തിരുവനന്തപുരം: തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷ് പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂരില്‍വച്ച് കേരള - കര്‍ണാടക - ആന്ധ്ര പൊലീസിന്റെ സംയുക്ത സംഘമാണു പിടികൂടിയത്. രൂപേഷിനൊപ്പം ഭാര്യ ഷൈനയടക്കം അഞ്ചു പേരെയും കസ്റ്റഡിയിലെടുത്തു.
മാവോയിസ്റ്റ് നേതാവ് ഈശ്വറും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യംചെയ്യുകയാണ്. കോയമ്പത്തൂരിനടുത്തു കരുമറ്റംപെട്ടി എന്ന സ്ഥലത്തു രഹസ്യയോഗം ചേരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ഇവരെ പിടികൂടുന്നത്.
കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിച്ചിരുന്ന വ്യക്തിയായിരുന്നു രൂപേഷ്. മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പൊലീസ് രൂപേഷിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2008ലാണു രൂപേഷ് ഒളിവില്‍പ്പോയത്. നിരവധി തവണ പൊലീസിന്റെ കൈയില്‍നിന്നു തലനാരിഴയ്ക്കു രൂപേഷ് രക്ഷപ്പെടുകയായിരുന്നു.
കേരള പൊലീസിന്റെ ചരിത്രത്തിലെ നല്ല വാര്‍ത്തകളിലൊന്ന് : ആഭ്യന്തര മന്ത്രി
കേരള പൊലീസിന്റെ ചരിത്രത്തിലെ നല്ല വാര്‍ത്തകളിലൊന്നാണ് രൂപേഷിന്റെ അറസ്റ്റെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെ കേരളത്തിലെ മാവോയിസ്റ്റ് നീക്കത്തിന് കനത്ത തിരിച്ചടിയാണെന്നും ചെന്നിത്തല പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുമായി ഒന്നിച്ചു നടത്തിയ ഓപ്പറേഷന്റെ ഫലമാണിത്. ആഴ്ചകളായി ഇവരുടെ നീക്കം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേരളത്തിലെ കേസുകള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ആലോചനകള്‍ നടക്കുകയാണ്. കേരള പൊലീസിനു കൈമാറുമോയെന്ന ചോദ്യത്തിന്, ഇപ്പോള്‍ അതിനുള്ള രൂപമായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. - See more at: http://www.asianetnews.tv/news/article/26968_maoist-rupesh#sthash.znGnOuny.dpuf
0 Comments