Subscribe Us

ആഘോഷങ്ങളില്ലാതെ സോണി എക്‌സ്പീരിയ സെഡ്4

മെച്ചപ്പെടുത്തിയ വാട്ടര്‍പ്രൂഫ് സംവിധാനത്തോടു കൂടിയാണ് എക്‌സ്പീരിയ സെഡ്4 ന്റെ വരവ് 


പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം, ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ച, ദിവസങ്ങള്‍ക്ക് മുമ്പേ തുടങ്ങുന്ന ഊഹാപോഹ വാര്‍ത്തകള്‍... കൊട്ടും കുരവയോടെയുമാണ് മുന്‍നിര മൊബൈല്‍ കമ്പനികളുടെ പുത്തന്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങാറ്. ആപ്പിള്‍ ഐഫോണ്‍ 6 ന്റെയും സാംസങ് ഗാലക്‌സി എസ് 6 ന്റെയും ലോഞ്ചിങ് ഓര്‍ത്തുനോക്കുക. ആപ്പിള്‍ ഐഫോണ്‍ 6 സ്വന്തമാക്കിയ ആദ്യ മലയാളിയെക്കുറിച്ചുള്ള ഫോട്ടോസഹിതമുള്ള വാര്‍ത്ത പോലും നമ്മുടെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 

ഇതില്‍നിന്നൊക്കെ വിഭിന്നമായാണ് സോണി തങ്ങളുടെ മുന്‍നിര മോഡലായ എക്‌സ്പീരിയ എസ്3 യുടെ പുതിയ വെര്‍ഷന്‍ അവതരിപ്പിച്ചത്. എക്‌സ്പീരിയ സെഡ്4 എന്ന് പേരിട്ടിരിക്കുന്ന ഫോണിനെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും തങ്ങളുടെ ജപ്പാനീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയല്ലാതെ മറ്റ് യാതൊരു പി.ആര്‍. അഭ്യാസങ്ങള്‍ക്കും കമ്പനി താത്പര്യമെടുത്തില്ല. 

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ തീരെ പിന്നിലായിപ്പേയതുകൊണ്ടാകാം സോണി ഇക്കാര്യങ്ങളിലൊക്കെ ഉദാസീന സമീപനം പുലര്‍ത്തുന്നത്. ആപ്പിളിനും സാംസങിനും വാവേയ്ക്കും ലെനോവേയ്ക്കും എല്‍.ജിക്കും ഷവോമിക്കും പുറകിലാണ് സ്മാര്‍ട്‌ഫോണ്‍ കച്ചവടത്തില്‍ സോണിയുടെ സ്ഥാനം. നഷ്ടം പെരുകിയതോടെ സോണി സ്മാര്‍ട്‌ഫോണ്‍ നിര്‍മാണത്തില്‍ നിന്ന് പിന്തിരിയുകയാണെന്ന വാര്‍ത്തകള്‍ പോലും വന്നു. അതിനൊക്കെയിടയിലാണ് എക്‌സ്പീരിയ സെഡ്4 മായി കമ്പനി നിശബ്ദനീക്കം നടത്തുന്നത്.

വില്പനയില്‍ തരംഗം സൃഷ്ടിക്കാനായില്ലെങ്കിലും പ്രവര്‍ത്തനത്തിലും ഹാര്‍ഡ്‌വേര്‍ കരുത്തിലുമൊക്കെ മികവ് തെളിയിച്ച മോഡലായിരുന്നു സോണി സെഡ്3. സെഡ്3യുടെ ഗുണങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ സൗകര്യങ്ങളുറപ്പാക്കുന്ന ഫോണാണ് എക്‌സ്പീരിയ സെഡ്4. 

1920X1080 പിക്‌സല്‍ റിസൊല്യൂഷനുളള 5.2 ഇഞ്ച് ഹൈ-ഡെഫനിഷന്‍ സ്‌ക്രീനാണ് ഫോണിലുള്ളത്. അലൂമിനിയവും ചില്ലും കൊണ്ട് നിര്‍മിച്ച ബോഡിക്കുള്ളില്‍ 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രൊസസര്‍, മൂന്ന് ജിബി റാം, 32 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയുണ്ട്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്.

സെഡ് 3യുടെ പ്രധാന ആകര്‍ഷണമായിരുന്ന വാട്ടര്‍പ്രൂഫ് സംവിധാനം കുറച്ചുകൂടി മെച്ചമെടുത്തിയിട്ടുണ്ട് സെഡ്4 ല്‍. എത്രനേരം വെള്ളത്തില്‍ മുക്കിയിട്ടാലും ഫോണിനൊന്നും സംഭവിക്കില്ലെന്ന് സോണി അവകാശപ്പെടുന്നു. ഇത്തവണ യുഎസ്ബി പോര്‍ട്ടും വാട്ടര്‍പ്രൂഫ് ആക്കിയിരിക്കുന്നു. 

20.7 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും 5.1 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. 2930 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ 17 മണിക്കൂര്‍ സംസാരസമയമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്.

144 ഗ്രാം ഭാരമുള്ള ഫോണിന്റെ കനം 6.9 മില്ലിമീറ്റര്‍ മാത്രമാണ്. സെഡ് 3 യേക്കാള്‍ എട്ട് ഗ്രാം ഭാരക്കുറവും 0.4 മില്ലിമീറ്റര്‍ കനംകുറവുമുണ്ട് സെഡ് 4 ന്. കറുപ്പ്, വെളുപ്പ്, പച്ച, ചെമ്പ് നിറങ്ങളിലെത്തുന്ന സോണി സെഡ്4 ന് എന്ത് വില വരുമെന്ന കാര്യം സോണി സൂചന നല്‍കിയിട്ടില്ല. എന്ന് വിപണിയിലെത്തുമെന്ന കാര്യവും പരമരഹസ്യം. 

Post a Comment

0 Comments

CLOSE ADS


CLOSE ADS