Subscribe Us

വരുന്നു... മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം

ഒരുങ്ങിക്കോളൂ...ബ്രഹ്മാണ്ഡ സിനിമ എന്ന് എല്ലാ അർഥത്തിലും വിളിക്കാവുന്ന ഒരു മലയാള സിനിമയെ വരവേൽക്കാൻ. മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ് ബഡ്ജറ്റ് ചിത്രവുമായി സൂപ്പർസ്റ്റാർ മോഹൻലാലും സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖും എത്തുന്നു. ഏറെ ഉൗഹാപോഹങ്ങൾക്കൊടുവിൽ പുലിമുരുകൻ എന്ന സ്വപ്ന സിനിമ യാഥാർഥ്യമാവുകയാണ്.
മോഹൻലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലെതെന്ന് സംവിധായകൻ വൈശാഖ് ഉറപ്പു പറയുന്നു. അത്രയും ശക്തമായ കഥാപാത്രം. ഒരു ഹെവി മാസ് ക്യാരക്ടർ ആയിരിക്കും മോഹൻലാൽ പുലിമുരുകനിൽ അവതരിപ്പിക്കുക. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള കായികമായ ഒരുപാട് കാര്യങ്ങൾ മോഹൻലാൽ സിനിമയിൽ ചെയ്യുന്നുണ്ട്.
പ്രഭു ഉൾപ്പടെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയ്ക്കായി മോഹൻലാൽ ഇതുവരെ ആറുകിലോ കുറച്ചെന്നും ഈ കഥാപാത്രത്തിന് പിന്നിൽ ഒരു വലിയ സസ്പൻസ് ഉണ്ടെന്നും വൈശാഖ് പറയുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ജൂൺ പകുതിയോടെ വിയറ്റ്നാമിൽ ആരംഭിക്കും. നല്ല കാലവസ്ഥയും മറ്റ് അനുയോജ്യമായ സാഹചര്യങ്ങളും ജൂണിൽ ലഭിക്കുമെന്നതിനാലാണ് അവർ അപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ശിവാജി, അന്യൻ, യന്തിരൻ, എെ പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷൻ കൈകാര്യം ചെയ്ത, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ ആണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടർ. ചിത്രത്തിന്റെ കഥയും അതിലെ നായകകഥാപാത്രത്തെ മോഹൻലാൽ എങ്ങനെ അവതരിപ്പിക്കും എന്ന ആകാംക്ഷയുമാണ് പീറ്റർ ഹെയ്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചതെന്ന് സംവിധായകൻ വൈശാഖ് പറയുന്നു.
അതിസാഹസിക രംഗങ്ങൾക്കും ആക്ഷനും ഒരേപോലെ പ്രാധാന്യമുള്ള ചിത്രത്തിൽ പീറ്റർ ഹെയ്ന്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടിയും ചിത്രീകരണം നീട്ടിവക്കേണ്ടി വന്നെന്ന് വൈശാഖ് പറയുന്നു. പുലിമുരുകന്റെ ആക്ഷൻ രംഗങ്ങളുടെ പണിപ്പുരയിലാണ് ഹെയ്ൻ ഇപ്പോൾ. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മോഹൻലാലും കഥാപാത്രത്തിനായി കായികമായി തയ്യാറെടുക്കുകയാണ്. തമിഴിലും തെലുങ്കിലും അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന അദ്ദേഹം ഈ സിനിമയിൽ സഹകരിക്കാൻ തീരുമാനിച്ചതു കഥയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് വൈശാഖ് പറഞ്ഞു.
പോക്കിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിർമാതാവ് ടോമിച്ചൻ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ—സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Post a Comment

0 Comments

CLOSE ADS


CLOSE ADS