Subscribe Us

കാറിടിപ്പിച്ച്‌ കൊല; സല്‍മാന്‍ ഖാന്‌ അഞ്ചു വര്‍ഷം തടവ്‌

മുംബൈ : വാഹനാപകട കേസില്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‌ അഞ്ചു വര്‍ഷം തടവ്‌. മുംബൈ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ തടവ്‌ ശിക്ഷ ലഭിച്ചതുകൊണ്ടുതന്നെ ഇനി ജാമ്യത്തിനായി സല്‍മാന്‌ മുംബൈ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. വെള്ളിയാഴ്‌ച മുതല്‍ കോടതി അവധിയിലേയ്‌ക്ക് പോകുകയാണ്‌ എന്നതിനാല്‍ ജാമ്യാപേക്ഷ നല്‍കുന്നതിന്‌ കാലതാമസം ഉണ്ടാകും. അതുകൊണ്ടുതന്നെ നിലവില്‍ പോലീസ്‌ കസ്‌റ്റഡിയിലുള്ള സല്‍മാന്‍ ഖാനെ ആര്‍തര്‍ റോഡ്‌ ജയിലിലേയ്‌ക്ക് മാറ്റും. ജാമ്യം ലഭിക്കുന്നതുവരെ സല്‍മാന്‍ അഴിക്കുള്ളില്‍ കഴിയേണ്ടി വരും.
പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്‌ സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്‌. കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ സാഹചര്യത്തില്‍ സല്‍മാന്‌ പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കരുതെന്ന്‌ പ്രതിഭാഗം വാദിച്ചു. സല്‍മാന്‌ നടത്തുന്ന സാമൂഹ്യ സേവനങ്ങള്‍ കണക്കിലെടുക്കണമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹത്തിനായി ചെയ്‌ത നല്ല കാര്യങ്ങള്‍ കണക്കിലെടുത്ത്‌ ശിക്ഷ കുറയ്‌ക്കണമെന്നും പണം എത്രവേണമെങ്കിലും നല്‍കാമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി ചെവിക്കൊണ്ടില്ല. 1.10 ന്‌ ശിക്ഷാ വിധി ഉണ്ടാകുമെന്നാണ്‌ അറിയിച്ചിരുന്നെങ്കിലും കോടതി മുറിയില്‍ വൈദ്യുതി തടസം ഉണ്ടായതിനാല്‍ 1.30 തോടെയാണ്‌ ശിക്ഷാവിധി ഉണ്ടായത്‌.
സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച എട്ട്‌ കുറ്റങ്ങളും തെളിഞ്ഞിരുന്നു. സല്‍മാന്‌ ഡ്രൈവിംഗ്‌ ലൈസന്‍സില്ലായിരുന്നുവെന്നും കോടതി കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 304(2) മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, 279 അശ്രദ്ധമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കല്‍, 337 ജീവന്‍ അപകടത്തിലാക്കുംവിധം മുറിവുണ്ടാക്കല്‍, 338 ഗുരുതരമായി മുറിവുവരുത്തുക, 427 പൊതുസ്വത്ത്‌ നശിപ്പിക്കും വിധമുള്ള കുറ്റം, മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് സെക്ഷന്‍ 34 എയും ബിയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, 181 ചട്ടം ലംഘിച്ച്‌ വാഹനം ഓടിക്കല്‍, 185 മദ്യപിച്ച്‌ അമിത വേഗതയില്‍ വാഹനമോടിക്കല്‍ എന്നിവ പ്രകാരമാണ്‌ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്‌.
2002 സെപ്‌റ്റംബര്‍ എട്ടിനാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്‌ ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക്‌ ഇടിച്ച്‌ കയറുകയായിരുന്നു. നടപ്പാതയില്‍ കിടക്കുകയായിരുന്ന അഞ്ചു പേരുടെ മേല്‍ കാര്‍ ഇടിച്ചു കയറി. ഇതില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക്‌ പരുക്ക്‌ പറ്റുകയും ചെയ്‌തു.
ഇരുപത്തിയേഴ്‌ പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയേയും കേസില്‍ വിചാരണ ചെയ്‌തു. വിചാരണ സമയത്ത്‌ ജഡ്‌ജി ദേശ്‌പാണ്ഡെ 419 ചോദ്യങ്ങള്‍ സല്‍മാന്‍ ഖാനോട്‌ ഉന്നയിച്ചിരുന്നു. അതേസമയം, കാര്‍ ഓടിച്ചത്‌ സല്‍മാന്‍ തന്നെയാണെന്ന്‌ സംഭവസമയത്ത്‌ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനും പോലീസ്‌ കോണ്‍സ്‌റ്റബിളുമായ രവീന്ദ്ര പാട്ടീല്‍ അടക്കമുള്ളവര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ്‌ സല്‍മാനെതിരായ പ്രധാന തെളിവ്‌. എന്നാല്‍ കഴിഞ്ഞ 20ന്‌ സല്‍മാന്റെ ഡ്രൈവര്‍ എത്തി താനാണ്‌ വാഹനം ഓടിച്ചതെന്ന്‌ മൊഴി നല്‍കിയിരുന്നു.

കേസ്‌ വാദം നടന്ന്‌ 13 വര്‍ഷത്തിന്‌ ശേഷമാണ്‌ സല്‍മാന്റെ ഡ്രൈവര്‍ മൊഴി നല്‍കുന്നത്‌. എന്തുകൊണ്ട്‌ ഇത്രയും കാലം മൊഴി നല്‍കിയില്ല എന്ന കോടതിയുടെ ചോദ്യത്തിന്‌ കാര്യത്തിന്റെ ഗൗരവും ഇപ്പോഴാണ്‌ ബോധ്യപ്പെട്ടതെന്നും സല്‍മാന്റെ കുടുംബം പറഞ്ഞതിനാലാണ്‌ താന്‍ ഇപ്പോള്‍ മൊഴി നല്‍കുന്നതെന്നും ഡ്രൈവര്‍ പറഞ്ഞിരുന്നു. സംഭവദിവസം ബാറില്‍ പോയിരുന്നെങ്കിലും ആരോഗ്യം ശ്രദ്ധിക്കുന്നതിനാല്‍ വെള്ളം മാത്രമാണ്‌ കുടിച്ചതെന്ന്‌ സല്‍മാനും മൊഴി നല്‍കി. വാഹനത്തിന്റെ ടയര്‍ ഊരിപ്പോയതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ സല്‍മാന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇത്തരം വാദങ്ങളെല്ലാം തള്ളിയാണ്‌ കോടതി സല്‍മാന്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌

Post a Comment

0 Comments

CLOSE ADS


CLOSE ADS