Subscribe Us

ഭൂകമ്പം: മരണം 1800 കവിഞ്ഞു; 500 ലേറെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ഞായറാഴ്ച രാവിലെ വീണ്ടും തുടര്‍ചലനങ്ങള്‍
ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് വ്യോമസേനാ വിമാനങ്ങളില്‍


ന്യൂഡല്‍ഹി/കാഠ്മണ്ഡു: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വിറപ്പിച്ച് ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1800 കടന്നു. 4700 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ ശനിയാഴ്ച രാവിലെ 11.48 ഓടെ ഉണ്ടായത്. ഉത്തരേന്ത്യയിലും ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ത്യയില്‍ 51 പേര്‍ മരിക്കുകയും 237 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടിനിടെ ലോകംകണ്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്. ചൈന, പാകിസ്താന്‍, ടിബറ്റ് അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. നേപ്പാളിലെ രണ്ടാമത്തെ പ്രധാനനഗരമായ പൊഖ്‌റയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.

ഞായറാഴ്ച രാവിലെ വീണ്ടും മൂന്ന് തുടര്‍ ചലനങ്ങള്‍ ഉണ്ടായത് നേപ്പാളിലെ ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കി. ശനിയാഴ്ച രാത്രി തുറസായ സ്ഥലങ്ങളിലാണ് മിക്കവരും ചിലവഴിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ പ്രാര്‍ത്ഥനയോടെയാണ് ഭൂകമ്പത്തിന് ഇരയായവര്‍ രാത്രി കഴിച്ചുകൂട്ടിയത്. 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഹിമപാതംമൂലം എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയ പര്‍വതാരോഹകരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മോശം കാലാവസ്ഥ തടസമാകുന്നുണ്ട്. 

അതിനിടെ, നേപ്പാളില്‍നിന്ന് വ്യോമസേനാ വിമാനങ്ങളില്‍ 500 ലേറെപ്പേരെ ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഇന്ത്യയിലെത്തിച്ചു. 55 യാത്രക്കാരുമായി സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് ശനിയാഴ്ച രാത്രി 10.45 ഓടെ ആദ്യം ഇന്ത്യയിലെത്തിയത്. 101 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം അര്‍ധരാത്രിയോടെയും 152 പേരുമായി മൂന്നാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെയും ന്യൂഡല്‍ഹിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ 4.45 ഓടെ 247 പേരുമായി മറ്റൊരു വിമാനവും ഇന്ത്യയിലേക്ക് യാത്രതിരിച്ചു. പത്ത് വ്യോമസേനാ വിമാനങ്ങള്‍ ഇന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്നുണ്ട്. ശുദ്ധജലവും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കളുമായാണ് വ്യോമസേനാ വിമാനങ്ങള്‍ നേപ്പാളിലേക്ക് പോകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് വ്യോമസേനാ ഹെലിക്കോപ്റ്ററുകളും നേപ്പാളില്‍ എത്തിച്ചിട്ടുണ്ട്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS