Subscribe Us

ഇന്ത്യയുമായി 'സ്വര്‍ണക്കൂട്ടിന്' ചൈന

*കടലിലെ അമൂല്യവസ്തുക്കളുടെ ഖനനത്തിന് സഹായിക്കാമെന്ന് വാഗ്ദാനം


ബെയ്ജിങ്:
 ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ ഖനനം ചെയ്‌തെടുക്കുന്നതിന് സഹായിക്കാമെന്ന് ചൈന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനാ സന്ദര്‍ശനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് വാഗ്ദാനം.
ചൈനയുടെ 'ജിയാവോലോങ്' എന്ന അന്തര്‍വാഹിനി നടത്തിയ പര്യവേഷണത്തില്‍ ഈ മേഖലയില്‍ സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള ധാതുക്കളുടെ വന്‍ ശേഖരമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ഇന്ത്യയോടൊപ്പം ഖനനം നടത്താന്‍ അതീവ താത്പര്യമുണ്ടെന്ന് ചൈനയിലെ സമുദ്ര ധാതുവിഭവ പര്യവേഷണ അസോസിയേഷന്‍ വ്യക്തമാക്കി. പരസ്പരം സഹകരിച്ചാല്‍ നേട്ടവും ചെലവും അപകടസാധ്യതയും പങ്കിട്ടെടുക്കാമെന്ന് സമുദ്രപഠന വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ചെന്‍ ലിയാസെങ്ങും പറഞ്ഞു.
ഇതിനുമുമ്പുതന്നെ ജിയാവൊലോങ് അന്തര്‍വാഹിനി മേഖലയില്‍ 118 ദിവസം നീണ്ട പര്യവേഷണം നടത്തിയിരുന്നു. മാര്‍ച്ചില്‍ മാത്രം 13 തവണ കടലിന്റെ അടിത്തട്ടിലെത്തി പഠനം നടത്തി. 700 സാമ്പിളും ശേഖരിച്ചു. ഇതില്‍ നിന്നാണ് അമൂല്യ വസ്തുക്കളുടെ ശേഖരമുണ്ടെന്ന് കണ്ടെത്തിയത്. മെയ് 13-ന് തുടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുെട ചൈനാ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഖനനം സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ.
കനത്ത ചെലവ്,
അപകടസാധ്യത
സമുദ്രത്തിന്റെ അടിത്തട്ടില്‍ ഖനനം നടത്തുന്നതിന് ഭാരിച്ച ചെലവാണ് ദൗത്യത്തില്‍ നിന്ന് മിക്ക രാജ്യങ്ങളെയും പിന്തിരിപ്പിക്കുന്നത്. ഒരു ഖനനമേഖലയ്ക്ക് മാത്രം 160 കോടി ഡോളര്‍ ( ഏകദേശം 10,200 കോടി രൂപ) ചെലവ് വരും. ഇതിനുപുറമേ, ഖനനത്തിലൂടെയുണ്ടാകുന്ന ഹൈഡ്രോ തെര്‍മല്‍ സള്‍ഫൈഡ് എന്ന വിഷമാലിന്യം ദൗത്യത്തിലേര്‍പ്പെടുന്നവരുടെ മരണത്തിന് വരെ കാരണമായേക്കാം. കടല്‍ജീവികളുടെ നാശത്തിനിടയാക്കുന്നതുള്‍പ്പെടെ വന്‍ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നും ചില പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആഴക്കടലിലെ നിധിശേഖരം
* സ്വര്‍ണം, വെള്ളി, ചെമ്പ്, വജ്രം, മാംഗനീസ്, കൊബാള്‍ട്ട്, സിങ്ക് തുടങ്ങിയവയാണ് കടലിന്റെ അടിത്തട്ടില്‍ നിന്ന് ഖനനം ചെയ്യാന്‍ കഴിയുന്ന പ്രധാന ധാതുക്കള്‍
* ഇവ കണ്ടെത്തുന്നതിന് 1960-'84 കാലഘട്ടത്തില്‍ 65 കോടി ഡോളര്‍ (ഏകദേശം 4,100 കോടി രൂപ)ലോകരാജ്യങ്ങള്‍ ചെലവഴിച്ചു. എന്നാല്‍, പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.
* ദക്ഷിണ പസഫിക് സമുദ്ര തീരത്തെ പാപ്പുവ ന്യൂഗിനിയയ്ക്ക് സമീപമുള്ള സോള്‍വാര പ്രോജക്ട് ആണ് അടുത്തകാലത്ത് പ്രതീക്ഷ നല്‍കിയ പദ്ധതി. എന്നാല്‍, സര്‍ക്കാറും കരാറേറ്റെടുത്തവരും തമ്മിലുള്ള തര്‍ക്കം മൂലം ഇതുവരെ ഖനനം തുടങ്ങാനായില്ല.
* ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 10,000 കിലോമീറ്റര്‍ മേഖലയില്‍ ഖനനം നടത്തുന്നതിന് അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.
* ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ 10,000 ചതുരശ്ര കിലോമീറ്ററില്‍ 15 വര്‍ഷത്തേക്ക് ഖനനത്തിന് ചൈനയ്ക്ക് 2012-ല്‍ അന്താരാഷ്ട്ര സമുദ്ര അടിത്തട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു.
* കിഴക്കന്‍ ശാന്തസമുദ്രത്തിലെ 75,000 ചതുശ്ര കിലോമീറ്ററില്‍ ഖനനത്തിനും ചൈനയ്ക്ക് അനുമതിയുണ്ട്. എന്നാല്‍, രണ്ടിടത്തും തുടങ്ങിയിട്ടില്ല.

Post a Comment

0 Comments

CLOSE ADS


CLOSE ADS