ഇതുവരെ ആത്മാർഥ സുഹൃത്തുക്കൾ, ഇനിയിവൾ എന്റെ ആത്മാവിന്റെ നല്ലപാതി. ഇതിലും നല്ലൊരാളെ എനിക്കിനി കിട്ടാനില്ല... മേയ് മൂന്നിന് ഇന്ത്യൻ താരം രോഹിത് ശർമയുടെ ട്വിറ്റർ സന്ദേശം ഇങ്ങനെയായിരുന്നു. ഒപ്പമൊരു ഫോട്ടോയും-നിറചിരിയുമായി നിൽക്കുന്ന രോഹിത്തിനൊപ്പം ഒരു വെളുത്തുമെലിഞ്ഞ സുന്ദരി, കക്ഷിയുടെ കൈവിരലിലൊരു മോതിരവും. ആറു വർഷമായി പരിചയത്തിലിരിക്കുന്ന സുഹൃത്തുമൊത്തുള്ള എൻഗേജ്മെന്റ് വിശേഷം ലോകത്തെ അറിയിച്ചതായിരുന്നു രോഹിത്. പെൺകുട്ടിയുടെ പേര് റിഥിക സജ്ദേ. ഏപ്രിൽ 28നായിരുന്നത്രേ രോഹിത് റിഥികയെ പ്രപ്പോസ് ചെയ്തത്. അതും മുംബൈയിലെ ബോറിവ്ലി സ്പോർട്സ് ക്ലബിലെ ക്രിക്കറ്റ് മൈതാനത്ത്, അർധരാത്രിയിൽ!
പതിനൊന്നാം വയസ്സിൽ രോഹിത് ക്രിക്കറ്റ് പരിശീലനത്തിന്റെ ഇന്നിങ്സ് തുടങ്ങുന്നത് ഈ ക്ലബിൽ വച്ചായിരുന്നു. റിഥികയെ പരിചയപ്പെടുന്നതും ഇവിടെ വച്ചു തന്നെ. പിന്നീട് രോഹിത്തിന്റെ സ്പോർട്സ് ഇവന്റ്സുകളുടെ മാനേജരും ഇരുപത്തിയെട്ടുകാരിയായ റിഥികയായിരുന്നു. ഏപ്രിൽ 30നായിരുന്നു രോഹിത് ശർമയുടെ 28—ാം പിറന്നാൾ. അതിനും രണ്ടു ദിവസം മുൻപ് രാജസ്ഥാൻ റോയൽസുമായുള്ള മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ മത്സരം നടക്കുന്ന സമയം. അന്നായിരുന്നു അപ്രതീക്ഷിതമായി റിഥികയുമൊത്ത് രോഹിത് ക്ലബിലെത്തിയത്. അവിടെവച്ചു പ്രപ്പോസലും നടന്നു. ഒരാഴ്ചയോളം ഈ വാർത്ത ഇരുവരും ആരെയുമറിയിക്കാതെ വച്ചു. ഒടുവിൽ ചിലരൊക്കെ റിഥികയുടെ മോതിരം കണ്ട് സംശയം പ്രകടിപ്പിച്ചതോടെയായിരുന്നു രോഹിത്തിന്റെ എൻഗേജ്മെന്റ് ട്വീറ്റെത്തിയത്.
ഫോട്ടോ ട്വീറ്റു ചെയ്തതിനു തൊട്ടുപിറകെ അഭിനന്ദന സന്ദേശങ്ങളുമൊഴുകി, ആദ്യം സന്തോഷമറിയിച്ചത് സ്റ്റാർ ബാറ്റ്സ്മേൻ യുവ്രാജ് സിങ് തന്നെ. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നിലവിൽ രോഹിത് ശർമയുടെ പേരിലാണ്. ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയുമായി നടന്ന മത്സരത്തിൽ 264 റൺസാണ് ഈ വലംകൈയ്യൻ ബാറ്റ്സ്മേൻ അടിച്ചെടുത്തത്. കഴിഞ്ഞ വർഷം ടൈം മാഗസിൻ പുറത്തിറക്കിയ 50 ‘മോസ്റ്റ് ഡിസൈറബിൾ മെൻ’ പട്ടികയിൽ 21—ാം സ്ഥാനത്തുണ്ടായിരുന്നു രോഹിത്. ബ്രിട്ടിഷ് നടിയും മോഡലുമായ സോഫിയ ഹയാത്ത് ഉൾപ്പെടെയുള്ള സുന്ദരിമാരെച്ചേർത്തും കുറേ ഗോസിപ്പിറങ്ങിയിട്ടുണ്ട് കക്ഷിയെപ്പറ്റി. എല്ലാറ്റിനും എന്തായാലും ഇതോടെ വിരാമം.
0 Comments