇതേ ഫോണ്‍ ഓണ്‍ലൈന്‍ ബിസിനസ് സൈറ്റുകളില്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS