Subscribe Us

നാം എത്ര സുരക്ഷിതര്‍  



ഒരു അണുബോംബാണ്‌ ഹിരോഷിമയെ തകര്‍ത്തു തരിപ്പണമാക്കിയതെങ്കില്‍ ഏകദേശം 900 അണുബോംബുകള്‍ വീഴുന്നതിനു തുല്യമായ ഊര്‍ജപ്രവാഹമാണു കഴിഞ്ഞദിവസം നേപ്പാളിനെയും ഹിമാലയ പര്‍വതമേഖലയെയും ഉത്തരേന്ത്യയെയും വിറപ്പിച്ചത്‌.
ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന റിക്‌ടര്‍ സ്‌കെയിലില്‍ ഓരോ യൂണിറ്റിന്റെ വ്യത്യാസവും 10 മടങ്ങ്‌ ശക്‌തിയെ സൂചിപ്പിക്കുന്നു. അതായത്‌ റിക്‌ടര്‍ സ്‌കെയിലില്‍ ഓരോ യൂണിറ്റ്‌ കൂടുമ്പോഴും ഭൂകമ്പത്തിന്റെ ആയതി (amplitude) പത്തുമടങ്ങാണു വ്യത്യാസപ്പെടുന്നത്‌. 

എന്നാല്‍, ഊര്‍ജപ്രവാഹത്തിലുണ്ടാകുന്ന വ്യത്യാസം 30 മടങ്ങാണ്‌. അതായത്‌ റിക്‌ടര്‍ സ്‌കെയിലില്‍ ആറ്‌ രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ 30 ഇരട്ടിയോളം വരും ഏഴ്‌ രേഖപ്പെടുത്തുന്ന ഭൂകമ്പത്തില്‍ നിന്നുള്ള ഊര്‍ജം. ആറ്‌ രേഖപ്പെടുത്തുന്ന ഭൂമികുലുക്കത്തെ ഹിരോഷിമയില്‍ വീണ അണുബോംബിനോടാണു ശാസ്‌ത്രജ്‌ഞര്‍ സാധാരണയായി താരതമ്യപ്പെടുത്തുന്നത്‌. നേപ്പാള്‍ ഭൂകമ്പത്തിന്റെ തീവ്രത 7.9 ആണ്‌. അതായത്‌ ഏകദേശം തൊള്ളായിരത്തോളം അണുബോംബുകളില്‍ നിന്നുള്ള ഊര്‍ജപ്രവാഹത്തിനു തുല്യം!

ഭൂഖണ്ഡ അതിരുകളും  പര്‍വതനിരകളും
  
ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും അടിയില്‍ ഭൌമപാളികളുണ്ട്‌. നിരന്തരമായി ചലിക്കുന്ന ഇവ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ വക്കുകള്‍ മടങ്ങിയും ചുളുങ്ങിയുമൊക്കെ വിവിധതരം പര്‍വതങ്ങള്‍ രൂപംകൊള്ളും. പ്രധാനപ്പെട്ട പര്‍വതനിരകളെല്ലാം കാണപ്പെടുന്നതു ഭൂഖണ്ഡങ്ങളുടെ അതിരുകളിലാണ്‌. ഇവിടെയാണു ഭൌമപാളികളുടെ കൂട്ടിമുട്ടലിനു സാധ്യതകൂടുതല്‍ എന്നതുതന്നെ കാരണം. 

ഭൂഖണ്ഡങ്ങളെ വഹിക്കുന്ന വമ്പന്‍ പാളികള്‍ അടുത്തടുത്തു വരുമ്പോള്‍ അവ അടിത്തട്ടിലെ പാളികളെ ഞെരുക്കി മടക്കുകളായി ഉയര്‍ത്തും. ഇങ്ങനെ രൂപംകൊള്ളുന്നവയാണു മടക്കുപര്‍വതങ്ങള്‍. ഹിമാലയം അത്തരമൊരു പര്‍വതമാണ്‌. 
50 ദശലക്ഷം വര്‍ഷം മുന്‍പ്‌ ഇന്ത്യന്‍ ഭൌമപാളിയും യൂറേഷ്യന്‍ ഭൌമപാളിയും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ നിന്നാണു ഹിമാലയം രൂപപ്പെട്ടത്‌. ഇപ്പോഴും ഒരുവര്‍ഷം അഞ്ചു സെന്റീമീറ്റര്‍ എന്ന വേഗത്തില്‍ ഈ പാളികള്‍ ചലിക്കുന്നു. പരസ്‌പരം കൂട്ടിയിടിക്കുന്നു. 

ഭൂകമ്പ സാധ്യതയുള്ള ഹിമാലയമേഖല 

ഹിമാലയ പര്‍വതമേഖലയില്‍ എന്നും ഭൂകമ്പങ്ങള്‍ക്കു സാധ്യതയുണ്ട്‌. 1897നും 1950നും മധ്യേ ഇവിടെ റിക്‌ടര്‍ സ്‌കെയിലില്‍ എട്ടും അതിലധികവും രേഖപ്പെടുത്തിയ നാലു ഭൂകമ്പങ്ങളാണ്‌ ഉണ്ടായത്‌. ഷില്ലോങ്‌ (1897), കാംഗ്ര (1905), ബിഹാര്‍~നേപ്പാള്‍ (1934), അസം~ചൈന (1950) എന്നിവയാണ്‌ അവ. 

ഇത്രയും തീവ്രതയുള്ള ഭൂകമ്പങ്ങള്‍ പിന്നീട്‌ ഉണ്ടായിട്ടില്ല. എന്നാല്‍, ഈ ഭാഗത്ത്‌ ഭൌമപാളിയില്‍ കടുത്തസമ്മര്‍ദം ഉരുണ്ടുകൂടുന്നുണ്ടെന്ന നിഗമനത്തില്‍ ഭൌമശാസ്‌ത്രജ്‌ഞര്‍ ഒട്ടേറെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. 

ഇന്ത്യന്‍ ഭൌമപാളിയുടെ കിഴക്കന്‍ അതിരായ മ്യാന്‍മര്‍ മുതല്‍ ഹിമാലയം കടന്നു പാക്കിസ്‌ഥാന്‍ വഴി പടിഞ്ഞാറന്‍ അതിര്‍ത്തിയായ അഫ്‌ഗാനിസ്‌ഥാന്‍ വരെയുള്ള മേഖല റിക്‌ടര്‍ സ്‌കെയിലില്‍ എട്ടിലേറെ പ്രഹരശേഷി രേഖപ്പെടുത്താവുന്ന ഭൂകമ്പത്തിനു സാധ്യതയുള്ളതാണെന്ന നിഗമനങ്ങള്‍ ശരിവയ്ക്കുന്നതാണ്‌ നേപ്പാളിനെയും ഉത്തരേന്ത്യയെയും പിടിച്ചുകുലുക്കിയ ഭൂകമ്പം. 

ഭൂകമ്പത്തിന്റെ തീവ്രത അനുസരിച്ച്‌ ഇന്ത്യയെ സോണ്‍ രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌ എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചിട്ടുണ്ട്‌. സോണ്‍ രണ്ടാണ്‌ ഏറ്റവും സുരക്ഷിതമായ സ്‌ഥലം. സോണ്‍ അഞ്ച്‌ അതിശക്‌തമായ ഭൂകമ്പത്തിന്‌ എപ്പോഴും സാധ്യതയുള്ള സ്‌ഥലം. നേപ്പാളും ഹിമാലയ പര്‍വതവും സോണ്‍ അഞ്ചില്‍ ഉള്‍പ്പെടും. കേരളം സോണ്‍ മൂന്നിലാണ്‌.

പ്രതിരോധം: വേണ്ടത്‌  മുന്‍കരുതല്‍ 

ഭൂകമ്പം മിക്കപ്പോഴും പ്രവചനങ്ങള്‍ക്ക്‌ അതീതമാണ്‌. ഭൂകമ്പത്തിന്റെ സംഹാരശക്‌തിയെ പ്രതിരോധിക്കുക എന്നതുമാത്രമാണു മാര്‍ഗം. ഭൂകമ്പം ആരെയും കൊല്ലുന്നില്ല. മറിച്ചു കെട്ടിടങ്ങളും പാലങ്ങളും വീടുകളും മതിലുകളും മറിഞ്ഞുവീണാണു ദുരന്തം സംഭവിക്കുന്നത്‌. ഇവിടെയാണു മുന്‍കരുതല്‍ നടപടികള്‍ക്കു പ്രസക്‌തിയേറുന്നത്‌. റിക്‌ടര്‍ സ്‌കെയിലില്‍ ഒന്‍പതു രേഖപ്പെടുത്തിയ, 2011ലെ ജപ്പാന്‍ ഭൂകമ്പത്തില്‍ മരിച്ചത്‌ 20,000 പേരാണ്‌. എന്നാല്‍ തീവ്രത ഏഴ്‌ രേഖപ്പെടുത്തിയ 2010ലെ ഹെയ്‌ത്തി ഭൂമികുലുക്കത്തില്‍ മരിച്ചതു മൂന്നു ലക്ഷത്തോളം പേരും! ഭൂകമ്പസാധ്യത വിലയിരുത്തി എടുത്ത നടപടികളാണു ജപ്പാനെ തുണച്ചതെന്നര്‍ഥം.

ഭൂകമ്പത്തിന്റെ തീവ്രത അനുസരിച്ചു സോണ്‍ നാലും അഞ്ചും ഉള്‍പ്പെടുന്ന സംസ്‌ഥാനങ്ങളിലെ പ്രധാനകെട്ടിടങ്ങളെല്ലാം ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ കഴിവുള്ളവയാണോ എന്നു പരിശോധിക്കണം. തുടക്കമെന്ന നിലയില്‍ ആശുപത്രികള്‍, സ്‌കൂളുകള്‍, പൊലീസ്‌ സ്‌റ്റേഷനുകള്‍, അഗ്നിശമനസേനാ സ്‌റ്റേഷനുകള്‍ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കണം. തകര്‍ച്ചാസാധ്യത തിരിച്ചറിയാന്‍ റാപ്പിഡ്‌ വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാം. പഴയകെട്ടിടങ്ങള്‍ പൊളിച്ചുപണിയണം. ഭൂകമ്പങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും ദുരന്തസ്‌ഥലത്തെ സുരക്ഷാനടപടികളെക്കുറിച്ചും മറ്റും നമ്മുടെ കുട്ടികളെ സ്‌കൂള്‍തലത്തില്‍ ബോധവാന്‍മാരാക്കുകയാണ്‌ അടുത്തപടി. അവര്‍ തങ്ങളുടെ വീടുകളില്‍ ഇത്തരം അറിവുകള്‍ പങ്കുവയ്ക്കട്ടെ.

ആവര്‍ത്തിക്കപ്പെട്ടാല്‍  ചെയ്യേണ്ടതെന്ത്‌   

മുന്‍കാലങ്ങളിലുണ്ടായ ഭൂകമ്പങ്ങള്‍ വീണ്ടും അതേസ്‌ഥലത്ത്‌ ആവര്‍ത്തിക്കപ്പെട്ടാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന്‌ ഉത്തരം തേടുകയാണു മറ്റൊരുമാര്‍ഗം. 1905ലെ കാംഗ്ര ഭൂകമ്പം 2013 ഫെബ്രുവരിയിലും 1897ലെ ഷില്ലോങ്‌ ഭൂകമ്പം 2014 മാര്‍ച്ചിലും ‘ആവര്‍ത്തിച്ചു എന്ന നിഗമനത്തില്‍ ഇത്തരമൊരു പഠനം ശാസ്‌ത്രജ്‌ഞര്‍ നടത്തി. ജനസംഖ്യ, ജനസാന്ദ്രത, കെട്ടിടങ്ങളുടെ ഗുണനിലവാരം തുടങ്ങിയ അളവുകോലുകളാണു സ്വീകരിച്ചത്‌. 

പഞ്ചാബ്‌, ഹരിയാന, ഹിമാചല്‍പ്രദേശ്‌, ചണ്ഡീഗഡ്‌ എന്നിവിടങ്ങളിലാണ്‌ 1905ലെ കാംഗ്ര ഭൂകമ്പം പുനരാവിഷ്‌കരിച്ചത്‌. അര്‍ധരാത്രിയിലാണ്‌ അത്തരമൊരു ഭൂകമ്പം ഉണ്ടായതെങ്കില്‍, ഏകദേശം 10 ലക്ഷത്തോളം പേര്‍ മരിക്കും എന്നായിരുന്നു പഠനഫലം! 

ഞെട്ടിക്കുന്ന ഈ വാര്‍ത്ത അതതു സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും ശാസ്‌ത്രജ്‌ഞര്‍ കൈമാറി. തുടര്‍നടപടികള്‍ക്കു നിര്‍ദേശവും നല്‍കി. അതിന്റെ അടിസ്‌ഥാനത്തില്‍, 2013 ഫെബ്രുവരി 13ന്‌ ഒരു മെഗാ മോക്‌ഡ്രില്ലും സംഘടിപ്പിച്ചു. എട്ട്‌ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ 2014 മാര്‍ച്ചില്‍ സമാനമായ പഠനം നടത്തി. 1897ലെ ഷില്ലോങ്‌ ഭൂകമ്പം ആവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ അവിടെ തേടിയത്‌.

ഒരു ഭൂകമ്പം ഉണ്ടാകുമ്പോള്‍ തുറസ്സായ സ്‌ഥലത്തേക്കു മാറണം എന്ന്‌ എല്ലാവര്‍ക്കും അറിയാം. നാം ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും വീട്ടിലും ഓഫിസിലും സ്‌കൂളിലും കോളജിലുമൊക്കെയാണു ചെലവഴിക്കുന്നത്‌. ഇതുവായിക്കുന്ന ഈ നിമിഷത്തില്‍, ഇരിക്കുന്ന സ്‌ഥലം കുലുങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ എങ്ങോട്ട്‌ ഓടിമാറും. ആ കെട്ടിടങ്ങള്‍ എത്രകൊല്ലം പഴക്കമുള്ളവ  ഈ ചോദ്യത്തിനുള്ള ഉത്തരംതന്നെയാണു ഭൂകമ്പത്തിനെതിരെയുള്ള ഏറ്റവും വലിയ മുന്‍കരുതല്‍ നടപടി.


(ഹൈദരാബാദിലെ നാഷനല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ പ്രഫ. ഹര്‍ഷ്‌ ഗുപ്‌ത ജിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ അധ്യക്ഷനും അറ്റോമിക്‌ എനര്‍ജി റെഗുലേറ്ററി ബോര്‍ഡ്‌ അംഗവുമാണ്‌. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭൂകമ്പ വിശകലന വിദഗ്‌ധരില്‍ ഒരാളാണ്‌ ഇദ്ദേഹം )

Post a Comment

0 Comments

CLOSE ADS


CLOSE ADS